#ദിനസരികള്‍ 203


ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും തമ്മിലുള്ള ഒരേയൊരു ബന്ധം മലയാളം നിലനില്ക്കുന്ന കാലത്തോളം ഇവ രണ്ടുമുണ്ടാകും എന്നതു മാത്രമാണ്.പക്ഷേ എനിക്ക് ഈ രണ്ടു പുസ്തകങ്ങളോടുമുള്ളത് അതിനുമപ്പുറം ചോരയെത്തൊടുന്ന സവിശേഷമായ ഒരു വികാരമാണ്. കാരണം ഈ രണ്ടു പുസ്തകങ്ങളും ഞാന്‍ സ്വന്തമാക്കിയത് എന്റെ ചോര വിറ്റുകിട്ടിയ പണം കൊണ്ടാണ്.
            കാലം ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്ന് അല്ലെങ്കില്‍ തൊണ്ണൂറ്റിനാല്. ഞാന്‍ പഠിക്കുന്നത് ഒന്നുകില്‍ പത്തില്‍ അല്ലെങ്കില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം. പത്തിലാണ് എന്നുതന്നെയാണ് എന്റെ ഓര്‍മ. അക്കാലങ്ങളില്‍ മാര്‍ച്ചുമാസം എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ മാസമാണ്. അവസാനദിവസത്തിനു മുമ്പ് രണ്ടുമൂന്നു തവണ ഉത്സവത്തിന് പോകണം. വണ്ടിക്കൂലിയും ചെറിയ രീതിയില്‍ എന്തെങ്കിലും കഴിക്കാനുള്ളതും ഒപ്പിക്കണം.അതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങും.തയ്യാറെടുപ്പ് എന്നുപറഞ്ഞാല്‍ വലിയ കാര്യമൊന്നുമല്ല. ദാരിദ്ര്യത്തിന്റെ കാലമാണ്. വീട്ടില്‍ അരി വാങ്ങുന്നതുതന്നെ വല്ലപ്പോഴുമാണ്. അതും  കിലോമീറ്ററുകളോളം നടന്ന് കുഞ്ഞോത്തുപോയിട്ടാണ് അമ്മ അരിവാങ്ങിക്കൊണ്ടുവരാറുള്ളത്. അന്ന് അവിടെയായിരുന്നു റേഷന്‍ കട.അരിയെത്തുന്ന ദിവസം സദ്യയാണ്.കഞ്ഞിയും കാന്താരിച്ചമ്മന്തിയും.അതുതന്നെ സദ്യ. രണ്ടുരൂപക്ക് ചക്ക വിലയ്ക്കുവാങ്ങി വെറും ഉപ്പിട്ടു വേവിച്ചു തിന്ന ചരിത്രമുള്ള ഞങ്ങള്‍ക്ക് കഞ്ഞിതന്നെ വലിയ സദ്യയാകാതിരിക്കുമോ? അത്തരത്തിലുള്ള ദാരിദ്ര്യത്തിന്റെ കഥകള്‍ക്ക് എന്റെ ബാല്യകാലത്ത് ഒരു പഞ്ഞവുമില്ല. പിന്നീട് ജ്യേഷ്ഠന്‍ ബോംബേയിലൊക്കെപ്പോയി കഷ്ടപ്പെട്ടു പണമയക്കാന്‍ തുടങ്ങിയതോടെ ദാരിദ്ര്യം പടിയിറങ്ങി എന്നു പറയാം.അങ്ങനെയുള്ള കാലത്ത് ഉത്സവം കൂടാന്‍ പണം ചോദിച്ചാല്‍ എന്തായിരിക്കും ഫലം ? അതുകൊണ്ട് അമ്മ അറിയാതെ പറമ്പില്‍ നിന്നു കിട്ടുന്ന കശുവണ്ടി കുറച്ച് കുറച്ചായി കൂട്ടിവെച്ച് കൊണ്ടുപോയി   വില്ക്കും.അങ്ങനെ കിട്ടുന്ന തുകകള്‍ ഉത്സവത്തിനായി മാറ്റി വെച്ചാണ് പലപ്പോഴും വള്ളിയൂര്‍ക്കാവ് ഉത്സവത്തിലും ചിലപ്പോഴൊക്കെ പള്ളിക്കുന്ന് പെരുന്നാളിനും ഞാന്‍ പങ്കെടുക്കുക. പൈസയുണ്ടാക്കാനുള്ള മറ്റൊരു പരിപാടി കറപ്പത്തോല്‍ ചെത്തുക എന്നതായിരുന്നു.അതിനു പക്ഷേ ഫോറസ്റ്റിനെയൊക്കെ പേടിക്കണം എന്നുള്ളതുകൊണ്ട് ആ വഴി അത്രക്കങ്ങോട്ട് തിരഞ്ഞെടുക്കാറില്ലായിരുന്നു.
