#ദിനസരികള്‍‍ 184


കലാലയങ്ങളെ ഖലാലയങ്ങളാക്കുന്ന പ്രവര്‍ത്തനത്തിന് ഗതിവേഗം പകര്‍ന്നുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനകളെ കാമ്പസുകളില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. പൌരന്മാരുടെ അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ഏറെയുണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലങ്ങളില്‍ കോടതി കൂടി ജനാധിപത്യവിരുദ്ധമായി ചിന്തിക്കുകയും ഉത്തരവുകള്‍ നല്കുവാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ നിരന്തരമായ സമരങ്ങളിലൂടേയും സഹനങ്ങളിലൂടേയും ജനത നേടിയെടുത്ത അവകാശങ്ങളെ സംരക്ഷിക്കുവാന്‍ വീണ്ടും പ്രത്യക്ഷമായ പ്രക്ഷോഭങ്ങള്‍ തന്നെ ഉണ്ടാകേണ്ടത് അത്യാവശ്യമായിരിക്കുന്നു.  നിലവിലിരിക്കുന്ന സര്‍ക്കാറിന്റെ അഭിപ്രായം പോലും പരിഗണിക്കാതെ കവലച്ചട്ടമ്പികളെപ്പോലെ ഏകപക്ഷീയമായി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന പ്രവണത , പക്ഷേ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പിന് ഭൂഷണമല്ല. യാഥാര്‍ഥ്യങ്ങളെ കാണാത്ത , ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ വിധിക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ട്.
            പൊലീസിനെതിരെ കോടതി അലക്ഷ്യ നടപടിയുടെ ഭാഗമായി ഒരു കോളേജ് നല്കിയ പരാതിയിലാണ് കേരളത്തിന്റെ മുഴുവന്‍ കാമ്പസുകളേയും ബാധിക്കുന്ന ഈ വിധി ചീഫ് ജസ്റ്റീസ് നവനീതപ്രസാദടങ്ങുന്ന ബഞ്ച് പുറപ്പെടുവിച്ചത്.സംഘടനാപ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കാനടക്കമുള്ള നടപടികള്‍ക്ക് മാനേജ് മെന്റിന് അനുവാദം നല്ക്കുന്ന കോടതിയുടെ വിധി ഭരണഘടനയുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്നതായി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിക്കുവാനുള്ളതാണെന്നും അവിടെ രാഷ്ട്രീയം ആവശ്യമില്ലെന്നും രാഷ്ട്രീയം വേണമെന്നുള്ളവര്‍ക്ക് കോളേജിനു പുറത്തുപോകാമെന്നുമുള്ള കോടതിയുടെ കല്പന അനുചിതവും സാമൂഹ്യബോധമില്ലാത്തതുമാണെന്നു പറയാതെ വയ്യ. കാമ്പസുകളില്‍ നടക്കുന്ന അരാഷ്ട്രീയ പ്രവണതകള്‍ , മാനേജുമെന്റുകളുടെ തോന്ന്യവാസങ്ങള്‍ , മദ്യമയക്കുമരുന്നു മാഫിയകളുടെ വിളയാടങ്ങള്‍ എന്നിവക്കൊക്കെ ഈ വിധി വളം വെച്ചുകൊടുക്കുന്നതാകും. കാമ്പസുകളില്‍ ചോദ്യം ചെയ്യപ്പെടാനാളില്ലെന്നു വന്നാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത മാനേജുമെന്റുകളാണ് ഇവിടെയുള്ളതെന്നത് കോടതി സൌകര്യപൂര്‍വ്വം മറന്നുവോ ? ഇടിമുറികളടക്കമുള്ള പീഢനസംവിധാനങ്ങളുമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ കുട്ടികളെ മര്‍ദ്ദിച്ചു കൊല്ലാന്‍ പോലും ധൈര്യം കാട്ടിയത് കോടതിക്കറിയില്ലേ? സംഘടനാ പ്രവര്‍ത്തനം കൊണ്ടുണ്ടാകുന്ന സാമൂഹ്യബോധം പൌരബോധമുള്ള നല്ല ജനതയെ സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നു കോടതി കാണാതിരുന്നത് ദൌര്‍ഭാഗ്യകരമായിപ്പോയി.
ഈ വിധി പ്രസ്ഥാവിക്കുമ്പോള്‍ കോടതി കാല്‍ കുത്തി നിന്ന ബോധം എന്തായിരിക്കും ? കോളേജുകള്‍ പഠിക്കാനുള്ളവര്‍ക്കുള്ളതാണെന്നു പറയുമ്പോള്‍ എന്തായിരിക്കും കോടതി ചിന്തിച്ചിട്ടുണ്ടാവുക? പറമ്പു കിളയ്ക്കുന്നവര്‍ കിളച്ചാല്‍ മതി. പാറ പൊട്ടിക്കുന്നവര്‍ അപ്പണിയെടുത്താല്‍ മതി.വിമാനം പറത്തുന്നവര്‍ പറത്തിയാല്‍ മതി.എഴുതുന്നവന്‍ എഴുതിയാല്‍ മതി. ഉദ്യോഗസ്ഥന്‍ ഉദ്യോഗസ്ഥനായാല്‍ മതി.വക്കീല്‍ വക്കീല്‍പ്പണി എടുത്താല്‍ മതി.പൂജാരി പൂജാരി ആയാല്‍ മതി. ദളിതന്‍ ദളിതനായാല്‍ മതി.കൊല്ലന്‍ കൊല്ലപ്പണി എടുത്താല്‍ മതി.വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതി എന്നു പറയാന്‍ കോടതിക്കെന്താണവകാശം? നാളെ ഇതേ ന്യായം പറഞ്ഞ് ആശുപത്രികള്‍ കോടതിയെ സമീപിച്ചാല്‍ നഴ്സുമാരുടെ സമരം നിരോധിക്കുമോ? സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിരോധിക്കുമോ? മറ്റു തൊഴിലാളി സംഘടനകളുടെ സമരം നിരോധിക്കുമോ? കിളക്കുന്നവര്‍ കിളച്ചാല്‍ മതി,  അതിനപ്പുറമുള്ള കാര്യങ്ങളിലൊന്നും ഇടപെടേണ്ടതില്ല എന്നു പറയുന്നതുപോലെ തന്നെ  വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതിയെന്നും പറയുമ്പോള്‍ അതാണ് ശരിയെന്ന് നാം തലകുലുക്കി സമ്മതിക്കുന്നുവെങ്കില്‍ നമ്മുടെ ജനാധിപത്യബോധ്യങ്ങളെ തിരുത്തുവാന്‍‌ സമയമായി എന്നാണര്‍ത്ഥം.

ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി , പൌരന്റെ സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി മറ്റാരാണ് സമരം ചെയ്യാണുണ്ടാവുക ? അതാതുരംഗത്തുള്ളവര്‍ അതാതു പണികളെടുത്താല്‍ മതിയെന്ന കല്പനയുടെ മാനദണ്ഡം എന്താണ് ? പൊതുവായ സാമൂഹികാവകാശങ്ങള്‍ക്കുവേണ്ടി എങ്ങനെയാണ് ഇനിയും മുന്നിട്ടിറങ്ങുക ? വക്കീല്‍പ്പണി മാത്രമെടുത്തിരുന്നെങ്കില്‍ ഇന്ത്യക്ക് മഹാത്മാഗാന്ധിയെ കിട്ടുകയില്ലായിരുന്നെന്നെങ്കിലും നമ്മുടെ കോടതികള്‍ ഓര്‍ക്കാതെ പോയത് കഷ്ടമാണ്.വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനവും അഭ്യസിക്കേണ്ടത് ഭരണഘടനയുടെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണ്.നല്ല രാഷ്ട്രീയബോധമുള്ള ജനതക്കുമാത്രമേ നമ്മുടെ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള ശക്തിയുണ്ടാകൂ.അതുകൊണ്ട് ജനാധിപത്യത്തിന് ശക്തിപകരുന്ന ഒന്നാണ് കലാലയരാഷ്ട്രീയമെന്ന തിരിച്ചറിവ് കോടതികള്‍ക്ക് ഉണ്ടാകണം.അങ്ങനെ ഉണ്ടാകുന്നില്ലെങ്കില്‍ കോടതികളുടെ ഇടപെടലുകളെ മറികടക്കാനാവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാകുകതന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം