#ദിനസരികള്‍ 185


നീ ദൈവമാണെന്ന് സങ്കല്പിക്കുക
എന്തിനു സങ്കല്പിക്കണം. ഞാന്‍ ദൈവം തന്നെയാണല്ലോ
ശരി നീ തന്നെ ദൈവമെന്നു ഞാനും വിശ്വസിക്കുന്നു.അങ്ങനെ ദൈവമായ നീ ഇക്കാണായ അണ്ഡകടാഹങ്ങളുടെയെല്ലാം ആരംഭത്തില്‍ സൃഷ്ടി എങ്ങനെ തുടങ്ങണം എന്നാലോചിച്ചുകൊണ്ട് ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ ചിന്താമഗ്നമായി നില്ക്കുകയാണ് എന്നും സങ്കല്പിക്കുക.
വെറുതെ സങ്കല്പിച്ചു കളിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ ? പ്രത്യേകിച്ചും സ്രഷ്ടാവായ ദൈവത്തിനെക്കുറിച്ചൊക്കെയുള്ള സങ്കല്പങ്ങള്‍ കൊണ്ട് എന്തു കാര്യം?
നീയൊന്നടങ്ങ്. എന്നിട്ട് വെറുതെ സങ്കല്പിക്ക്
ചിന്തമഗ്നമായി നില്ക്കാം. പക്ഷേ എവിടെ നില്ക്കും ?”
പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നില്ക്ക്
അതിന് ഒന്നിനേയും ഞാന്‍ സൃഷ്ടിച്ചിട്ടില്ലല്ലോ.. പിന്നെ പ്രപഞ്ചം എവിടെ നിന്നു വന്നു ?”
അതുശരിയാണല്ലോ.. ആ പോട്ട് നീ എവിടെയെങ്കിലും ഒന്ന് നില്ല്.. എന്നിട്ട് ചിന്താമഗ്നനാക്.. ഈ പ്രപഞ്ചം എങ്ങനെയൊക്കെയാണ് ഉണ്ടാക്കേണ്ടത് എന്നാണ് നീ ചിന്തിക്കുന്നതെന്ന് ഓര്‍ക്കണം.
എന്തുവാഡേയ് .. പറയുന്നതിനൊക്കെ ഒരു വ്യവസ്ഥ വേണ്ടേ.. ആദ്യം ഇല്ലാത്ത ദൈവം ഉണ്ടെന്ന് സങ്കല്പിക്കണം.. ഇല്ലാത്ത ഒരിടത്ത്  നില്ക്കണം , പിന്നെ ഇല്ലാത്ത സൃഷ്ടിയെക്കുറിച്ച് ചിന്തിക്കണം.. ശരിക്കും നിനക്കെന്തു പറ്റീ?”
എനിക്കൊന്നും പറ്റിയില്ല. ഇനി കൂടുതല്‍ വിശദീകരിക്കുന്നില്ല.ചോദ്യം ഇതാണ്. ഈ പ്രപഞ്ചത്തെ അല്ലെങ്കില്‍ ഈ ഭൂമിയെ നിനക്ക് പുതിയതായി സൃഷ്ടിക്കാന്‍ ഒരവസരം തന്നാല്‍ നീ എങ്ങനെ സൃഷ്ടിക്കും? ഇതാണ് എന്റെ ചോദ്യം.”
ഒരു നിമിഷം ഞാന്‍ എന്നെ എക്കാലത്തേയും എന്റെ എതിരാളിയായ ദൈവത്തിന്റെ സ്ഥാനത്തേക്ക് മാറ്റി നിറുത്തി. സ്രഷ്ടാവിനെക്കുറിച്ച് വിശ്വാസികള്‍ പറയുന്നതുപോലെ സര്‍വ്വശക്തനായ സര്‍വ്വവ്യാപിയായ സര്‍വ്വന്തര്യാമിയായ ഒരു ദൈവമായി ഞാന്‍ രൂപംകൊണ്ടു. നീണ്ടുവളര്‍ന്ന് നാഭിയോളമെത്തുന്ന വെളുത്ത താടി.അഴിഞ്ഞുലഞ്ഞു കിടക്കുന്ന കേശഭാരങ്ങളില്‍ അഭൌതികമായ കാന്തികളുടെ വേലിയേറ്റം.അധികാരദണ്ഡിന്റെ അഗ്രങ്ങളില്‍ നിന്ന് സ്ഫുലിംഗങ്ങള്‍ ഉദ്ഗമിച്ചു. ആഗസ്റ്റേ റോഡിന്റെ ചിന്തകനെപ്പോലെ അപാരമായ ഒരു മൌനത്തിലേക്ക് ഞാന്‍ കൂപ്പുകുത്തി.എത്രനേരം കഴിഞ്ഞുവെന്ന് അറിയില്ല.സുഹൃത്തിന്റെ വിളിയാണ് എന്നെ ഉണര്‍ത്തിയത്
നീ ആലോചിച്ചോ
ആലോചിച്ചു
ശരി പറ...  ഈ ലോകത്തെ എങ്ങനെയായിരിക്കും നീ സൃഷ്ടിക്കുക
പ്രപഞ്ചത്തിന്റെ കാര്യത്തില്‍ ഞാനൊരു തീരുമെടുത്തിട്ടില്ല. പക്ഷേ ഈ ഭൂമി എങ്ങനെയായിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.
ശരി പറയൂ... ഈ ഭൂമിയെ , നമ്മുടെ ഈ ഭൂമിയെ നീ എങ്ങനെയായിരിക്കും സൃഷ്ടിക്കുക.
ഓ ... അക്കാര്യത്തില്‍ വലിയ ആകാംക്ഷക്ക് കാര്യമൊന്നുമില്ല. ഈ ലോകത്തെ ഇപ്പോള്‍ ഉള്ളതുപോലെത്തന്നെയായിരിക്കും ഞാന്‍ സൃഷ്ടിക്കുക.
ഇപ്പോള്‍ നിശ്ശബ്ദനായത് എന്റെ സുഹൃത്താണ്.
ഏറെ നേരങ്ങള്‍ക്കു ശേഷം അവന്‍ ചോദിച്ചു :-
ഈ ഭൂമിയെ , അതിലെ എല്ലാ നന്മതിന്മകളുമടക്കം , ആധിവ്യാധികളടക്കം , ജനനമരണങ്ങളടക്കം നീ ഇങ്ങനെത്തന്നെ സൃഷ്ടിക്കുമെന്നാണോ പറയുന്നത് ?”
തീര്‍ച്ചയായും. ഈ ഭൂമി ഇപ്പോള്‍ ഉള്ളതുപോലെതന്നെ ഒരു മാറ്റവുമില്ലാതെയായിരിക്കും ഞാന്‍ സൃഷ്ടിക്കുക.ജനനവും മരണവും വിരഹവും വേദനയും രോഗവും ദാരിദ്ര്യവും ഞാന്‍ സൃഷ്ടിക്കുന്ന ലോകത്തുമുണ്ടാകും.അസൂയയും കുനിഷ്ടുകളും കുശുമ്പുകളുമുണ്ടാവും. പ്രണയം നല്കുന്ന ആനന്ദവും വിരഹം നല്കുന്ന വേദനയുമുണ്ടാകും.നടവഴികളില്‍ കുഴികുത്തി കൂടെയുള്ളവരെ ചതിക്കുന്ന മനുഷ്യരുണ്ടാകും.ജാതിയുടേയും മതത്തിന്റേയും പേരില്‍ കൊന്നൊടുക്കുന്ന ഭ്രാന്തന്മാരുണ്ടാകും.കാലുഷ്യങ്ങളും കലാപങ്ങളുമുണ്ടാകും. യാതനകളും വേദനകളും സഹിച്ച് സമത്വസുന്ദരമായ ഒരു ലോകത്തിനു വേണ്ടി പടപ്പുറപ്പാടു നടത്തുന്നവരുണ്ടാകും. അവരുടെ ചോരയില്‍ നിന്ന് ആഡംബരസൌധങ്ങളെ അലങ്കരിച്ചെടുക്കുന്നവരുമുണ്ടാകും. ദുരന്തങ്ങളില്‍ അന്യനെ കൈപിടിച്ചു നെഞ്ചോടു ചേര്‍‌ക്കുന്നവരുണ്ടാകും.ഒരു പൂവുകൊഴിയുമ്പോള്‍ കൂടെ കരയുന്നവരും ഒരു പൂന്തോട്ടമാകെയും തീയിട്ടു നശിപ്പിക്കുന്നവരുമുണ്ടാകാം. വാസവദത്തമാരും ഉപഗുപ്തന്മാരുമുണ്ടാകും. ഈ ലോകത്ത് ഇപ്പോള്‍ നീ  എന്തൊക്കെ കേള്‍‌ക്കുന്നുവോ എന്തൊക്കെ അനുഭവിക്കുന്നുവോ അതൊക്കെ അതേപടി എന്റെ ലോകത്തും ആവര്‍ത്തിക്കുന്നുണ്ടാകും. കാരണം ഇവയൊന്നുമില്ലാതെ അസുലഭമായ മനുഷ്യന്റെ മഹത്വം, ജീവിതത്തിന്റെ മഹത്വം നാം തിരിച്ചറിഞ്ഞുവെന്ന് വരില്ല.
ഒന്നുമില്ലെങ്കിലും നിനക്ക് ഇഷ്ടമുള്ളവര്‍ മരിക്കാതിരിക്കുകയെങ്കിലും വേണ്ടേ ?”
നിന്റെ ചോദ്യം അസ്ഥാനത്താണ്.മറ്റുള്ളവരുടെ പ്രിയപ്പെട്ടവരെ മരിക്കാന്‍ വിട്ടിട്ട് യാതനകളും വേദനകളും അനുഭവിക്കാന്‍‌ വിട്ടിട്ട് എനിക്ക് പ്രിയപ്പെട്ടവരെ മാത്രം എങ്ങനെ സംരക്ഷിക്കാന്‍ കഴിയും ? അത്രത്തോളം സങ്കുചിതത്വം എന്നെ തീണ്ടുന്നില്ല . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മരണമാണ് മനുഷ്യന്റെ ജീവിതത്തെ മഹത്തരമാക്കുന്നതെന്നു കൂടി ഞാന്‍ പറയും..

സൂഹൃത്ത് അഗാധമായ ഒരു മൌനത്തിലേക്ക് കൂപ്പുകുത്തി , ഞാനും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം