#ദിനസരികള്‍ 206


നമസ്കാരം ഭൂതധാത്രി
തായേ പോയി വരട്ടെയോ ?
ഭൂഗോളമുറിതന്‍ താക്കോല്‍
തിരിച്ചേല്പിച്ചിടുന്നു ഞാന്‍
ഒരിക്കലും മറക്കില്ല
വെറുതെ തന്നൊരീ മുറി
അലങ്കോലപ്പെട്ടു നില
മെങ്കില്‍ നീ മാപ്പു നല്കുക
കുത്തിക്കുറിച്ചു പോയെന്തോ
വെണ്‍കളിച്ചുമരിങ്കല്‍ ഞാന്‍
വീണ്ടും വെള്ളയടിക്കുമ്പോള്‍
മായുമാ രേഖകൂടിയും
രത്നഗര്‍‌ഭേ മറക്കാ നിന്‍
മുലപ്പാലിന്റെ മാധുരി
വാത്സല്യത്തിന്‍ കടം ബാക്കി
വെച്ചു പോന്നു ധാത്രി ഞാന്‍
ആരോ വിളിക്കയാണെന്നെ
ആരോ നില്ക്കുന്നു ചന്ദ്രനില്‍
ആരോ മുദ്രകള്‍ കാട്ടുന്നി
താരോ പാടുന്നു വീണയില്‍
കണ്ണീര്‍ തുടച്ചു കൈകൂപ്പി
നില്‍ക്കൂ രാവിന്‍ പ്രസൂനമേ
ജ്യോതിര്‍മ്മയ കലാക്ഷേത്ര
കവാടങ്ങള്‍ തുറക്കയായ്  
കവി - പി കുഞ്ഞിരാമന്‍ നായര്‍ , കവിത കവിയുടെ കണ്ണൂനീര്‍.തലപൊക്കുക മേലോട്ടു നോക്കുകെങ്ങുമപാരത , വാരിപ്പുണര്‍ന്നുമ്മ വെക്കാന്‍ കാത്തു നില്ക്കുമപാരത എന്നെഴുതിയ മഹനീയമായ തൂലിക, വീടുവിട്ട് യാത്ര ചോദിച്ചിറങ്ങുന്നവന്റെ വിങ്ങലുകളെ വാങ്മയപ്പെടുത്തിയിരിക്കുന്നു.വീട് കേവലമായ വീടല്ല, വീടുവിട്ടറങ്ങള്‍ താല്കാലികമായ ഒരു യാത്രയുമല്ല.മടിയില്‍ വെച്ച് ലാളിച്ചുപോറ്റിപ്പോന്ന വിശ്വധാത്രിയോട് , പ്രപഞ്ചത്തോട്, ഒരിക്കലും തിരിച്ചുവരാത്ത അജ്ഞാതമായ ലോകത്തേക്ക് പ്രയാണമാരംഭിച്ചവനാണ് യാത്ര ചോദിക്കുന്നത്.
            സൌന്ദര്യപൂജയും , കളിയച്ഛനും , പൂമൊട്ടിന്റെ കണിയുമൊക്കെ എഴുതിയ ഇക്കവിയെ , നിത്യകന്യകയെത്തേടിയും , കവിയുടെ കാല്പാടുകളുമൊക്കെ എഴുതിയ ഈ മഹാകവിയെ നാം ഇനിയും ഇനിയും ആവര്‍ത്തിച്ച് അനുഭവിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ
                        തസ്കരത്തലവന്‍ വാഴും
                        സുധര്‍മ്മ ദ്വാരസീമയില്‍
                        വെയിലില്‍ നിര്‍ത്തിയിട്ടുണ്ടാ

                        ബാപ്പുവിന്‍ പുണ്യവിഗ്രഹം എന്നെഴുതിയ കവിയെ നമുക്കു ശരിക്കും മനസ്സിലാക്കാനാകൂ. 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