#ദിനസരികള്‍ 176
ഉപഗുപ്താ എന്റെ
പ്രിയപ്പെട്ടവനേ ,
സമയമായിരിക്കുന്നു.എന്റെ
പഥങ്ങളുടെ അവസാനമുനമ്പിലേക്ക് ഞാന്‍ ചെന്നെത്തപ്പെട്ടിരിക്കുന്നു.വഴുവഴുപ്പാര്‍ന്ന
ജീവിതത്തിന്റെ സകലതിക്തഭാവങ്ങളും സാക്ഷിനില്ക്കുന്ന ഈ അവസാനനിമിഷത്തില്‍ എന്റെ
പ്രിയപ്പെട്ടവനേ , ഇങ്ങനെ ഒടുങ്ങേണ്ട ഒന്നായിരുന്നുവോ എന്റെ ജീവിതമെന്ന്
നിന്നോടല്ലാതെ ആരോടാണ് ഞാന്‍ ചോദിക്കുക ? ആളും അരങ്ങും ആര്‍പ്പുവിളികളും ചേര്‍ന്ന്
ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന രാജവീഥിയിലൂടെയുള്ള ഒരു യാത്രക്കു വേണ്ടി ഇപ്പോഴും
ഞാനാഗ്രഹിക്കുന്നു എന്നല്ല. കഠിനകല്പനകളാല്‍ ഇഹപരങ്ങളെ വിറപ്പിച്ച സിംഹാസനങ്ങളുടെ
പരിലാളന അവസാനിച്ചു പോയല്ലോ എന്ന കുണ്ഡിതവും എന്നെ അലട്ടുന്നില്ല. എല്ലാ സുഖങ്ങളും
ഞാനനുഭവിച്ചു കഴിഞ്ഞിരിക്കുന്നു.എന്റെ രാവും പകലും മറ്റാരെയുംകാള്‍ ഞാന്‍
കൊണ്ടാടിയിരിക്കുന്നു.ഇപ്പോള്‍ ഈ ലോകത്തിന്റെ സൃഷ്ടികളില്‍ എന്നെ ആകര്‍ഷിക്കുവാനുള്ള
ശക്തി ഒന്നിനുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.എങ്കിലും
ഉപഗുപ്താ , എന്റെ നാഥാ , ഇങ്ങനെ പിന്‍മടങ്ങേണ്ട ഒരുവളായിരുന്നുവോ ഞാന്‍?
ഞാന്‍ ആരേയും ഇതുവരെ
കാത്തിരുന്നിട്ടില്ല. എന്റെ കണ്‍കോളുകളുടെ ആജ്ഞകള്‍ക്കുവേണ്ടി സര്‍വ്വവും
ത്യജിക്കുവാന്‍ സന്നദ്ധരായിരുന്നവരാല്‍ ഞാന്‍ എപ്പോഴും
വലയംചെയ്യപ്പെട്ടിരുന്നു.ആമോദത്തിന്റെ തിരകളില്‍ നിന്ന് തിരകളിലേക്ക് , ചഷകങ്ങളെ
ഉമ്മവെച്ചുണര്‍ത്തി ഞാന്‍ പാറിനടന്നു.യൌവനത്തിന്റെ ഒടുങ്ങാത്ത
പ്രസരിപ്പിനുമുന്നില്‍ ചക്രവര്‍ത്തിമാര്‍ ഇടംവലം വണങ്ങി നിന്നു.പക്ഷേ സര്‍വൈശ്വര്യങ്ങളുടേയും
പാദപൂജ ഏറ്റുവാങ്ങി ഞാന്‍ വിരാജിക്കുമ്പോഴും അജ്ഞേയമായ ഒരു ദുഖം എനിക്കു ചുറ്റും
ചൂഴ്ന്നു നിന്നു.വീണുകിട്ടുന്ന ഏകാന്ത നിമിഷങ്ങളില്‍ ആ ദുഖത്തിന്റെ വേദന എന്നെ
സ്പര്‍ശിക്കാറുണ്ടായിരുന്നു.എന്നെ അലോസരപ്പെടുത്താറുണ്ടായിരുന്ന ആ വേദനയുടെ
കാരണമെന്തെന്ന് നിന്നെ കണ്ടതോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. നിന്റെ ദര്‍ശനമുണ്ടായ
അന്നുമുതല്‍ ചുറ്റും വര്‍ണപ്പകിട്ടാര്‍ന്ന് പാറി നടന്നിരുന്നവയൊക്കെ അന്നുമുതല്‍
എനിക്ക് യാതൊരു മൂല്യവുമില്ലാത്തവയായി മാറി.എന്റെ വര്‍ണങ്ങളാല്‍ പിന്നീട് ഞാന്‍
വരച്ചവയൊക്കെ നിന്നെ മാത്രമായിരുന്നു. മനോരഞ്ജകങ്ങളായ എന്റെ വാങ്മയങ്ങളില്‍
പിന്നീട് നിറഞ്ഞു നിന്നത് നിന്നെക്കുറിച്ചുള്ള
സുന്ദരസ്വപ്നങ്ങള്‍ മാത്രമായിരുന്നു.ശരീരത്തിന്റെ താല്കാലികപ്രണയങ്ങളില്‍ നിന്ന്
നിരതിശയമായ ആനന്ദത്തിന്റെ അധിത്യകകളിലേക്ക് ഞാന്‍ ഉയര്‍ത്തപ്പെടുകയായിരുന്നു. അമൂല്യങ്ങളെന്ന്
കരുതി ഞാന്‍ വാരിക്കൂട്ടിയവയൊക്കെ നിന്റെ മുന്നില്‍ കരിക്കട്ടയെന്ന പോലെ
തിളക്കമറ്റ് വീണുപോകുന്നത് ഞാന്‍ ആമോദത്തോടെയാണ് അനുഭവിച്ചത് . എന്റെ നാഥാ എന്റെ
സര്‍വ്വവും നിന്നെക്കുറിച്ചുള്ള സങ്കല്പങ്ങളാല്‍ നിറഞ്ഞ് അകളങ്കമാകുകയായിരുന്നു.
പക്ഷേ നീയോ ? എന്റെ
ഏറ്റവും പ്രിയപ്പെട്ടവനേ നീയോ?
ഒരിക്കലും എന്നെ നീ അറിഞ്ഞിരുന്നില്ല. അപരന്റെ
മനസ്സുവായിക്കുകയും അവനെ കൈപിടിക്കുകയും ചെയ്യുന്നവനെന്ന് കേള്‍വിപ്പെട്ട നീ ,
എന്നോട് മുഖംതിരിച്ചുവല്ലോ.ശരീരത്തിന്റെ കെടുതികളിലേക്കാണ് ഞാന്‍ നിന്നേയും
ആനയിക്കാന്‍ ശ്രമിക്കുന്നതെന്ന് നീ വീണ്ടും വീണ്ടും വിചാരിച്ചുവല്ലോ. എത്ര തവണ ,
എന്റെ പ്രിയപ്പെട്ടവനേ എത്രതവണ നിന്നെ ഞാന്‍ തേടിവന്നു? ഓരോ
തവണ നീ ആട്ടിപ്പായിക്കുമ്പോഴും അടുത്ത തവണയും നിന്നിലേക്കെത്താമല്ലോ എന്ന
ചിന്തയാണ് എന്നെ നയിച്ചത്.നീ എന്നെങ്കിലും എന്നെ അറിയാതിരിക്കില്ല എന്നുകരുതിയാണ്
എന്നെ ഞാന്‍ കാത്തുവെച്ചത്.പക്ഷേ എന്നെ തേടി ഒരിക്കലും നിന്റെ കണ്ണുകള്‍
ഉഴറിയില്ല. എന്നെത്തേടി ഒരിക്കലും നിന്റെ കാലുകള്‍ ഇടറിയില്ല. ഒരിക്കലെങ്കിലും
എന്നെത്തേടി നീ വന്നിരുന്നുവെങ്കില്‍ എനിക്കീ ദുര്‍ഗതി ഉണ്ടാകുമായിരുന്നില്ലല്ലോ.
എന്റെ തേജസ്വിയായ യുവാവേ , ഇതാണോ നീ പഠിപ്പിക്കുന്ന പ്രണയത്തിന് ഉദാഹരണം? ഇതാണോ
നീ പഠിപ്പിക്കുന്ന അഭംഗുരമായ ആനന്ദത്തിന്റെ പ്രമാണം ?
വാസവദത്ത ഒടുങ്ങിപ്പൊയ്ക്കൊള്ളട്ടെ. ഇരുളഞ്ഞതും
ഇടുങ്ങിയതുമായ വഴികളിലേക്ക് ആലംബമില്ലാതെ അവള്‍ ഉപേക്ഷിക്കപ്പെടട്ടെ.സര്‍പ്പഫണത്തില്‍
ഉമ്മവെച്ച ധിക്കാരിയും ബുദ്ധിശൂന്യയുമായി ചരിത്രം എന്നെ രേഖപ്പെടുത്തട്ടെ.ഇനി
എനിക്ക് നിന്റെ അനുഗ്രഹങ്ങളെന്തിന് ? ഇഹത്തിനപ്പുറം ഇനിയുമൊരു ജീവിതമോ? അതുകൊണ്ട്
മടങ്ങുക പ്രിയപ്പെട്ടവനേ.നിന്റെ
പഥങ്ങളില്‍ ദിഗ്ദേവതമാര്‍ പുവിരിക്കട്ടെ. ക്ഷിതീദേവി അങ്ങയെ ആചന്ദ്രതാരം
പരിപാലിക്കട്ടെ. നിഷ്കളങ്കമായ പ്രണയത്തിനു നേരെ മുഖംതിരിച്ചവന്‍
എന്ന് ചരിത്രം അങ്ങയെ രേഖപ്പെടുത്താതിരിക്കുവാന്‍ ഞാനങ്ങയെ
അനുഗ്രഹിച്ചുകൊള്ളട്ടെയോ !
Comments