#ദിനസരികള്‍ 181
മലയാള സിനിമഗാനങ്ങളില്‍
നിന്ന് ഇതുവരെ നമുക്കു ലഭിച്ച ഏറ്റവും സുന്ദരമായ വരികളേതാണ് എന്നു ചോദിച്ചാല്‍
എന്തുത്തരം പറയും? ഒരു
നിമിഷത്തെ അന്ധാളിപ്പ് ഉറപ്പ്. ആ സമയം കൊണ്ട് എത്രയോ ഗാനങ്ങള്‍ മനസ്സിലേക്ക്
അലയടിച്ചെത്തും. മനുഷ്യന്‍ തന്റെ ജീവിതകാലത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന ഓരോ വികാരങ്ങളേയും ജ്വലിപ്പിച്ചുണര്‍ത്തുന്ന
എത്രയോ വരികള്‍ നാം കേട്ടിട്ടുണ്ട്?
അവയില്‍ ഏറിയ പങ്കും നമുക്ക് പ്രിയംതന്നെ. എങ്കിലും ഏറ്റവും
പ്രിയപ്പെട്ട ഒന്ന് ഏത് എന്ന ചോദ്യത്തോട് എങ്ങനെ പ്രതകരിക്കും?രാജശാസനയനുസരിച്ച്
രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം തേടിയിറങ്ങിയ വരരുചി, രാമം ദശരഥം
വിദ്ധി എന്നു തുടങ്ങുന്ന നാലുവരികള്‍ കണ്ടെത്തിയ പോലെ ഒരു അന്വേഷണം
അത്യാവശ്യമാണെന്ന് തോന്നി.
എങ്ങനെയാണ് പ്രിയപ്പെട്ടത് നാം കണ്ടെത്തുക? അല്ലെങ്കില്‍
പ്രിയം എന്നു പറയുന്നത് എന്താണ്?
ഓരോരോ സാഹചര്യങ്ങളും വ്യത്യസ്തമായ പ്രിയങ്ങളാണ് നമ്മളെ
ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സമയത്തെ പ്രിയം മറ്റൊരു സമയത്ത് അപ്രിയമായിരിക്കാം.ഒരിഷ്ടം
മറ്റൊരിഷ്ടത്തിന് വഴിമാറിയേക്കാം. കൃഷ്ണതുളസിപ്പൂവുകള്‍ ചൂടിയൊരശ്രുകുടീരം ഞാന്‍
എന്ന പാട്ട് കാലാതിവര്‍ത്തിയാണെങ്കിലും സാഹചര്യമനുസരിച്ച് കേള്‍ക്കാനുള്ള
ഇമ്പത്തിലും വ്യത്യാസങ്ങള്‍ വരുത്തും.അതുകൊണ്ട് സ്ഥിരമായ ഇഷ്ടം എന്ന സങ്കല്പത്തിന്
വലിയ പ്രസക്തിയില്ലെന്നു തന്നെ പറയണം.പിന്നെ നമ്മുടെ ചില കവികള്‍
സങ്കല്പിച്ചുവെച്ചിരിക്കുന്നതുപോലെ കല്പാന്തകാലത്തോളം ഒരേ പ്രണയച്ചൂട് പേറുന്ന
പ്രണയിനികള്‍ എന്നതൊക്കെ വെറും കല്പനകള്‍ മാത്രം.തൊങ്ങലുകള്‍ ചേര്‍ത്ത്
പാടിപ്പുകഴ്ത്താനുള്ള അത്തരം പാഴ്ശ്രമങ്ങളോട് , പക്ഷേ നമുക്കും ഐക്യദാര്‍ഡ്യം
പ്രഖ്യാപിക്കേണ്ടിവരുന്നത് ഗതികേട് എന്നേ പറയേണ്ടു
വീണ്ടും ചോദ്യത്തിലേക്ക്. അങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും
പ്രിയപ്പെട്ടത് എന്ന വിശേഷണത്തെ ഒഴിവാക്കി എത്ര കേട്ടാലും മടുക്കാത്തത് എന്ന
ജനുസ്സിലേക്ക് മാറ്റിയാല്‍ ഉത്തരത്തിലേക്ക് വന്നു കയറാന്‍ എത്രയോ പാട്ടുകള്‍ വരി
നില്ക്കുന്നുണ്ട്.അവയില്‍ ഏറ്റവും ആദ്യം മനസ്സിലേക്ക് വരുന്നവ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും
തീരം, ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നേയുമൊഴുകി , രാജശില്പീ
നീയെനിക്കൊരു , ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ , പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ , അരികില്‍
നീയുണ്ടായിരുന്നെങ്കില്‍ , നക്ഷത്ര ദീപങ്ങള്‍ തിളങ്ങി , കാട്ടിലെ പാഴ്മുളം തണ്ടില്‍
നിന്നും , യവനസുന്ദരീ സ്വീകരിക്കുകീ , ആരേയും ഭാവഗായകനാക്കും , ദുഖമേ നിനക്കു
പുലര്‍കാലവന്ദനം തുടങ്ങി എത്രയെത്ര പാട്ടുകള്‍.ഏതാണ് അപ്രിയം എന്ന് തിരിച്ചെടുക്കുകയായിരിക്കും
എളുപ്പം എന്നു തോന്നുന്നു.അതുകൊണ്ടു , ചോദ്യം ഉന്നയിച്ച പ്രിയപ്പെട്ട സുഹൃത്തേ ,
എന്റെ ഇഷ്ടം ഒന്നില്‍ മാത്രമായി ഒതുങ്ങുന്നില്ല. പ്രിയപ്പെട്ട ഒരുപാട് ഇഷ്ടങ്ങള്‍
എനിക്കുണ്ട്.തുല്യപദവികളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആ ഇഷ്ടങ്ങളിലെ
ഏറ്റക്കുറച്ചിലുകളുണ്ടാക്കാന്‍ ഞാനിഷ്ടപ്പെടാത്തതുകൊണ്ട് നിങ്ങളുടെ ചോദ്യം
അസാധുവായി പ്രഖ്യാപിക്കുന്നു.
Comments