#ദിനസരികള്‍ 204


ഭാരതീയ തത്വചിന്തയില്‍ ഉപനിഷത്തുകള്‍ക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയും ലഭിച്ചത് , അദ്വൈതസ്ഥാപനത്തിന് വേണ്ടി ശങ്കരന്‍ നടത്തിയ ദിഗ്വിജയങ്ങള്‍ക്കു ശേഷമാണ്. അതോടൊപ്പംതന്നെ അദ്ദേഹം സമര്‍ത്ഥമായി വ്യാഖ്യാനിച്ചെടുത്ത ദശോപനിഷത്തുകളും ഗീതയും ബ്രഹ്മസൂത്രവുമൊക്കെ ആ സംസ്ഥാപനത്തിന് ഏറെ സഹായകരമായി. അതുവരെ മറ്റേതൊരു ചിന്താസരണിയേയും പോലെതന്നെയേ വേദാന്തത്തേയും പരിഗണിച്ചു വന്നിരുന്നുള്ളു.ഷഡ് ദര്‍ശനങ്ങളെന്നറിയപ്പെടുന്ന ന്യായം , യോഗം , സാംഖ്യം , വൈശേഷികം , പൂര്‍വ്വ മീമാംസ , വേദാന്തം എന്നിവകളില്‍ ഒന്ന് ഒന്നിനു മുകളിലാണ് എന്നൊന്നും ആരും ചിന്തിച്ചിരുന്നില്ല.ഇഹലോകത്തെ ജീവിതത്തിനപ്പുറം മറ്റ് അര്‍ത്ഥങ്ങള്‍ തേടുന്നത് വ്യര്‍‌ത്ഥമാണെന്ന് പഠിപ്പിച്ചിരുന്ന ചാര്‍വാകരടക്കമുള്ള ഭൌതികവാദികള്‍ക്കും ഇവിടെ സ്ഥാനമുണ്ടായിരുന്നു.വിരുദ്ധ അഭിപ്രായങ്ങളേയും നിലപാടുകളേയും സമചിത്തതയോടെ കേള്‍ക്കുവാനും അവരുന്നയിക്കുന്ന വാദമുഖങ്ങളെ വിദഗ്ദമായി ഖണ്ഡിച്ചെടുക്കുവാനുമുള്ള വൈഭവത്തെയായിരുന്നു അക്കാലത്ത് സമൂഹം അംഗീകരിച്ചിരുന്നത്.പറഞ്ഞു വരുന്നത് , സോക്രട്ടീസും പ്ലോറ്റോയും ഒക്കെ സമൂഹത്തില്‍ ആശയപ്രചാരണം നടത്താന്‍‌ വേണ്ടി സ്വീകരിച്ചിരുന്ന ഡയലോഗുകളുടെ രൂപത്തില്‍ തന്നെയായിരുന്നു ഇന്ത്യയിലും ആശയപ്രചാരണം നടത്തിയിരുന്നത് എന്നു സൂചിപ്പിക്കുന്നതിനാണ്.
            നമ്മുടെ സമൂഹത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നത്, സൌമനസ്യത്തോടെ എതിരാളികളെ കേള്‍ക്കാനും അവന്‍ ഉന്നയിക്കുന്ന തെന്തൊക്കെയെന്ന് മനസ്സിലാക്കാനുമുള്ള കഴിവാണ്. സഹ സഹ എന്നായിരുന്നു ഉപനിഷത്തുകളുടെ മുഖമുദ്ര തന്നെ. ഒന്നിച്ച് ഒന്നിച്ച് എന്ന് ഇത്രയേറെ തവണ ഘോഷിക്കുന്ന മറ്റൊരു ചിന്താപദ്ധതിയില്ലെന്നു തന്നെ പറയാം. സഹനാവവതു, സഹനൌ ഭുനക്തു , സഹവീര്യം കരവാവഹൈ എന്നാണ് മംഗളാചരണത്തില്‍ത്തന്നെ പറയുന്നത്.ഒന്നിച്ച് , മനുഷ്യനെന്ന ഒരു പരിഗണനയെ മാത്രം മുന്‍നിറുത്തി ഒന്നിച്ചുമുന്നേറുക. ഗാര്‍ഗ്ഗിയേയും മൈത്രേയിയേയും പോലെയുള്ള സ്ത്രീകളും ഗുരുക്കന്മാര്‍തന്നെ അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരുവുകളില്ല.

            നമുക്ക് ശീലമായിരുന്ന ഈയൊരു രീതിയാണ് ഇപ്പോള്‍ കൈമോശം വന്നിരിക്കുന്നത്.അപരനെ ശത്രുവായി കാണുകയും അവന്റെ വാക്കുകളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുകയെന്നത് ഇന്നിന്റെ സ്വഭാവമായിരിക്കുന്നു.ആശയങ്ങള്‍ക്കു പകരം ആയുധങ്ങളെ നാം മുന്നില്‍ നിറുത്തുന്നു.നാം ആരെയൊക്കെയോ ഭയപ്പെടുകയും ആരെയൊക്കെയോ ഭയപ്പെടുത്തുകയും ചെയ്യുന്നു.മനുഷ്യനെന്ന നിലയിലുള്ള സ്വാഭാവികതകളെ നാം നിഷേധിക്കുകയും കെട്ടി ഏല്പിക്കുന്ന ചിന്തകള്‍ക്ക് പിന്നാലെ പായുകയും ചെയ്യുന്നു.അപകടകരമായ ഈ പൊതുസ്ഥിതിയില്‍ നിന്ന് മാറി നാം സംവാദങ്ങളിലേക്കുള്ള വഴിതുറക്കണം.കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തുകൊണ്ടു വേണം , വര്‍ത്തമാനകാലത്തില്‍ മതജാതിസംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നാം അതിജീവിക്കുവാന്‍ ശ്രമിക്കേണ്ടത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1