#ദിനസരികള്‍ 200

ഇരുന്നൂറു ദിവസം.രണ്ടും മൂന്നും നാലും ലൈക്കും ഷെയറുമൊക്കെയായി ദിനസരികള്‍ എന്ന ഈ കുറിപ്പുപരിപാടി ഇരുന്നൂറുദിവസമായിരിക്കുന്നു.രാവിലെ ഉണ്ടാക്കിയെടുക്കുന്ന അര അല്ലെങ്കില്‍ ഒരു മണിക്കൂറില്‍ പിഴിഞ്ഞെടുക്കുന്ന ഈ രസായനം വലിയ സംഭവമൊന്നുമല്ലെങ്കിലും ഞാന്‍ എനിക്ക് ഏര്‍‌പ്പെടുത്തിയ പരീക്ഷയായിരുന്നു.ഒരു ദിവസം പോലെ മുടങ്ങാതെ ഒരു പേജെങ്കിലും എഴുതുക എന്ന വെല്ലുവിളി. അതിപ്പോള്‍ ഇരുന്നൂറു ദിവസമായിരിക്കുന്നു എന്നു പറയുമ്പോള്‍ കുഞ്ഞുണ്ണിമാഷുടെ ഭാഷയില്‍ അമ്പടാ ഞാനേ എന്നൊരഹങ്കാരം തോന്നിപ്പോയാല്‍ അസ്വാഭാവികമെന്നു പറയാമോ? പറയരുത് എന്നാണ് എന്റെ അപേക്ഷ .
            കരളെരിഞ്ഞാലും തല പുകഞ്ഞാലും
            ചിരിക്കണ, മതേ വിദൂഷക ധര്‍മ്മം
            ചിരിയും കണ്ണീരുമിവിടെക്കാണുവ
            തൊരുപോല്‍ മിഥ്യയെന്നറിവോരല്ലീ  നീഎന്ന് വിദൂഷകനോട് കളിനാഥന്‍ ,
ഒരു ചിരി പോലും ചിരിയ്ക്കുവാനെനി
ക്കരുതെന്നാരോടു പറഞ്ഞിടാവു ഞാന്‍
ചിരിച്ചിടാത്തൊരു വിദൂഷകനുണ്ടോ
ചിരിപ്പിച്ചീടുവാന്‍ സമര്‍ത്ഥനാകുന്നു
അടിയനീയുടുപ്പഴിച്ചു മാറ്റുവാ -
നനുവാദം കനിഞ്ഞരുളണേ വിഭോ എന്ന അര്‍ത്ഥനക്ക് മറുപടിയായി പറയുന്നതുപോലെ ആരൊക്കെയോ എന്നോട് കല്പിച്ചുകൊണ്ടിരിക്കുന്നു. ആ കല്പനകളുടെ തള്ളലില്‍ ഞാനെന്തൊക്കെയോ കുറിച്ച് വെക്കുന്നു. കഴിഞ്ഞു. അതിനപ്പുറത്തേക്കു് യാതൊരു പ്രാധാന്യവുമില്ലാത്ത ഒന്നാണ് ഈ ദിനസരികളെന്ന് എനിക്കറിയാം.എങ്കിലും ചാറ്റിലും നേരിട്ടു കാണുമ്പോഴുമൊക്കെ ഇന്നത്തേത് ഞാന്‍ വായിച്ചു, നന്നായിട്ടുണ്ട് കേട്ടോ എന്ന് ആരെങ്കിലുമൊക്കെ പറയുമ്പോള്‍ ഓ ഇതൊക്കെ എന്ത് എന്ന ഭാവത്തിലാണ് എന്റെ പ്രതികരണമെങ്കിലും ഉള്ളില്‍ എനിക്ക് അഭിമാനം തോന്നാറുണ്ട് എന്നതാണ് വസ്തുത.അതൊന്നും പുറത്തുകാണിക്കാതെ ഒഴുക്കനൊരു ചിരിയിലേക്ക് കൂപ്പൂകൂത്തും ഞാന്‍. എന്തൊക്കെ തരത്തിലുള്ള അഭിനയങ്ങള്‍ നടത്തിയാലാണ് ഈ ജീവിതം ഒന്ന് കഴിഞ്ഞു പോകുക എന്ന ചോദ്യം മുഖത്തുനോക്കി കൊഞ്ഞനം കുത്തുന്നു.

എഴുതാന്‍ ഇരിക്കുന്ന സമയത്തല്ലാതെ എന്തെഴുതണം എന്ന് ആലോചിക്കാറില്ലാതെ നടത്തുന്ന ഒരഭ്യാസമാണ് ഈ പരിപാടി. നേരത്തെ എന്തെങ്കിലും വിഷയം നിശ്ചയിച്ചുവെച്ചുവെന്നാലും അതെഴുതുന്ന ശീലമില്ല.ആലോചിച്ചെഴുതുന്നതിന്റെ ചൂട് , നേരത്തെ ചിന്തിച്ചുറപ്പിച്ചതിന് കിട്ടുന്നില്ല എന്നതുകൊണ്ടാവാം , തണുത്ത കാപ്പിയെപ്പോലെ ഇന്നലെത്തെ ചിന്തകളെ ഞാന്‍ മാറ്റിവെക്കുന്നു , പുതിയതിനെ തേടുന്നു.എത്ര നാള്‍ ഈ അഭ്യാസം തുടരും എന്ന ചിന്തയൊന്നുമില്ല. നൂറു ദിവസം കടത്തണം എന്നേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഇരുന്നൂറായി.ഇനി വന്നാലെന്ത് ? നിന്നാലെന്ത് ? പോയാലെന്ത് ? കൈയ്യടിച്ചവര്‍ക്ക് നന്ദി ; കല്ലെറിഞ്ഞവര്‍ക്കും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1