#ദിനസരികള്‍ 201


ഒരു സെന്‍ കഥ. ഒരിടത്ത് ഒരു സന്യാസി ഉണ്ടായിരുന്നു. ആത്മീയ ജീവിതത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിച്ച അദ്ദേഹത്തിന്റെ നാമം വിദൂരദേശങ്ങളില്‍‌പ്പോലും പ്രശസ്തമായിരുന്നു.നാടുഭരിക്കുന്ന അധികാരികള്‍ അദ്ദേഹത്തോട് ആവശ്യമായ ഉപദേശം തേടിക്കൊണ്ടാണ് ജനക്ഷേമകരമായ പ്രവര്‍ത്തികള്‍ സംഘടിപ്പിച്ചു പോന്നിരുന്നത്. അത്തരത്തിലുള്ള ഒരാളുടെ ശിഷ്യനാകുക എന്നതുതന്നെ വലിയ ഭാഗ്യമായി കരുതിയ യുവാക്കള്‍ ഓരോ ദിവസവും അദ്ദേഹത്തെ തേടിവന്നു.എന്നാല്‍ വരുന്ന എല്ലാവരേയും ശിഷ്യരായി സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. താന്‍ ഏര്‍‌പ്പെടുത്തുന്ന കഠിനപരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുമാത്രമേ അദ്ദേഹം ശിഷ്യത്വം നല്കിയിരുന്നുള്ളു. പരീക്ഷണങ്ങളില്‍ വിജയിക്കുവാനും ശിഷ്യരായി തിരഞ്ഞെടുക്കപ്പെടാനും എല്ലാ ദിവസവും അദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും നിരവധിയാളുകള്‍ കാത്തുനില്ക്കാറുണ്ടായിരുന്നു.

എന്നാല്‍ ഒരു ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത നാടുകേട്ടു. ആശ്രമത്തിന്റെ അയല്‍ക്കാരിയായി താമസിക്കുന്ന ഒരു യുവതി ഗര്‍ഭിണിയായിരിക്കുന്നു. വീട്ടുകാരുടേയും ബന്ധുമിത്രാദികളുടേയും നിരന്തരമായ ചോദ്യംചെയ്യലില്‍ സന്യാസിയില്‍ നിന്നാണ് താന്‍ ഗര്‍ഭിണിയായിരിക്കുന്നതെന്നു ആ യുവതി സമ്മതിച്ചിരിക്കുന്നു.നിയമപാലകരെത്തി. സന്യാസിയെ ചോദ്യം ചെയ്തു.യുവതി താങ്കളില്‍ നിന്നാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്നും എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടോ എന്നുമുള്ള ന്യായാസനങ്ങളുടെ ചോദ്യത്തിന് അങ്ങനെയാണോ കാര്യങ്ങള്‍ എന്നുമാത്രമാണ് സന്യാസി പ്രതികരിച്ചത്. നിയമം വിധി പറഞ്ഞു. ശിഷ്ടകാലം ആ യുവതിയെ തന്റെ സഖിയായി സ്വീകരിച്ചുകൊണ്ട് സന്യാസി ജീവിക്കണം.ആ തീരുമാനത്തോടും അങ്ങനെയാണോ എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. അന്നു മുതല്‍ യുവതി ആശ്രമത്തില്‍ താമസമാക്കി.

സന്യാസിക്കുണ്ടായ വന്‍ വീഴ്ച നഗരത്തിലാകെ ചര്‍ച്ചയായി. അദ്ദേഹത്തില്‍ നിന്ന് ശിഷ്യഗണങ്ങള്‍ വിട്ടൊഴിഞ്ഞു. അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടിയ അതേ നാവുകള്‍തന്നെ അദ്ദേഹത്തെക്കുറിച്ച് കഠിനമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. ആരും അദ്ദേഹത്തെ തേടിയെത്താതെയായി. സന്യാസിയാകട്ടെ തന്റെ സ്വതസിദ്ധമായ രീതിയില്‍ ജീവിച്ചുപോന്നു. ഒരു യുവതി തന്റെ കൂടെ പാര്‍ക്കുന്നു എന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചതുപോലുമില്ല. വര്‍ഷങ്ങള്‍ മൂന്നു കഴിഞ്ഞു.ആരും തിരിഞ്ഞുനോക്കാതെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന ആ സന്യാസിയുടെ അവസ്ഥ യുവതിയെ ഇളക്കിമറിച്ചു.ഒരു കാര്യവുമില്ലാതെ ശിക്ഷ അനുഭവിക്കുന്ന ഗുരുവിന്റെ കാല്‍ക്കല്‍ വീണുകൊണ്ട് ഒരു ദിവസം അവള്‍ സത്യം തുറന്നുപറഞ്ഞു. കാമുകന്റെ പേരു പറഞ്ഞാല്‍ തന്റെ വീട്ടുകാര്‍ അദ്ദേഹത്തെ തല്ലിക്കൊല്ലും എന്ന ഭയത്തിലാണ് സന്യാസിയുടെ പേരു പറഞ്ഞതെന്നും തന്നെ രക്ഷിക്കണമെന്നും കരഞ്ഞുകൊണ്ടു അപേക്ഷിച്ച യുവതിയോട് ഓഹോ അങ്ങനെയാണോ എന്നു മാത്രമാണ് സന്യാസി അക്ഷോഭ്യനായി അപ്പോഴും പ്രതികരിച്ചത്.



കാര്യങ്ങള്‍ നാടറിഞ്ഞു. ന്യായാസനങ്ങളറിഞ്ഞു.സംഭവിച്ച തെറ്റുകള്‍ തിരുത്തപ്പെട്ടു. സന്യാസി പേരുദോഷത്തില്‍ നിന്ന് മുക്തനായി.മൂന്നുവര്‍ഷക്കാലംകൊണ്ട് നഷ്ടപ്പെട്ടതൊക്കെയും അദ്ദേഹം മൂന്നു ദിവസം കൊണ്ടു തിരിച്ചുപിടിച്ചു.രാജാവ് നേരിട്ടെഴുന്നെള്ളി തന്റെ മുഖ്യഉപദേഷ്ടാവാകാന്‍ ക്ഷണിച്ചു.അപ്പോഴും അദ്ദേഹം ഓഹോ അങ്ങനെയാണോ കാര്യങ്ങള്‍ എന്നുമാത്രമാണ് പ്രതികരിച്ചത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1