#ദിനസരികള്‍ 174

പ്രണയവും മരണവും ഒരു പൂവിന്റെ രണ്ടിതളുകളാണെന്ന മനോഹരമായ പ്രഖ്യാപനം കേരളത്തിലുണ്ടായാത് ചങ്ങമ്പുഴ രമണന്‍ പ്രസിദ്ധീകരിച്ചതിന് ശേഷമാണ്.ഇത്രയും വിജയിച്ച മറ്റൊരു ആത്മഹത്യ കേരളത്തിലുണ്ടായിട്ടുണ്ടോ ? “ഉണ്ണിക്കുട്ടന്റെ വികൃതിയിലേക്ക് കാല്‍വിരലുകള്‍ നീട്ടിക്കൊടുത്ത രവിയെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്.ദിവാകരന്റെ മാറിലേക്ക് അടിയറ്റ് പതറിവീണ നളിനിയേയും മറക്കുന്നില്ല.പക്ഷേ രമണനോളം ആഘോഷിക്കപ്പെട്ട ഒന്നായി  ആ മരണങ്ങള്‍ മാറിയിട്ടില്ല എന്നതൊരു വസ്തുതയാണ്.സ്ത്രീയാല്‍ ചതിക്കപ്പെട്ടവന്‍ എന്ന പരിവേഷം രമണന്റെ മരണത്തിന് സവിശേഷമായ പ്രശസ്തി ഉണ്ടാക്കിക്കൊടുത്തുവെങ്കില്‍ സ്ത്രീയേയും അവളുടെ നിലപാടുകളേയും നാം വിലയിരുത്തുന്ന രീതികളെ കൂടുതല്‍ സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതാണ് എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ.
            ഏതായാലും രമണന് മലയാളികളുടെ മരണാഭിവാഞ്ചയേയും സ്വയം കൊന്നുകൊണ്ടുള്ള പ്രതികാരരീതിയേയും ഒട്ടൊക്കെ തൃപ്തിപ്പെടുത്താന്‍ സഹായിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. മനോഹരമായ അവതരണവും ഭാഷാപ്രയോഗസാമര്‍ത്ഥ്യവും രമണന്റെ വായന നമുക്ക് അനുഭവമായി മാറുകയായിരുന്നു.രമണനുണര്‍ത്തി വിട്ട എല്ലാ വികാരങ്ങളേയും നാം ആഘോഷിച്ചു. അവയുടെ മരതകകാന്തിയുടെ പ്രഭാപ്രസരങ്ങളില്‍ വ്യാമുഗ്ദരായി നാം സ്വയംമറന്നു നിന്നിരുന്നു. പക്ഷേ ആ കൃതി സമൂഹത്തില്‍ സൃഷ്ടിച്ചെടുത്ത മറുവശങ്ങളെ സൌകര്യപൂര്‍വ്വം മറക്കുകയോ ഒഴിവാക്കുകയോ ചെയ്തു. കണ്ണുനീരിനോടെതിര്‍ത്തു നില്ക്കുന്ന കര്‍മധീരനല്ലാത്ത രമണന്റെ ചപലതകളെ പ്രായോഗികബുദ്ധിയുള്ള ചന്ദ്രിക അതിജീവിക്കുന്നതിന്റെ ചരിത്രവും അവളുടെ  പക്ഷത്തുനിന്നുള്ള വീക്ഷണങ്ങളും ഇനിയും ശക്തമായി മലയാളത്തില്‍‌ അവതരിപ്പക്കേണ്ടിയിരിക്കുന്നു.
            ആരാണ് ഇക്കഥയില്‍ കൊല്ലപ്പെട്ടത്? രമണനോ ചന്ദ്രികയോ? ശാരീരികമായ കൊഴിഞ്ഞുപോകലെന്ന സാങ്കേതികത്വത്തിനപ്പുറം , രമണന്റെ യശസ്സിനു കോട്ടം പറ്റിയെന്ന വാദം എനിക്കില്ല. എന്നാല്‍ ചന്ദ്രികയോ ? നിശിതമായ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കിലകപ്പെട്ട് ശിഷ്ടജീവിതത്തെ മരണതുല്യമായി അനുഭവിച്ചവസാനിപ്പിച്ച ചന്ദ്രിക , രമണനെക്കാള്‍ എത്രയോ സഹതാപം അര്‍ഹിക്കുന്നുണ്ട്.
നാകത്തിലാദിത്യദീപമൊരുപക്ഷേ,
നാളെപ്പൊടുന്നനെക്കെട്ടുപോകാം;
വറ്റിവരണ്ടുപോയേക്കാം സ്വയമതി-
രറ്റുകിടക്കും സമുദ്രമെലാം;
എന്നാലുമിപ്രേമമെന്നുമിതുവിധം
മിന്നിത്തിളങ്ങും തിരയടിക്കും!
എന്ന് പ്രഖ്യാപിക്കുന്ന ചന്ദ്രിക , പക്ഷേ എന്തുകൊണ്ടാണ് രമണനെ ഉപേക്ഷിച്ചത് അവളുടെ പക്ഷത്തുനിന്ന്  എന്നറിയുവാനോ അന്വേഷിക്കുവാനോ കവി വലിയ ആത്മാര്‍ത്ഥ കാണിക്കാതിരുന്നത് ഇനിയും വിലയിരുത്തപ്പെടേണ്ടതുതന്നെയാണ്.
എന്തുവന്നാലുമെനിക്കാസ്വദിക്കണം
    
        മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!
      
      എന്നുമിതിന്റെ ലഹരിയിലാനന്ദ-
      
      തുന്ദിലമെന്മനം മൂളിപ്പറക്കണം!
എന്ന് ചന്ദ്രികയെക്കൊണ്ട് കവി ബോധപൂര്‍വ്വം പറയിപ്പിച്ചതുതന്നെ എന്നു വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം , യുക്തിയും.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1