#ദിനസരികള്‍ 177


കവിയെന്നപോലെതന്നെ കൃതഹസ്തനായ ഒരു വിമര്‍ശകന്‍ കൂടിയായിരുന്നുവല്ലോ ശ്രീ അയ്യപ്പപ്പണിക്കര്‍.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നല്ലൊരു വിമര്‍ശകന്‍ ആയതുകൊണ്ടാകണം അദ്ദേഹം നല്ലൊരു കവിയുമായത്.അയ്യപ്പപ്പണിക്കരുടെ കവിതകള്‍ നിര്‍വഹിക്കുന്ന സാമൂഹികവിമര്‍ശനമെന്ന ദൌത്യത്തെ നമുക്ക് അവഗണിക്കുക വയ്യ.അദ്ദേഹം 1990 മുതല്‍ 2005 വരെ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ എന്ന പുസ്തകം.വിമര്‍ശകന്‍ എന്ന നിലയില്‍ പണിക്കര്‍ കീഴടക്കിയ ഔന്നത്യങ്ങള്‍ ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.ആ പുസ്തകത്തിന്റെ ഇരുന്നൂറ്റിമുപ്പത്തിനാലാം പേജില്‍ ഒരു ചെറിയ ലേഖനമുണ്ട്.വാഗര്‍ത്ഥപ്പൊരുത്തം എന്ന ആ ലേഖനം പേരുകൊണ്ടുതന്നെ എന്നെ ആകര്‍ഷിച്ചിരിക്കുന്നു.വാക്കുവരുന്ന വഴിയും അത് അര്‍ത്ഥങ്ങളുണ്ടാക്കുന്ന രീതിയും പഠിക്കുക എന്നത് രസകരമാണ്.വാക്കും അര്‍ത്ഥവും തമ്മില്‍ അഭിന്നമായിരിക്കണമെന്ന പ്രാര്‍ത്ഥനക്ക് കാളിദാസനും വഴിപ്പെടുന്നുണ്ട് , രഘുവംശത്തില്‍. (വാഗര്‍ത്ഥാവിവ സംപൃക്തൌ ) ഒരു കവിതയില്‍ ചിത്തത്തില്‍ വാക്കുറയ്ക്കട്ടെ , വാക്കില്‍ ചിത്തവുമങ്ങനെ എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയും എഴുതുന്നുണ്ട്. വാക്കിനോട് അര്‍ത്ഥവുംകൂടി ചേര്‍ന്നു നില്ക്കുമ്പോഴേ ഊക്കന്‍ ഭൂമിയോളം വാക്കിനു തൂക്കം കിട്ടുകയുള്ളു എന്നാണ് കുഞ്ഞുണ്ണിമാഷ് പറയുക.വാരിധിതന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ , പദാവലി തോന്നേണം കാലേ കാലേ എന്ന എഴുത്തച്ഛന്റെ അര്‍ത്ഥനയും പരിഗണിക്കേണ്ടതാണ്.
            അതുകൊണ്ട് വാക്കും അര്‍ത്ഥവും അഭിന്നമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്ക് ധാരണയുണ്ടാകണം.വാക്കും അര്‍ത്ഥവും പറച്ചിലും പ്രവര്‍ത്തിയും ഒന്നിക്കുന്നതാണ് സാഹിത്യം.സാഹിത്യകാരന്‍ വാക്കില്‍ ഒതുങ്ങി പ്രവര്‍ത്തി വിമുഖനാകുന്നത് ദോഷമാണ്., പ്രവര്‍ത്തിയില്‍ ഒതുങ്ങി വാക്കുപേക്ഷിക്കുന്നത് കഷ്ടവുമാണ്.എന്ന് അയ്യപ്പപ്പണിക്കര്‍ എഴുതുന്നു.സമകാലികരായ നമ്മുടെ എഴുത്തുകാര്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധി ഈ രംഗത്താണെന്ന് തോന്നിയിട്ടുണ്ട്.വാക്കുകളുടെ മുകളിലുള്ള കൈയ്യൊതുക്കത്തിന്റെ അഭാവം ആശയങ്ങളുടെ കൃത്യമായ ഉത്പാദനത്തിന് വിഘാതമാകുന്നു.കൃത്യമായ സമയത്ത് കൃത്യമായ വാക്ക് ഉപയോഗിക്കുക എന്നത് ഒരു സംസ്കാരം കൂടിയാണെന്ന് പണിക്കര്‍ പറയുന്നുണ്ട്.ആര്‍ജിച്ചെടുക്കുന്ന ആ സംസ്കാരത്തിന് പക്ഷേ പലപ്പോഴും ചരിത്രാതീതകാലത്തോളം വേരുകളുണ്ടാകാറുമുണ്ട്.ആ വേരുകളില്‍ നിന്ന് ഉടലെടുക്കുന്ന വാക്കുകളുടെ തൂക്കത്തിന് തുല്യമായി മറ്റൊന്നില്ല.സാഹചര്യത്തോട് ചേര്‍ത്തുവെച്ചാല്‍ മിന്നിത്തിളങ്ങുന്ന അത്തരം വാക്കുകളുടെ പ്രയോഗസാമര്‍ത്ഥ്യമാണ് സാഹിത്യത്തെ ശാശ്വതമാക്കുന്നതെന്ന് കാണാം.എവിടെ വാക്കും അര്‍ത്ഥവും വിരുദ്ധമോ വിപരീതമോ ആയിത്തീരുന്നുവോ അവിടെ സംസ്കാരം നശിക്കും , സാമൂഹികാരോഗ്യം നശിക്കും.വാക്ക് അര്‍ത്ഥത്തേയോ അര്‍ത്ഥം വാക്കിനേയോ നിഷേധിക്കുകയാണെങ്കില്‍ പിന്നെ അര്‍ഥത്തെ വീണ്ടെടുക്കാന്‍ വിഷമമായിരിക്കും എന്ന് പണിക്കര്‍ എഴുതുന്നത് കൃത്യമായി മനസ്സിലാക്കപ്പെടേണ്ടതാണ്.

                        

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം