#ദിനസരികള്‍ 205

#ദിനസരികള്‍ 205
ശൈഖ് സൈനുദ്ദീന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന പുസ്തകം, വേലായുധന്‍ പണിക്കശ്ശേരി മലയാളീകരിച്ചത് ‘കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍’ എന്ന പേരിലാണ്.അവതാരികയില്‍ ശ്രീ ഇളം കുളം കുഞ്ഞന്‍ പിള്ള സഞ്ചാരത്തിന്റെ രസികതയും ചരിത്രത്തിന്റെ സത്യസന്ധതയും ഉള്‍‌ച്ചേര്‍ന്ന ഒരു പുസ്തകമാണ് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന് സാക്ഷ്യപ്പെടുത്തുന്നത് അതിശയോക്തിയല്ലെന്ന് വായനക്കുശേഷം നാം തിരിച്ചറിയും.മതങ്ങള്‍ തമ്മിലുള്ള സവിശേഷമായ ബന്ധങ്ങളെപ്പറ്റി സൈനുദ്ദീന്‍ ഇങ്ങനെ പറയുന്നു :- ‘ഏതെങ്കിലും ഹിന്ദു ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ അക്കാരണത്താല്‍ ഒരൊറ്റ ഹിന്ദുവും അയാളെ ഉപദ്രവിക്കുകയില്ല.നേരെ മറിച്ച് അയാള്‍ എത്ര താഴ്ന്ന ജാതിയെ അംഗമായിരുന്നുവെങ്കിലും ഇസ്ലാംമതം സ്വീകരിച്ചു കഴിഞ്ഞാല്‍ മറ്റു മുസ്ലീങ്ങളോടെന്ന് പോലെ അയാളോടും മൈത്രിയില്‍ പെരുമാറുന്നു.’ ഹിന്ദു മതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളില്‍ നിന്നും ഉച്ചനീചത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി, അക്കാലത്ത് ‘ മതം മാറി മനുഷ്യനാവുക’ എന്നതായിരുന്നു.തലേദിവസം വരെ തൊട്ടുകൂടാത്തവനായി മാറ്റിനിറുത്തപ്പെട്ടിരുന്ന ചെറുമന്‍ പിറ്റേ ദിവസം മുസ്ലിമായി മാറുമ്പോള്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നുവെങ്കില്‍ അക്കാലത്തെ ജാതിമേല്‍ക്കോയ്മയുടെ ചിന്താരീതിയെക്കുറിച്ച് കൌതുകം തോന്നാതിരിക്കില്ല.
നാലുഭാഗങ്ങളും, നിരവധി അധ്യായങ്ങളുമായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ മൂന്നാം ഭാഗത്തില്‍ അന്നത്തെക്കാലത്ത് ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന വിചിത്രമായ ആചാരങ്ങളെക്കുറിച്ചാണ് പറയുന്നത്.ലോകത്തില്‍ മറ്റൊരിടത്തും കാണാത്തവയായി സൈനുദ്ദീന്‍ വിശേഷിപ്പിക്കുന്ന അത്തരം ആചാരങ്ങളില്‍ പലതും അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടുണ്ട്.രാജാവിനോടുള്ള വിധേയത്വം, യുദ്ധരീതികള്‍ ,ബന്ധുക്കള്‍ മരിച്ചാലത്തെ ആചാരങ്ങള്‍ , ദായക്രമം തുടങ്ങി അന്നത്തെ സാമൂഹികജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്നവയൊക്കെ ഈ ഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. ദായക്രമത്തില്‍ മരുമക്കത്തായമാണ് അനുവര്‍ത്തിക്കുന്ന രീതി. ഇത് അനിസ്ലാമികമാണെങ്കിലും ഇന്നാട്ടിലെ മുസ്ലിംസമൂഹവും പിന്തുടരുന്നുണ്ട്. വിവാഹക്രമത്തെക്കുറിച്ചും ലൈംഗികജീവിതത്തെക്കുറിച്ചും സൈനുദ്ദീന്‍ എഴുതുന്നുണ്ട്.