#ദിനസരികള്‍ 178
കവിത എഴുതുന്നതിന് വൃത്തം
വേണോ?വേണ്ട.വൃത്തമില്ലാത്തവയില്‍
കവിതയുണ്ടാകാറുണ്ട്. വൃത്തമുള്ളവയില്‍ കവിത ഇല്ലാത്തവയുമുണ്ട്.ഒന്ന് ത്യാജ്യം, മറ്റേത്
ഗ്രാഹ്യം എന്നില്ല.ഇതിവൃത്തത്തിന്റെ ഭാവസാരള്യത്തിനനുസരിച്ചു ചേര്‍ക്കപ്പെടുന്ന
രസക്കൂട്ടുകളില്‍ ഒന്നുമാത്രമാണ് ഈ വൃത്തവും വൃത്തമില്ലായ്മയും. കവിതയെ
കവിതയാക്കുന്നതിന് അനുബന്ധമായി മറ്റനേകം ഘടകള്‍ കൂടി സമഞ്ജസമായി
സമ്മേളിക്കേണ്ടതുണ്ടെന്നു സാരം.പക്ഷേ ഇക്കാലത്ത് വൃത്തത്തിലെഴുതുന്നതും അതിനു
ശ്രമിക്കുന്നതും പഴഞ്ചനാണെന്നൊരു ധാരണ പൊതുവേ പരന്നിട്ടുണ്ടോ ? അങ്ങനെ
ശ്രമിക്കുന്നവര്‍ക്ക് കവിതയിലൂടെ നൂതനാശയങ്ങളെ അനുവാചകന് പകര്‍ന്നു നല്കുവാന്‍
കഴിയാറില്ല എന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടെന്ന്
എനിക്കു തോന്നുന്നു.അത്തരക്കാരോട് എനിക്ക് അഭിപ്രായ വ്യത്യാസം പറയാതെ വയ്യ.
രണ്ടുതരം താളങ്ങളിലാണ് കവിത
അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. ഒന്ന് ആന്തരികമായ താളം. രണ്ട് ബാഹ്യമായ
താളം.ആന്തരികമായ താളം എന്നതുകൊണ്ടുദ്ദേശിക്കുന്നത് , കവിതയോട് ഒട്ടിച്ചേര്‍ന്നു
നില്ക്കുന്ന ആശയപരമായ ലോകത്തെയാണ്.ആ ലോകമാണ് കവിതയുടെ കരുത്ത്. ബാഹ്യമായി
എന്തൊക്കെ കോലാഹലങ്ങള്‍ അഥവാ അലങ്കാരങ്ങള്‍ തൂക്കിയാലും ആശയപരമായ കെട്ടുറപ്പില്ല എങ്കില്‍
സഹൃദയന്മാര്‍ ഓടിയൊളിക്കും.അതുകൊണ്ട് കവിതയ്ക്ക് എല്ലുറപ്പുള്ള ആശയമെന്ന അസ്ഥിവാരം
അനിവാര്യമാണെന്ന് വരുന്നു അത്തരം അസ്ഥിവാരത്തിനുമുകളില്‍ ആശയത്തോടിണങ്ങി
നില്ക്കുന്ന തരത്തില്‍ മറ്റൊരു താളം നിലനില്ക്കുണം.അതിനെയാണ് ബാഹ്യമായ താളം എന്നു
പറയുന്നത്. വൃത്തവും ചതുരവുമൊക്കെ ഇത്തരുണത്തില്‍ കവിതയുടെ ബാഹ്യലോകത്തെ
അനുവാചകരോട് അടുപ്പിക്കുന്നു.ആന്തരികമായ താളത്തോട് ഇണങ്ങി നില്ക്കുവാന്‍
ഉപയോഗിക്കപ്പെടേണ്ട ബാഹ്യരൂപങ്ങളെന്തൊക്കെ എന്ന് നിശ്ചയിക്കുന്നിടത്താണ് കവിത
വൃത്തത്തിലാകണോ വേണ്ടയോ എന്ന തര്‍ക്കം ഉടലെടുക്കുന്നത്.
ഇങ്ങനെയൊരു പരിശോധന നടത്തിയാണോ എല്ലാ കവികളും എഴുതാറുള്ളത്?അല്ലെന്നാണ്
മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അവര്‍ ഗദ്യത്തില്‍ ചിന്തിക്കുന്നു.
ഗദ്യത്തിലെഴുതുന്നു. എന്തുകൊണ്ട് ?
കൂടുതല്‍ എളുപ്പം എന്നൊരു ഘടകം ഇവിടെ ഈ തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നു.കൂടുതല്‍
ശേഷിയും ശേമുഷിയും വൃത്തത്തിലെഴുതുന്നവര്‍ക്ക് ആവശ്യമാണ്.വായില്‍ വരുന്നത്
വരിമുറിച്ച് എഴുതിവെക്കുന്നതാണ് കവിത എന്നു ചിന്തിച്ചുറപ്പിച്ചു
വെച്ചിരിക്കുന്നവര്‍ക്ക് ഈ ലോകം അപ്രാപ്യമാണ്.അശയത്തോട് പാരസ്പര്യം പുലര്‍ത്തുന്ന
വാക്കുകളുടെ തിരഞ്ഞെടുപ്പും ആ വാക്കുകളുടെ താളാത്മകമായ വിന്യാസംകൊണ്ട് ആശയത്തോട്
പൊരുത്തപ്പെട്ടുപോകുന്ന രൂപവുമൊക്കെ നിശ്ചയിച്ചെടുക്കുക അത്ര എളുപ്പമല്ല. കവിയുടെ ശേഷി
പ്രധാന ഘടകമാകുന്നത് ഇവിടയാണ്. നവീനമായ ആശയങ്ങളെ അവതരിപ്പിക്കുവാന്‍ വൃത്തഘടന
വിഘ്നമുണ്ടാക്കും എന്ന ധാരണ പുലര്‍ത്തുന്നവര്‍ കവിത എന്താണെന്ന് അറിഞ്ഞിട്ടില്ല
എന്ന് പറയേണ്ടിവരും.കവിത പിന്നിട്ടു പോന്ന വഴികളേയോ ചവിട്ടി നില്ക്കുന്ന ഇടങ്ങളേയോ
അവര്‍ പരിചയിച്ചിട്ടുണ്ടാവില്ല.അത്തരക്കാര്‍ക്ക് വൃത്തബദ്ധരീതി ബാലികേറാമല
തന്നെയായിരിക്കും .
Comments