#ദിനസരികള്‍ 172
ഒരു സൂഫിക്കഥ പകര്‍ത്തട്ടെ.
എന്‍ പി മുഹമ്മദിന്റെ സൂഫിക്കഥകള്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കഥ
എടുക്കുന്നത്. കഥയുടെ പേര് ന്യായം.
ഒരു കള്ളന്‍ പീടികയില്‍
കയറി.അയാള്‍ തിടുക്കത്തില്‍ സാധനങ്ങള്‍ എടുക്കുകയായിരുന്നു.പീടികയുടമ അലമാറയില്‍
വെച്ച മുനയുള്ള കമ്പി കള്ളന്റെ കണ്ണില്‍ കുത്തി.കണ്ണ് പൊട്ടി.കള്ളന്‍ കോടതിയില്‍
ചെന്നു.അയാള്‍ പറഞ്ഞു” കക്കുന്നതിനുള്ള
ശിക്ഷ തടവറയാണ്.എന്നാല്‍ കൃത്യവിലോപം കാരണം കണ്ണ് കേടാക്കുന്നിതിന് അതിലും വലിയ
ശിക്ഷ മുനയുള്ള കമ്പി വെച്ച പീടികയുടമക്ക് നല്കണം.”
“എന്റെ സാധനങ്ങള്‍ കക്കാനാണയാള്‍ വന്നത്.
“ പീടികയുടമ
മറുവാദം തുടങ്ങി.
“അത് മറ്റൊരു കോടതിയാണ്
തീരുമാനിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം കണ്ണ് പൊട്ടിയതാണ് കേസ്” ന്യായാധിപന്
പറഞ്ഞു.
“നിങ്ങള്‍ എന്റെ വസ്തുക്കളെല്ലാം
അധീനപ്പെടുത്തുകയാണെങ്കില്‍ എന്റെ കുടുംബം ഞാന്‍ തടവറയിലാരിക്കുമ്പോള്‍ പട്ടിണി
കിടക്കേണ്ടിവരും.അവരെ അങ്ങനെ ശിക്ഷിക്കുന്നത് തീര്‍ത്തും ന്യായമല്ല.”കളളന്‍
പറഞ്ഞു.
“എന്നാല്‍ പകരമായി പീടികയുടമയുടെ കണ്ണു
തരാന്‍ കോടതിയുത്തരവ് പുറപ്പെടുവിക്കാം” ന്യായാധിപന് പറഞ്ഞു.
“നിങ്ങള്‍ അപ്രകാരം ചെയ്താല്‍
കളളനെക്കാള്‍ കൂടുതല്‍ നഷ്ടം ഉണ്ടാകുക എനിക്കായിരിക്കും.അതു
തുല്യവുമല്ല.മാത്രവുമല്ല , ഞാനൊരു ആഭരണ വ്യാപാരിയുമാണ്.എന്റെ ഒരു കണ്ണ്
നഷ്ടപ്പെട്ടാല്‍ എനിക്ക് ജോലിചെയ്യാനുള്ള കഴിവു നഷ്ടപ്പെടും”
“ശരിതന്നെയാണ്.പക്ഷേ നിയമം
നിഷ്പക്ഷമാണ്.ഒരാളും അയാള്‍ വിഷമിക്കുന്നതിനെക്കാള്‍ കൂടുതല്‍ വിഷമിക്കരുത്.കാരണം
സമുദായം മുഴുക്കേ അതിലെ അംഗങ്ങളുടെ ലാഭചേതങ്ങളില്‍ പങ്കാളികളാണ്.ജീവിക്കാന്‍
വേണ്ടി ഒറ്റക്കണ്ണു മാത്രം ആവശ്യമായ ഒരാളെ കോടതി മുമ്പാകെ കൊണ്ടുവരിക.ഉദാഹരണത്തിന്
ഒരു വില്ലാളിയെ.അയാള്‍ക്ക് ജോലി ചെയ്യാന്‍ ഒരു കണ്ണു മതിയല്ലോ. അയാളുടെ മറ്റേ
കണ്ണു നമുക്ക് ചൂഴ്ന്നെടുക്കാം.”
വിധിപ്രകാരം അപ്രകാരം ചെയ്തു.
ഇക്കാലങ്ങളില്‍ കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ ഒളിഞ്ഞും
തെളിഞ്ഞും കിടക്കുന്ന സൂചനകളെ മറ്റു ചിലതുമായി കൂട്ടിവായിച്ച് അതിവായന നടത്തുക
എന്നൊരു ദുശീലം നമുക്കിടയിലുണ്ട്. കഥകള്‍ കഥകളായിത്തന്നെ കാണണം.കഥയുടെ
അന്തരീക്ഷത്തോടു നീതിപുലര്‍ത്താത്ത വ്യാഖ്യാനങ്ങളെ തള്ളിക്കളണം.അതൊരു സ്വാഭാവിക
പ്രക്രിയയായി സമൂഹത്തില്‍ വികാസം പ്രാപിക്കുന്നില്ലെങ്കില്‍ ഇക്കഥക്ക്
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായി യാതൊരു ബന്ധവുമില്ലെന്ന് കഥാകാരന്‍
രേഖപ്പെടുത്തേണ്ട ദയനീയഘട്ടങ്ങള്‍ സംജാതമാകും.അതൊഴിവാക്കേണ്ടത് നേര്‍ബുദ്ധികളുടെ
ഉത്തരവാദിത്തമാണെന്നു സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ.
Comments