            അക്കാലങ്ങളിലാണ് മാനന്തവാടിയില്‍ വെച്ച് ഡി സി ബൂക്സിന്റെ പുസ്തകോത്സവം നടക്കുന്നത്.ഇപ്പോഴത്തെ ഹാക്സന്‍ ഹോട്ടലിരിക്കുന്ന ബില്‍ഡിംഗിലാണ്. അതിന്റെ പണി നടക്കുന്നതേയുള്ളു.പൂര്‍ത്തിയായിട്ടില്ല. പുസ്തകങ്ങളോടുള്ള ഭ്രാന്ത് ജന്മസിദ്ധമായതുകൊണ്ട് മാനന്തവാടിയിലെ കോഴിക്കോടുറോഡില്‍ ബസ്സു വന്നിറങ്ങിയ പാടെ കണ്ട പുസ്തകോത്സവത്തിലേക്ക് ചെന്നു കയറി.ഇഷ്ടം പോലെ പുസ്തകങ്ങള്‍. പക്ഷേ കൈയ്യില്‍ പണമില്ല. കൂടിവന്നാല്‍ മുപ്പതുരൂപയില്‍ താഴെയേ കാണൂ. വീട്ടിലേക്കുള്ള വണ്ടിക്കൂലി അതില്‍ നിന്നു വേണം എടുക്കാന്‍. പിന്നീട് കാവിലേക്കും പോകണം. അതുകൊണ്ട് പുസ്തകം വാങ്ങല്‍ നടക്കില്ല. ചോര കൊടുത്താല്‍ പണം കിട്ടും എന്ന കാര്യം അപ്പോഴാണ് മിന്നലുപോലെ മനസ്സിലേക്ക് വന്നത്.നേരെ ജില്ലാ ആശുപത്രിയിലേക്ക് നടന്നു.രണ്ടോ മൂന്നോ ദിവസത്തെ ശ്രമങ്ങള്‍ക്കു ശേഷമാണ് വിജയിച്ചത്.ആശുപത്രി പരിസരത്ത് കച്ചവടം നടത്തിയിരുന്ന ഒരു ചേട്ടന്റെ സഹായമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം വയസ്സൂ കൂട്ടി പറയേണ്ടിവന്നു എന്നതും ഓര്‍മയുണ്ട്. ബ്ലഡ് എ നെഗറ്റീവാണ്. തൊണ്ണൂറു രൂപയാണ് കിട്ടിയത്.രക്തം ദാനം ചെയ്ത് പ്രതിഫലം വാങ്ങുന്നതിന്റെ ധാര്‍മികതയെക്കുറിച്ചൊന്നും ആശങ്കകളില്ലാതിരുന്ന ആ കാലത്ത് പുസ്തകം വാങ്ങുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ കണ്‍മുന്നിലുണ്ടായിരുന്നുള്ളു.പിന്നീടിന്നു വരെ എത്രയോ തവണ ബ്ലഡുകൊടുത്തു.ഒരിക്കല്‍‌പ്പോലും ഒരാളില്‍ നിന്നും ഒന്നും തന്നെ പ്രതിഫലമായി വാങ്ങിയിട്ടില്ല എന്നത് ഒരു പതിനഞ്ചോ പതിനാറോ വയസ്സില്‍ ഉണ്ടായ കുറ്റബോധത്തിന്റെ കൂടി പരിണതഫലമായിരിക്കണം.
            എന്തായാലും തൊണ്ണൂറു രൂപയും മുറുകെപ്പിടിച്ച് രാജാവായി നേരെ പുസ്തകോത്സവത്തില്‍ ചെന്നു കയറി.എത്രയോ സമയം അവിടെ പുതിയ പുസ്തകങ്ങളെ തൊട്ടും തലോടിയും ചുറ്റിനടന്നു.ഖസാക്കിന്റെ ഇംഗ്ലീഷ് പതിപ്പ് ആ വര്‍ഷമാണ് ഇറങ്ങിയത് എന്നാണോര്‍മ്മ. അവസാനം വില നോക്കി തിരഞ്ഞെടുത്തത് ഖസാക്കിന്റെ ഇതിഹാസവും ഐതീഹ്യമാലയും ആയിരുന്നു. ഖാസാക്കിന് 25 രൂപയായിരുന്നു വില എന്നാണോര്‍മ്മ , അതോ പതിനെട്ടോ ? കൃത്യമായി പറയുവാന്‍ എന്റെ കൈയ്യില്‍ ഇപ്പോള്‍ ആ പുസ്തകമില്ല. ആര്‍ട്ടോണില്‍ ചിത്രകല പഠിക്കുമ്പോള്‍ ഒരു സുഹൃത്ത് വാങ്ങിക്കൊണ്ടുപോയതാണ്.പക്ഷേ ഐതീഹ്യമാലയുണ്ട്. എഴുപത്തിയഞ്ചുരൂപയാണ് വില.തൊണ്ണൂറ്റിനാലു മെയ്യില്‍ ഞാന്‍ വരച്ച കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഒരു ചിത്രം ഇന്നും ആ പുസ്തകത്തിലൊട്ടിച്ചു വെച്ചിട്ടുണ്ട്.പിന്നീടിതുവരെ എത്രയോ പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ട്. പക്ഷേ ഈ രണ്ടു പുസ്തകങ്ങളോടുള്ള വൈകാരികമായ ഒരടുപ്പം ഇന്നും നിലനില്ക്കുന്നു.ചോര മണക്കുന്ന ഒരടുപ്പം.
           
           
           


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1