#ദിനസരികള്‍ 182


അതിരുകള്‍ സങ്കല്പിക്കാന്‍ പോലുമാകാത്ത അനന്തവിസ്തൃതമായ ഈ  മഹാപ്രപഞ്ചത്തില്‍ മനുഷ്യനെന്ന നിലയില്‍ നാം തനിച്ചാണോ?  ആകാശവിതാനങ്ങളിലെ ഏതെങ്കിലും തേജോഗോളങ്ങളില്‍ മനുഷ്യതുല്യമായ ജീവിതം പുലര്‍ത്തുന്ന മറ്റേതെങ്കിലും ജീവിവര്‍ഗ്ഗങ്ങളുണ്ടോ ? അല്ലെങ്കില്‍ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയായി വിരാജിക്കുന്ന ഈ മഹാപ്രപഞ്ചത്തില്‍ നമ്മുടെ ഈ നീലജലഗോളമൊഴിച്ച് ബാക്കിയെല്ലാം അപാരമായ തരിശാണോ? ഇതരഗോളങ്ങളില്‍ ജീവനുണ്ടോ എന്നന്വേഷിക്കുന്ന എത്രയോ പഠനങ്ങള്‍ നാം നടത്തി. എത്രയോ യാത്രകള്‍ ബാഹ്യാകാശങ്ങളിലേക്ക് നാം നടത്തി. ഭൂമിക്ക് പുറത്ത് മറ്റേതെങ്കിലും സ്ഥലികളില്‍ ജീവനുണ്ടെന്നുള്ളതിന് ഒരു തെളിവും നമുക്കിതുവരെ ലഭിച്ചിട്ടില്ലയെന്നത് ഭൂമിയൊഴിച്ച് മറ്റിടങ്ങളിലൊന്നിലും ജീവനില്ല എന്ന നിഗമനത്തിലേക്കാണോ നമ്മെ നയിക്കുക?
            ഈ പ്രപഞ്ചത്തില്‍ നാം തനിച്ചോ എന്ന ചോദ്യമുന്നയിക്കുന്നത് ഡോക്ടര്‍ ഹമീദ് ഖാനാണ്.പ്രസിദ്ധനായ പ്രഭാഷകനും ശാസ്ത്രജ്ഞനുമായ അദ്ദേഹത്തിന്റെ ഇതേ പേരിലുള്ള പുസ്തകം ഡി സി ബുക്സ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രസ്തുത പുസ്തകത്തിലെ ഒരു ലേഖനമാണ് പ്രപഞ്ചത്തില്‍ ഇതര ജീവികളുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നത്.ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കേണ്ടത് ജീവനുണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ നിലനില്ക്കന്നുവെന്ന് നാം കരുതുന്ന സ്ഥലങ്ങളിലാണ്.നാം കണ്ടെത്തിയ അന്യസൌരയുഥങ്ങളില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ട്.അവിടെ ജീവന്‍ കുരുക്കുന്നതിനാവശ്യമായ സാഹചര്യങ്ങളുണ്ടോയെന്നാണ് അറിയേണ്ടത്.എന്നുമാത്രവുമല്ല ഉത്തരം കണ്ടെത്തേണ്ടതായ ഒരു പിടി ചോദ്യങ്ങളുണ്ട്. ശ്രീ ഹമീദ് ഖാന്‍ എഴുതുന്നു ഈ പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനം എന്താണ്? പ്രപഞ്ചത്തിലെ ജീവികള്‍ സാധാരണമോ മറിച്ചോ ?പറക്കുംതളികകള്‍ എന്നാലെന്ത് ? അവ മറ്റുലോകങ്ങളില്‍ നിന്നു വന്നവയാണോ? സൌരയുഥത്തില്‍തന്നെ വ്യാഴത്തിലോ മറ്റോ ജീവനുണ്ടോ ? ബുദ്ധിശക്തിയുള്ള ജീവനുകളെത്തേടി നാം എങ്ങോട്ടാണ് പോകേണ്ടത്?അത്തരം ജീവികള്‍ നിലവിലുണ്ടെന്ന് നാം കരുതുന്നതിന്റെ അടിസ്ഥാനമെന്ത് ?നമ്മുടെ റേഡിയോ സിഗ്നലുകള്‍ മറ്റേതെങ്കിലും ഗോളത്തിലിരുന്ന് ശ്രവിക്കപ്പെടുന്നുണ്ടോ? അന്യഗോളജീവികള്‍ നമ്മോട് എന്തെങ്കിലും പറയുന്നുണ്ടോ ?” ഇത്തരം ചോദ്യങ്ങള്‍ നിരവധിയാണ്. അസന്നിഗ്ദമായ ഒരുത്തരവും നമ്മുടെ മുന്നിലില്ല. ഊഹാപോഹങ്ങളുടെ പുകമറ ധാരാളമായുണ്ടുതാനും. ഇത്തരം സന്നിഗ്ദഘട്ടത്തില്‍    അനന്തമജ്ഞാതമവര്‍ണനീയം ഈലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു എന്നു പറഞ്ഞ നമ്മുടെ കവിയെ മുറുകെ പിടിക്കുകയല്ലാതെ നമുക്കെന്തു വഴി?

           

            

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