താലികെട്ടുണ്ടെങ്കിലും നായന്മാരുടെ ഇടയില്‍ ശരിയായ ഒരു വിവാഹരീതിയില്ല.നായര്‍ സ്ത്രീകള്‍ക്ക് ഇഷ്ടാനുസരണം ഭര്‍ത്താക്കന്മാരെ സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയും.സഹോദരന്മാരില്‍ മൂത്ത ആള്‍ക്കു മാത്രമേ ബ്രാഹ്മണരില്‍ കല്യാണം കഴിക്കുവാന്‍ കഴിയുകയുള്ളു. ബാക്കിയുള്ളവര്‍ കാര്യസാധ്യത്തിനായി നായര്‍ സ്ത്രീകളെയാണ് ആശ്രയിക്കുക.ഇത്തരം പൂണുനൂല്‍ ധാരികളുമായുള്ള ബാന്ധവം അഭിമാനവും അന്തസ്സുമായാണ് നായര്‍ സ്ത്രീകള്‍ കരുതുന്നത്.കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തിന് യാതൊരു അവകാശവുമുണ്ടായിരിക്കുന്നതല്ല. രസിപ്പിക്കാനുള്ള വെറുമൊരു യന്ത്രം മാത്രമായിട്ടാണ് നായര്‍ സ്ത്രീകളെ പരിഗണിച്ചു ഇക്കാര്യത്തില്‍ പോന്നത്.രണ്ടിലധികം ഭര്‍ത്താക്കന്മാരെന്നത് നായര്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായിരുന്നു.ആശാരി മൂശാരി കൊല്ലന്‍ തട്ടാന്‍ തുടങ്ങിയ ജാതികളുടെയിടയില്‍ പാണ്ഡാവാചാരമാണ് നിലനിന്നിരുന്നത്.അതായത് എല്ലാ സഹോദരന്മാര്‍ക്കും കൂടി ഒരു സ്ത്രീ ഭാര്യയായി വരിക എന്നതാണ് പാണ്ഡവാചാരം. നാം കണ്ട ആചാരങ്ങള്‍ക്ക് സമൂഹത്തില്‍ പൊതുവേ സ്വീകാര്യതയുണ്ടായിരുന്നു. അങ്ങനെ നിര്‍ബന്ധമാക്കിയ ആചാരങ്ങളില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉള്‍‌പ്പെടുന്നു എന്നുള്ളതുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. താഴെയുള്ള ജാതിക്കാരെ തൊട്ടാലോ അവരുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാലോ സമുദായ ഭ്രഷ്ട് നിലനിന്നിരുന്നു.പുരുഷന്മാരാണെങ്കില്‍ നാടുവിടുകയോ ഇസ്ലാംമതത്തിലോ ക്രിസ്തുമതത്തിലോ ചേരുകയോ ചെയ്യാവുന്നതാണ്. സ്ത്രീകളാണെങ്കില്‍ അവരെ പിടിച്ചു വില്ക്കുകയോ താഴ്ന്ന ജാതിക്കാരന് വിവാഹംകഴിച്ചുകൊടുക്കുകയോ ചെയ്യുമായിരുന്നു.
പിന്നിട്ടു പോന്ന ജീവിതരീതികള്‍ നാം മനസ്സിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ഏറെ അനാചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് നാമിന്ന് മനുഷ്യനെ പുലയനും ചെറുമനും കുറവനും ഉള്ളാടനുമായി കാണുന്നതിനു പകരം , മനുഷ്യനെ മനുഷ്യനായി കാണുവാന്‍ ശീലിച്ചത്.നിയമപരിരക്ഷപോലുമുണ്ടായിരുന്ന അത്തരം അനാചാരങ്ങളെ എതിര്‍ത്തില്ലാതാക്കാന്‍ പട നയിച്ചവരെ നാം നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1