#ദിനസരികള്‍ 202

കെ പി അപ്പനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കുകവയ്യ.നമ്മുടെ സാഹിത്യശീലങ്ങളില്‍ നവീനമായ ഉള്‍ക്കാഴ്ചകളോടെ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന കെ പി അപ്പന്‍ , മലയാളിയെ ഘടാകാശത്തില്‍ നിന്ന് വിശ്വസാഹിത്യത്തിന്റെ മഹാകാശത്തിലേക്ക് ആനയിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതുകൊണ്ടാകണം, വിമര്‍ശനം എന്താണെന്ന് ആധുനികകാലത്ത് മലയാളികള്‍ക്ക് മസ്സിലാക്കിത്തന്നത് കെ പി അപ്പനാണെന്ന് ടി പത്മനാഭന്‍ പറയുന്നത്.

കെ പി അപ്പനെപ്പോലെ തന്നെ എനിക്ക് ഇഷ്ടമായ മറ്റൊരു വിമര്‍ശകനാണ് കുട്ടികൃഷ്ണമാരാര്‍.കാടും പടലും തല്ലിയുള്ള സാഹിത്യലോകത്തെ സഞ്ചാരത്തിന് മടുക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ചെന്നെത്താറുള്ളത് മാരാരിലേക്കാണ്.മാരാര്‍ ഒരിക്കലും എന്നെ നിരാശപ്പെടുത്തിയില്ല.എപ്പോള്‍ ചെന്നു കയറിയാലും ഒരു പിടി വറ്റു കരുതിവെക്കുന്ന മാതാവിനെപ്പോലെ മാരാര്‍ നമുക്കുവേണ്ടി എന്തെങ്കിലുമൊന്ന് കരുതിവെക്കുന്നു.അതുകൊണ്ടായിരിക്കണം , ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് , ബര്‍നാഡ് ഷായുടെ ബുദ്ധയും മല്ലീനാഥന്റെ ഹൃദയവും അവ്യാഖ്യേയമായ ഏതോ രസപാകത്തില്‍ തന്നില്‍ ഉള്‍‌ച്ചേര്‍ത്തു സ്വാംശീകരിച്ച കുട്ടികൃഷ്ണമാരാര്‍ പൂര്‍വ്വാഹ്നത്തിലെ വെയില്‍ പോലെ മലയാള സാഹിത്യത്തില്‍ എന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ശക്തിയാണെന്ന് പ്രഖ്യാപിക്കുന്നത്.

എനിക്കു പ്രിയമുള്ള ഈ രണ്ടു പ്രതിഭാധനന്മാരില്‍ ശ്രീ കെ പി അപ്പന്‍ മാരാരെക്കുറിച്ച് എന്തു പറയുന്നു എന്നറിയുന്നതില്‍ കൌതുകമുണ്ടാവുക സ്വാഭാവികമല്ലേ ? കെ പി അപ്പന്റെ ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക എന്ന പുസ്തകത്തില്‍ അദ്ദേഹം മാരാരെക്കുറിച്ച് എഴുതിയിരിക്കുന്നത് , അതുകൊണ്ടുതന്നെ ഏറെ താല്പര്യത്തോടെയാണ് ഞാന്‍ വായിച്ചത്.ചെറുപ്പം മുതലേ സ്വന്തം ഇച്ഛാശക്തിയുടെ പിന്‍ബലത്താല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചു പോന്നയാളാണ് മാരാരെന്ന് അപ്പന്‍ , എന്റെ അടിവേരുകളെന്ന പേരില്‍ മാരാരെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിക്കുന്നു. ജീവിതത്തിലുടനീളം മാരാര്‍ സ്വന്തമായ ഒരു നിലപാട് ഉയര്‍ത്തിപ്പിടിച്ചിരുന്നു.അത് മാരാരുടെ മാത്രം സൌന്ദര്യശാസ്ത്രപരമായ വീക്ഷണങ്ങളുമായി ഇണങ്ങിച്ചേര്‍ന്നു പോകുന്നതാണെന്ന് അപ്പന്‍ സൂചിപ്പിക്കുന്നുണ്ട്.ഇവിടെയാണ് മറ്റു നിരൂപകരില്‍ നന്ന് വ്യത്യസ്ഥമായി മാരാര്‍ക്കുമാത്രമായി ഒരു സൌന്ദര്യശാസ്ത്രമുണ്ടെന്ന് അപ്പന്‍ പറയുന്നത്.സത്യവു സൌന്ദര്യവും, ആസ്വാദനവും വ്യുത്പത്തിയും , സംഗീതവും സാഹിത്യവും , റിയലിസം നാടകത്തില്‍ , പരിഹാസചര്‍ച്ചകള്‍ , നിഷ്പക്ഷ നിരൂപണം എന്നീ ഉപന്യാസങ്ങളും സാഹിത്യഭൂഷണം എന്ന ഗ്രന്ഥവും ഒന്നിച്ചു ചേര്‍ത്താല്‍ മാരാരുടെ ലാവണ്യശാസ്ത്രമായി എന്ന് അപ്പന്‍ വ്യക്തമാക്കുന്നുണ്ട്.

മാരാര്‍ക്കു അവസാനകാലത്തു സംഭവിച്ച വ്യതിയാനങ്ങളേയും ചില നിലപാടുകളേയും അപ്പന് സ്വീകാര്യമല്ലെങ്കിലും മാരാര്‍ക്ക് മലയാളത്തിന്റെ പൂമുഖത്തുള്ള സ്ഥാനത്തെക്കുറിച്ച് ആശങ്കയൊന്നുമില്ല.പലപ്പോഴും ഐക്യത്തേക്കാള്‍‌ അനൈക്യമാണ് ഈ രണ്ടു നിരൂപകരേയും താരതമ്യപ്പെടുത്തിയാല്‍ നമുക്കു കിട്ടുകയെങ്കിലും മലയാളത്തിന്റെ വിമര്‍ശപഥങ്ങളില്‍ വഴിവിളക്കുകളായി ഇവര്‍ രണ്ടുപേരും എക്കാലവും നിലകൊള്ളുകതന്നെ ചെയ്യും.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1