#ദിനസരികള്‍ 183


കുതന്ത്രങ്ങളുടെ തമ്പുരാനായ ഉമ്മന്‍ ചാണ്ടിക്ക് കാലം കരുതിവെച്ച കുരുക്കാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടാകുന്ന നടപടികളും എന്ന കാര്യത്തില്‍ കേരളത്തിലെ ചിന്തിക്കുന്ന ജനതക്ക് സംശയമില്ല.ഒരു മിനിട്ടില്‍ അറുപതു് ഒപ്പുകള്‍ ഇട്ടിരുന്ന അസാമാന്യനായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ വീരസാഹസികകൃത്യങ്ങള്‍ പാടിനടക്കുന്ന ഭക്തശിരോമണികള്‍ ഇപ്പോഴുമുണ്ടാകാം. എന്നാല്‍ അദ്ദേഹം തനിക്കു ചുറ്റുമായി പണിതുയര്‍ത്തിയിരുന്ന നുണകളുടെ പെരും കോട്ടകളാകെ തകര്‍ന്നു വീണിരിക്കുന്നു എന്നവര്‍ മനസ്സിലാക്കുന്നില്ല. അദ്ദേഹം എടുത്തണിഞ്ഞിരുന്ന മുഖം മൂടി വലിച്ചു മാറ്റപ്പെട്ടിരിക്കുന്നു. രാജാവ് നഗ്നനാണ് എന്ന് ഒരു കുട്ടിമാത്രമല്ല , ലോകമാകെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഉമ്മന്‍ ചാണ്ടി നുണപരിശോധനക്കു തയ്യാറാകാതിരിക്കുകയും സരിത എസ് നായര്‍ തയ്യാറാകുകയും ചെയ്തതോടെ കാര്യങ്ങള്‍ ജനങ്ങള്‍ക്കു വ്യക്തമായതാണ്. ഈ മുന്‍മുഖ്യന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ ഒരു കുറിപ്പില്‍ ഒതുക്കാനാവാത്തതാണ്.
            സരിതയെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന് അറിയാം എന്നു സത്യസന്ധമായി ഉത്തരം പറഞ്ഞിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരല്പം വിശ്വാസ്യത കൂടുതല്‍ കിട്ടിയേനെ. എന്നാല്‍ അദ്ദേഹം ആദ്യം പറഞ്ഞത് അറിയില്ല എന്നായിരുന്നു.അദ്ദേഹത്തിന്റെ കാതില്‍ സരിത സ്വകാര്യം പറയുന്ന ചിത്രങ്ങളുമായി മാധ്യമങ്ങള്‍ വന്നപ്പോള്‍ കടപ്ലാമറ്റത്തെ പരിപാടിയില്‍ വെച്ച് സരിതയെ കണ്ടിരുന്നു എന്നും അങ്ങനെ ആരൊക്കെ വരുന്നു അതൊന്നും ഓര്‍ത്തിരിക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.എന്നാല്‍ സോളാര്‍ കമ്മീഷന്റെ മുമ്പാകെ എത്തുമ്പോള്‍ കുറഞ്ഞത് മൂന്നുതവണയെങ്കിലും താന്‍ സരിതയെ കണ്ടുവെന്ന് ഉമ്മന്‍ ചാണ്ടി സമ്മതിക്കുന്നുണ്ട്. സരിതയെയെന്നല്ല ആരേയും മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു കാണാം. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ കണ്ടില്ല എന്ന് അസന്നിഗ്ദമായി പറയുകയും അതിനെതിരെയുള്ള തെളിവുകള്‍ പുറത്തുവരികയും ചെയ്തതോടെ കേരള ജനത ഉമ്മന്‍‌ ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ തുടങ്ങി.പിന്നീടങ്ങോട്ട് സോളാര്‍ കേസിലേക്ക് വന്നു വീഴുന്ന യു ഡി എഫ് നേതൃത്വത്തിലെ ഉന്നതന്മാരെ കണ്ട് കേരളം നടുങ്ങി.
