#ദിനസരികള്‍ 171

മൂല്യങ്ങളുടെ കുഴമറിച്ചിലില്‍ ഉലഞ്ഞ് കേരളീയജീവിതം പിന്നോട്ടിറക്കം ആരംഭിച്ചിരിക്കുന്നു എന്ന് അസന്നിഗ്ദമായി പറയാവുന്ന തരത്തിലുള്ള ഒരു അന്തരീക്ഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്.അനാദികാലം മുതല്‍ പിന്തുടര്‍ന്നു വന്നിരുന്ന അനാചാരങ്ങളെ , അസമത്വങ്ങളെ, ജാതിയുടെ വിവിധങ്ങളായ ശ്രേണികളാല്‍ വലയം ചെയ്യപ്പെട്ട അനീതികളെ ഒക്കെ നാം അതിജീവിച്ചത് ദീര്‍ഘകാലമായി നടത്തിയ ചെറുത്തു നില്പുകളുടെ ഫലമായിട്ടായിരുന്നു.ജീവിതം തന്നെ പകരം നല്കി നാം വീണ്ടെടുത്ത ആ മൂല്യങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹികതയില്‍ നിന്നുള്ള പിന്നോട്ടിറക്കം വീണ്ടും നമ്മെ കൊണ്ടെത്തിക്കുക എവിടെനിന്നാണോ നാം മനുഷ്യനായി ജീവിക്കാനുള്ള ആദ്യശ്രമങ്ങള്‍ തുടങ്ങിയത് അവിടെത്തന്നെയായിരിക്കും. സമരങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരും.ജീവിതങ്ങള്‍ ദാനം നല്കേണ്ടിവരും.
നവോത്ഥാനമുന്നേറ്റങ്ങളുണ്ടാക്കിയ മൂല്യവത്തായ നീതിബോധങ്ങളുടെ വീണ്ടെടുപ്പിന് പക്ഷേ നാം ഒരു തവണ നടത്തി പരിശീലിച്ച ആയുധങ്ങള്‍ അപര്യാപ്തമായെന്നു വരാം.കാരണം മുന്നേറ്റത്തിന് സഹായമാകുന്നതിന് വേണ്ടി നാം ആശ്രയിച്ചവയുടെ മൂര്‍ച്ചയേയും തീര്‍‌ച്ചയേയും കുറിച്ച് നമ്മുടെ എതിരാളികള്‍ക്ക് നല്ല ധാരണ ഉണ്ടായിട്ടുണ്ട്. അവയെ അതിലംഘിക്കാനും തകര്‍ക്കാനുമുള്ള വഴികള്‍ അവര്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. മരുന്നുകളെ അതിജീവിച്ചെത്തുന്ന ചാഴികളെന്ന പോലെ നമുക്കു മുകളില്‍ പുത്തന്‍ തന്ത്രങ്ങളുമായി അവര്‍ പടപ്പുറപ്പാടിന് കേളികൊട്ടുന്നു. അതുകൊണ്ടുതന്നെ ലളിതമായ യുക്തികളാല്‍ പരിസേവിക്കപ്പെടുന്ന ആയുധികളെ നാം കൂടുതല്‍ സൂക്ഷ്മതയോടെ പരിഷ്കരിക്കെടുക്കേണ്ടത് അനുപേക്ഷണീയംതന്നെ.
ദൈവദശകത്തില്‍ നിന്ന് സയന്‍സ് ദശകത്തിലേക്കുള്ള ദൂരത്തെ നിജപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഒരു പക്ഷേ വിവാദമായേക്കാം. എന്നിരുന്നാലും
"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."
എന്ന പ്രാർത്ഥന ഉയര്‍ത്തിപ്പിടിക്കുന്ന സാധ്യതകളെന്തൊക്കെയായിരുന്നാലും അവയെ പിന്തള്ളുകയും
            സയന്‍സാല്‍ ദീപ്തമീ ലോകം
            സയന്‍സാലഭിവൃദ്ധികള്‍
            സയന്‍‌സെന്യേ തമസ്സെല്ലാം
            സയന്‍സിനു തൊഴുന്നു ഞാന്‍ - എന്ന മൂല്യബോധത്തെ പുനസ്ഥാപിക്കു കയും ചെയ്യുക എന്നത് നാം ഏറ്റെടുക്കേണ്ട വലിയ ദൌത്യമാണ്.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം