#ദിനസരികള്‍ 180


ദളിതരെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനനുവദിച്ചുകൊണ്ട് ലോകത്തിന്റെ മുമ്പില്‍ കേരളം ഒരു പുതിയ മാതൃക കൂടി കാഴ്ചവെച്ചിരിക്കുന്നു. പാരമ്പര്യമായി സിദ്ധിച്ച പൂണുനൂലിന്റെ പിന്‍ബലത്താല്‍ അബ്രാഹ്മണരെ അകറ്റി നിറുത്തിയിരുന്നവര്‍ക്ക് ഇന്നവരെ സ്വീകരിച്ചിരുത്തേണ്ടിവന്നു.മാതൃഭൂമിയുടെ ഇന്നത്തെ (10-10-17) മുഖപ്രസംഗത്തില്‍ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു ശ്രീനാരായണഗുരുവിന്റെ ശിവപ്രതിഷ്ഠയും അവർണരുടെ ക്ഷേത്രപ്രവേശനവും നടന്ന തിരുവിതാംകൂറിൽനിന്ന്‌ വെളിച്ചത്തിന്റെ മറ്റൊരുവാർത്തകൂടി വരുന്നു-തിരുവിതാംകൂർ ദേവസ്വം ബോർഡിനു  കീഴിലുള്ള ക്ഷേത്രങ്ങളിൽ 36 അബ്രാഹ്മണരായ ശാന്തിക്കാർക്കു നിയമനം. 1936-ൽ തിരുവിതാംകൂറിലെ രാജഭരണകൂടം നടത്തിയ ക്ഷേത്ര പ്രവേശനവിളംബരത്തിനു സമാനമാണ്‌ ജനാധിപത്യസർക്കാരിന്റെ ഈ നടപടി. കേരളത്തിന്റെ  സാമൂഹിക ചരിത്രത്തിലെ മറ്റൊരു വെള്ളിരേഖ
            ബ്രാഹ്മണ്യത്തോടുള്ള വിധേയത്വത്തിന് അവസാനമായിരിക്കുന്നു. ഇരുപത്തി രണ്ടു വയസ്സുള്ള പുലയ സമുദായത്തില്‍ ജനിച്ച യദുകൃഷ്ണ ഉള്‍‌പ്പെടെയുള്ള മുപ്പത്തിയാറു പേരെയാണ് ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡ് വിവിധ ക്ഷേത്രങ്ങളിലെ ശാന്തിക്കാരായി നിയമിച്ചത്.തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തില്‍ ജോലിക്കെത്തിയ യദുകൃഷ്ണക്ക് വിശ്വാസികള്‍  ഒരുക്കിയത് വന്‍സ്വീകരണമാണ്. ജനമസ്സുകളില്‍ ഈ തീരുമാനത്തിനോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തുന്നതാണ് സ്വീകരണത്തിനായി എത്തിച്ചേര്‍ന്ന ജനക്കൂട്ടം.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ഹിന്ദുത്വ അജന്‍ഡ വെച്ച് പ്രവര്‍ത്തിക്കുന്ന സംഘപരിവാരപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കിണറ്റില്‍ നിന്നും കുടിക്കാന്‍ വെള്ളമെടുത്തു എന്നതിന്റെ പേരില്‍ ദളിതരെ ആക്രമിച്ചുകൊല്ലുന്ന സാഹചര്യം നിലനില്ക്കുമ്പോഴാണ് കേരളത്തില്‍ നിന്ന് മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ദളിതര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനും പൂജ നടത്തുവാനും അവകാശം നല്കുന്ന തീരുമാനത്തിന് രാഷ്ട്രീയമായും വളരെയേറെ പ്രാധാന്യമുണ്ട്. വേദാധികാരവും പൂജാധികാരവും ഒരു ജാതിയുടെമാത്രം കുത്തകയല്ലെന്ന്‌ എത്രയോ വർഷങ്ങൾക്കുമുമ്പാണ്‌ ചട്ടമ്പിസ്വാമികൾ പറഞ്ഞത്‌. കാലംകഴിഞ്ഞിട്ടും ഹിന്ദുധർമത്തിലും ക്ഷേത്രങ്ങളിലെ ദേവപൂജയിലും ജാതിക്കോയ്മ നിലനിൽക്കുന്നത്‌  ദുഃഖകരമാണ്‌.
അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിർമിച്ചു ചെറുമനേയും
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും
ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്ദുധർമമേ, ജാതിമൂലം ! “ എന്ന് മാതൃഭൂമി എഴുതുന്നത് കൃത്യമായ നിരീക്ഷണമാണ്.
സമൂഹത്തിലാകമാനം മാറ്റത്തിന്റെ കേളികൊട്ട് ഉയരുമ്പോഴും നമ്മുടെ ഇടയില്‍ സുരേഷ് ഗോപിമാര്‍ നിലനില്ക്കുന്നു എന്ന വേദനിപ്പിക്കുന്ന വസ്തുത നാം കാണാതെ പോകരുത്. മനുഷ്യനെ മനുഷ്യനായി കാണുകയും സമീപിക്കുകയും ചെയ്യുന്ന മൂല്യബോധങ്ങളല്ല അവരെ നയിക്കുന്നത്. മനുഷ്യരെ ജാതീയമായി വേര്‍തിരിച്ചു കൊണ്ട് ഉച്ച നീചത്വങ്ങള്‍ ആരോപിക്കുന്ന സുരേഷ് ഗോപിയെപ്പോലെയുള്ളവരെ കേരളം കരുതലോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ ഇതുവരെ നാം നേടിയെടുത്ത മാനവിക മൂല്യങ്ങളെയാകമാനം അത്തരക്കാര്‍ അട്ടിമറിക്കും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1