            സമകാലികലോകം കണ്ട ഏറ്റവും ഉജ്ജ്വലമായ ഒരു സമരത്തിലൂടെ എല്‍ ഡി എഫിന് ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കുവാന്‍ കഴിഞ്ഞു.ഉമ്മന്‍ ചാണ്ടി തന്നെ നിയമിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ മാനഭംഗം , അഴിമതി , അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുവാന്‍ നിര്‍‌ദ്ദേശിച്ചിരിക്കുന്നു.അതോടൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദും ജോസ് കെ മാണിയും അടുര്‍ പ്രകാശും കെ സി വേണുഗോപാലും പി സി വിഷ്ണുനാഥുമടക്കമുള്ള യു ഡി എഫ് നേതാക്കന്മാരും വിവിധ കുറ്റങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൂട്ടുപ്രതികളാണ്.ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ തമ്പാനൂര്‍ രവി നടത്തിയ ഫോണ്‍ സംഭാഷണമടക്കമുള്ള രേഖകള്‍ പുറത്തുവന്നിട്ടുമുണ്ട്. ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓരോ നിലപാടിനു ചുറ്റും പുകമറകളുണ്ട് എന്ന കാര്യം വ്യക്തമാണ്.പാറ്റൂര്‍ ഭൂമിയിടപാടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത് ഈ മേഖലയില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമാകട്ടെ !
            ഈ കേസുകളെക്കുറിച്ച് എതിര്‍പ്പുള്ളവരുടെ വാദമുഖങ്ങള്‍കൂടി പരിശോധിച്ചുനോക്കുന്നത് നന്നായിരിക്കും. യു ഡി എഫ് നേതാക്കളുടെ അവസരവാദമുഖത്തിന് ഉദാഹരണമാകും നിലവാരമില്ലാത്ത പകപോക്കലെന്നാണ് ഒരു വാദം. ഇവിടെ എങ്ങനെയാണ് പകപോക്കല്‍  നടത്തുന്നത്? കാര്യങ്ങള്‍ ഇങ്ങനെയല്ലെന്നും കമ്മീഷന്‍ തെറ്റായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ജനങ്ങളെ ബോധിപ്പിക്കാനുള്ള സുവര്‍ണ അവസരമാണ് കിട്ടിയിരിക്കുന്നത്. കമ്മീഷനെതിരേയും സര്‍ക്കാരിനെതിരേയും അവര്‍ കോടതിയെ സമീപിക്കട്ടെ. ജനാധിപത്യത്തിലും കോടതിയിലും വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത് അതാണല്ലോ.അല്ലാതെ ഉമ്മന്‍ ചാണ്ടിതന്നെ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലുകളെ എങ്ങനെയാണ് ഒരു ജനകീയ സര്‍ക്കാര്‍ അവഗണിക്കുക? അന്വേഷണം നടക്കുകതന്നെ വേണം. ആരോപണങ്ങളില്‍ സത്യമില്ലെങ്കില്‍പ്പിന്നെ ആരെയാണ് ഭയക്കേണ്ടത് ?
            മറ്റൊന്ന് സരിതയെപ്പോലെയുള്ള എന്ന തുടങ്ങുന്ന യു ഡി എഫ് സംഘത്തിന്റെ പ്രയോഗമാണ്. സരിതയെ വിശ്വാസ്യതയില്ലാത്തവളാക്കാനും ദുര്‍നടപ്പുകാരിയാക്കിമാറ്റുവാനുമുള്ള ഒരു രഹസ്യ അജണ്ട ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സരിതയെ അപഹാസ്യയാക്കിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയെ വെള്ള പൂശാനുള്ള ശ്രമം നടപ്പാകുമെന്ന് തോന്നുന്നില്ല. ചെവിയില്‍‌ സ്വകാര്യം പറയാനും , സരിതയുമായി അടച്ചിട്ട മുറിയില്‍ കുടുംബകാര്യം സംസാരിക്കുവാനുമൊക്കെ ഉമ്മന്‍‌ ചാണ്ടിക്ക് കഴിഞ്ഞത് കേരളം കണ്ടതാണ്. അപ്പോഴൊന്നും സരിതയെക്കുറിച്ച് ഇങ്ങനെയായിരുന്നില്ല പറഞ്ഞിരുന്നത്. സോളാര്‍ കേസ് പുറത്തു വന്നതോടെ ആ സ്ത്രീയെക്കുറിച്ച് അപവാദം പറയാനും പ്രചരിപ്പിക്കാനും ആളുകളുണ്ടാതില്‍ അത്ഭുതമില്ല.സ്ത്രീയെ പിഴച്ചവളാക്കുന്നത് വീരത്വവും പിഴപ്പിച്ചതിനു ശേഷം പഴിക്കുന്നത് ആഡ്യത്തവുമായി കരുതിവരുന്നവരില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനാണ്? കാര്യം സാധിപ്പിച്ചുകൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവരെ ചൂഷണം ചെയ്തിരിക്കുന്നതെന്ന കാര്യം പോലും നാം സൌകര്യപൂര്‍വ്വം മറക്കുന്നു. അതിന് അവള്‍ തയ്യാറായിട്ടല്ലേ എന്നാണ് മറുചോദ്യം. ഒരുവള്‍ തയ്യാറായാല്‍ പോലും ഉമ്മന്‍ ചാണ്ടിയടക്കമുള്ള പരിണതപ്രജ്ഞരായ രാഷ്ട്രീയ നേതൃത്വം ആ വലിയിലേക്ക് ആകര്‍ഷിക്കപ്പെടാമോ എന്ന ചോദ്യത്തിനാണ് ധാര്‍മികത കൂടുതല്‍ എന്നു കേരളം കരുതുന്നു.
            റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാത്തതിനെക്കുറിച്ചും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.ജൂഡീഷ്യല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എടുത്ത നടപടികള്‍ സഹിതം നിയമസഭയില്‍ വെച്ചാല്‍ മതി എന്നാണ് ചട്ടം. ഇത്രയും കോളിളക്കമുണ്ടാക്കിയ ഒരു കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നത് സര്‍‌ക്കാറുകളുടെ ജനാധിപത്യപരമായ ബാധ്യതയാണ് എന്ന കാര്യം നാം വിസ്മരിക്കാതിരിക്കുക.ബി ജെ പിക്ക് ഗുണമാകുന്നു എന്നാണ് മറ്റൊരു നിരീക്ഷണം. ബി ജെപിയുടെ വര്‍ഗ്ഗീയ അജണ്ടക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സമരങ്ങളും സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നതുപോലെ തന്നെ അധികാരം ദുര്‍വിനിയോഗം ചെയ്ത് കീശവീര്‍പ്പിക്കുവാനും സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുവാനും മടികാണിക്കാത്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നതും ഇടതുപക്ഷത്തിന്റെ കടമയാണ്.

            എന്തായാലും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കലര്‍പ്പില്ലാത്തതാണ് എന്നു കരുതരുത്. ടി എച്ച് മുസ്തഫയുടെ പാമോലിന്‍ കേസിലെ പ്രതികരണം , കരുണാകരനെതിരെ പിന്നീട് വെറും ചാരക്കേസായി മാറിയ ഐ എസ് ആര്‍  ഒ കേസില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കങ്ങള്‍ , ആന്റണിയെ കെട്ടുകെട്ടിക്കാന്‍ നടത്തിയ ഉപജാപങ്ങള്‍ , മാണിയെ കൂടെ നിറുത്താന്‍ കളിച്ച കളികള്‍ ഇങ്ങനെ എത്രയോ നീക്കങ്ങളുണ്ട് ഉമ്മന്‍‌ ചാണ്ടിയുടെ അക്കൌണ്ടിലെന്ന് ചരിത്രം തിരയുന്നവര്‍ക്ക് അറിയാം.പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുന്നത് കാലം മുന്‍കൈയ്യെടുത്ത് ചെയ്യുന്ന പ്രതികാരമായിരിക്കാം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1