#ദിനസരികള്‍ 179


ഇന്ത്യയുടെ പ്രഥമപൌരന്‍ രാം നാഥ് കോവിന്ദിന് നന്ദി. കേരളം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.കേരളത്തിന്റെ മണ്ണില്‍ മതത്തിന്റെ പേരില്‍ അശാന്തിയുടേയും അസഹിഷ്ണുതയുടേയും വിത്തുകള്‍ പാകി രാഷ്ട്രീയനേട്ടം കൊയ്യാമെന്ന് കരുതി തുനിഞ്ഞിറങ്ങിയ വിധ്വംസകശക്തികള്‍ക്ക് നമ്മുടെ പ്രഥമപൌരന്റെ മതസൌഹാര്‍ദ്ദത്തിന്റെ മഹനീയമായ മാതൃകയാണ് കേരളം എന്ന വാക്കുകള്‍ കനത്ത തിരിച്ചടിയും തക്കതായ മറുപടിയുമാണ്. ഇന്നലെ അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴാണ് കേരളത്തിന് അഭിമാനിക്കാന്‍ വക നല്കുന്ന ഈ പ്രസ്ഥാവന അദ്ദേഹം നടത്തിയത്.
            രാംനാഥ് കോവിദ് സംഘപരിവാരത്തോട് വിധേയത്വം പുലര്‍ത്തിയ പ്രവര്‍ത്തകനായിരുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്. എന്നിട്ടും സംഘപരിവാരം അവരുടെ സര്‍വ്വശക്തിയുമെടുത്ത് കേരളത്തിന്റെ പുരോഗമനമനസ്സിനെ തച്ചുതകര്‍ക്കുന്നതിന് വേണ്ടി ജനരക്ഷായാത്ര എന്നപേരില്‍ വടക്കുനിന്ന് തെക്കോട്ട് ഒരു അക്രമയാത്ര നയിക്കുന്ന ഈ സന്ദര്‍ഭത്തിലാണ്  ഇത്തരമൊരു പ്രസ്ഥാവന നടത്തുന്നതിന് കോവിദ് തയ്യാറായത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.കേരളത്തില്‍ നിലനില്ക്കുന്ന മതസൌഹാര്‍ദ്ധത്തിന്റെ ഉള്‍ക്കാമ്പ് അക്രമികള്‍ക്ക് തകര്‍ക്കാനാവാത്ത വിധം ശക്തമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടിയിരിക്കണമെന്ന് പ്രതീക്ഷിക്കുന്നു.ഏതായാലും ബി ജെ പിയുടെ അധ്യക്ഷന്‍ അമിത് ഷായും യുപി യുടെ മുഖ്യമന്ത്രി ആദിത്യനാഥുമൊക്കെ നേതൃത്വം നല്കുന്ന ഈ രക്ഷായാത്ര ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെ അസാധുവാക്കുന്നതാണ് രാഷ്ട്രപതിയുടെ പ്രസ്ഥാവന എന്നതുകൊണ്ടുതന്നെ രാഷ്ട്രീയപ്രാധാന്യം ഏറെയുണ്ട്.
            അതോടൊപ്പംതന്നെ ബി ജെ പി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന അഴിമതി വിരുദ്ധ മുഖത്തിന് കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരെ കടുത്ത ആരോപണം ഉയര്‍ന്നിരിക്കുന്നു.പിതാവിന്റെ സ്വാധീനമുപയോഗിച്ച് വിറ്റുവരവില്‍ 16000 മടങ്ങ് വര്‍ദ്ധനവുണ്ടാക്കി എന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.മോദി അധികാരമേറ്റെടുത്ത സമയത്ത് 18728 രൂപമാത്രമായിരുന്നു കമ്പനിയുടെ ലാഭമെന്ന് പറയുന്നത്. എന്നാല്‍ ഒറ്റവര്‍ഷം കൊണ്ട് 2015 -16 ല്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി ഉയര്‍ന്നതിനുപിന്നില്‍ അമിത് ഷായ്ക്ക് ഭരണത്തിലുള്ള സ്വാധീനത്തിന്റെ ഫലമാണെന്ന് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക രോഹിണി സിംഗ് പറയുന്നു.ബി ജെ പിയുടെ നിഷേധമുണ്ടായി എങ്കിലും കണക്കുകള്‍ നുണ പറയില്ലെന്നത് വ്യക്തമാണ്. 2013-ല്‍ 6,230 രൂപയും 2014-ല്‍ 1,724 രൂപയും നഷ്ടത്തിലായിരുന്ന കമ്പനിയാണ് ഒറ്റ വര്‍ഷംകൊണ്ട് പതിനാറായിരം മടങ്ങിന്റെ കുതിച്ചു ചാട്ടം നടത്തിയത് എന്നു കേള്‍ക്കുമ്പോള്‍തന്നെ അസ്വാഭാവികമായ ഒരിടപെടലിന്റെ സാധ്യത കണ്ടെത്താനാകും.

            രാഷ്ട്രപതി രാംനാഥ് കോവിദിന്റെ പ്രസ്ഥാവനയും അമിത് ഷായുടെ അഴിമതിയുമെല്ലാം ചേര്‍ന്ന് കേരളത്തിന്റെ മണ്ണില്‍ തേരോടിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ കക്ഷികള്‍ക്ക് മുഖം മറക്കാതെ പുറത്തിറങ്ങാന്‍ തരമില്ലെന്നായിരിക്കുന്നു.അഴിമതിക്കാരായ കേരളനേതാക്കന്മാരുടെ വിശ്വാസ്യത വീണ്ടെടുക്കാനായിക്കൂടി പ്രഖ്യാപിച്ച യാത്ര ബി ജെ പിയെ കൂടുതല്‍‌ അപഹാസ്യരാക്കുന്നു എന്നതാണ്  വസ്തുത.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം