#ദിനസരികള്‍ 173


മഹാത്മാ ഗാന്ധിയില്‍ നിന്ന് നരേന്ദ്രമോഡിയിലേക്ക് എത്ര ദൂരമുണ്ട് ?അല്ലെങ്കില്‍ എത്ര പരിണമിച്ചാലാണ് ഗാന്ധി മോഡിയാകുക? അതുമല്ലെങ്കില്‍ ഗാന്ധിയില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ഏതെങ്കിലും കൈവഴികള്‍ മോഡിയിലേക്ക് ചെന്നുചേരാനുള്ള സാധ്യത എത്രത്തോളമുണ്ട് ?മഹാത്മാ ഗാന്ധിയോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ അങ്ങനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ ഗാന്ധി എത്ര പരിണമിച്ചാലും മോഡിയാകില്ല.ഗാന്ധിയില്‍ നിന്ന് പുറപ്പെടുന്ന കൈവഴികളിലൊന്നുപോലും മോഡിയിലേക്കെത്തില്ല.മഹാത്മാ ഗാന്ധിയില്‍ നിന്ന് നരേന്ദ്രമോഡിയിലേക്കുള്ള ദൂരം അടുക്കുന്തോറും അകന്നുകൊണ്ടേയിരിക്കുന്ന പ്രഹേളികയായിരിക്കും , എന്നും.
            പിന്നെ എന്തുകൊണ്ടാണ് ഇത്തരമൊരു താരതമ്യത്തിന് ഞാന്‍ തുനിഞ്ഞത് എന്ന് സന്ദേഹിക്കുന്നവരുണ്ടാകാം. സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തില്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്ന , അസ്വാഭാവികതയുടെ സൂചന പോലും നല്കാത്ത ഒരു പ്രസ്ഥാവനയുണ്ട്.ശുചിത്വത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.ശുചിത്വഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു ഗാന്ധിയോ ഒരു മോഡിയോ ഉണ്ടായിട്ടു കാര്യമില്ല.ഇന്ത്യയിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനത വിചാരിക്കണം ശുചിത്വഭാരതം എന്ന ജനകീയ മുദ്രാവാക്യമൊഴുകുന്ന നദിക്കു കുറുകേ ഗാന്ധിയില്‍ നിന്ന് മോഡിയിലേക്ക് ഒരു പാലം പണിയുവാനുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രമത്തിനു പിന്നില്‍, ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ പ്രത്യക്ഷത്തില്‍ നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുമെങ്കിലും ആഴമുള്ള ഒരു കുശാഗ്രബുദ്ധിയുടെ പ്രവര്‍ത്തനമുണ്ട്. കഴിയുന്നത്ര ഇടങ്ങളില്‍ ഗാന്ധിയും മോഡിയുമായി പാരസ്പര്യങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ഇരുവരിലും വൈരുധ്യങ്ങളെക്കാള്‍ യോജിപ്പാണുള്ളതെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തുകൊണ്ട് നരേന്ദ്രമോഡിയുടെ മുഖത്ത് ഗാന്ധിയെ പ്രതിഫലിപ്പിക്കുന്ന പുതിയ അലുക്കുകള്‍ തൂക്കിയിടുന്നതിനാണ് ശ്രമം. ആ ശ്രമത്തിന് ഊര്‍ജ്ജം പകരാന്‍ ഗാന്ധിയെ മോഡിയുമായി ബന്ധിപ്പിക്കുക എന്ന സവിശേഷത നിര്‍വഹിക്കുന്ന ഒരു വണ്ടി ഉരുണ്ടുതുടങ്ങിയിട്ടുണ്ടെന്ന് നാം കാണാതിരുന്നുകൂടാ.
            മാലിന്യ സംസ്കരണവും നഗരപരിപാലനവും ആധുനിക ഇന്ത്യയ്ക്ക് അനുപേക്ഷണീയം തന്നെ.പക്ഷേ അതിലുമെത്രയോ വലുത് , ജനതകളുടെ പരസ്പരമുള്ള വിശ്വാസവും യോജിച്ചുള്ള പ്രവര്‍ത്തനവുമാണെന്ന് ഞാന്‍ കരുതുന്നു. ജീവിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒരു നാട്ടില്‍ , ജാതിയുടേയും മതത്തിന്റേയും വര്‍ണത്തിന്റേയും പേരില്‍ ജനങ്ങള്‍ വിഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു നാട്ടില്‍ ശുചിത്വമാണോ ജീവനാണോ വലുത് എന്ന ചോദ്യത്തിന്റെ ഉത്തരം പ്രധാനമന്ത്രി ഇന്ത്യയോട് പറയണം.ആ ഉത്തരത്തിലാണ് ഗാന്ധിയുടെ മുഖമിരിക്കുന്നത്.മഹാത്മാ ഗാന്ധിയേയും നരേന്ദ്രമോഡിയേയും ഒരു ചരടില്‍ കോര്‍ത്തെടുക്കുന്നതിനുള്ള പ്രേരണ , ഇനി മോഡിക്ക് ഗാന്ധിയുടെ മുഖമാണിയേണ്ടത് രാഷ്ട്രീയമായ ആവശ്യമാണെന്ന് തിരിച്ചറിയാനുള്ള ധാരണാശേഷി നമുക്കു കൈമോശം വന്നുകൂട. അതുകൊണ്ട് ഇനി വരാനിരിക്കുന്ന ഗാന്ധിയേയും മോഡിയേയും പോലെ എന്നു തുടങ്ങുന്ന ഉദാഹരണങ്ങളെ നാം കരുതിയിരിക്കുക തന്നെ വേണം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1