#ദിനസരികള്‍ 170
പ്രിയ സഹോദരാ
വിധി
പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.എനിക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.ഇവിടെ
ജയിലറകളില്‍ എന്നെക്കൂടാതെ മറ്റു പല തടവുകാരും തൂക്കിക്കൊല നടക്കുന്ന ദിവസം
കാത്തിരിക്കുകയാണ്.ഈ ആളുകളുടെ ഏക പ്രാര്‍ത്ഥന എങ്ങനെയെങ്കിലും കൊലക്കയറിന്റെ
കുരുക്കില്‍ നിന്നും രക്ഷപ്പെടണേ എന്നാണ്.ഒരു വേള ഇവര്‍ക്കിടയില്‍ ഞാന്‍
മാത്രമായിരിക്കാം എന്റെ ആദര്‍ശത്തിനു വേണ്ടി കൊലമരത്തെ ആശ്ലേഷിക്കാനുള്ള ഭാഗ്യം
ലഭിക്കുന്ന ആ ദിവസത്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏകമനുഷ്യന്‍.ഞാന്‍
സന്തോഷത്തോടെ കൊലമരത്തില്‍ കയറും അങ്ങനെ വിപ്ലവകാരികള്‍ എത്രമാത്രം ധീരതയോടെയാണ്
തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു
കാട്ടിക്കൊടുക്കുകയും ചെയ്യും.
എനിക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.എന്നാല്‍ നിങ്ങള്‍ക്ക്
ലഭിച്ചിരിക്കുന്നത് ജീവപര്യന്തം നാടുകടത്തലിനുള്ള ശിക്ഷയാണ്.നിങ്ങള്‍
ജീവിക്കും.അങ്ങനെ ജീവിക്കുമ്പോള്‍ നിങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുക്കേണ്ടത്
വിപ്ലവകാരികള്‍ തങ്ങളുടെ ആദര്‍ശത്തിനുവേണ്ടി മരിക്കാന്‍ തയ്യാറാകുക മാത്രമല്ല ചെയ്യുന്നത്, അവര്‍ ഏത്
അത്യാപത്തിനേയും ധീരമായി നേരിടാനും തയ്യാറാണ് എന്നതാണ്.മരണം ലൌകിക പ്രയാസങ്ങളില്‍
നിന്നു രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗം ആകരുത്.കൊലമരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍
യദൃശ്ചയാ കഴിഞ്ഞ വിപ്ലവകാരികള്‍ ജീവിക്കുകയും തങ്ങള്‍ കൊലമരത്തില്‍ ഏറാന്‍
തയ്യാറാണെന്ന് മാത്രമല്ല ഇരുളടഞ്ഞ വൃത്തികെട്ട ജയിലറകളില്‍ കിടന്ന് അത്യന്തം
നീചമായ പീഢനങ്ങള്‍ പോലും സഹിക്കുകയും ചെയ്യുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കണം.
താങ്കളുടെ ഭഗത് സിംഗ്.
പുസ്തകം ഭഗത് സിംഗിന്റെ
തെരഞ്ഞെടുത്ത കൃതികള്‍.1930 ല്‍ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഭഗത് സിംഗ്
എഴുതിയതാണ് ഈ കത്ത്.കൊലമരത്തില്‍ നിന്ന് അവിചാരിതമായി രക്ഷപ്പെടുന്ന വിപ്ലവകാരികള്‍
ശിഷ്ടജീവിതം എങ്ങനെ വിനിയോഗിക്കണം എന്ന് ഈ കത്തു
വ്യക്തമാക്കുന്നു.അതിവിപ്ലവത്തിന്റെ പാതയില്‍ നിന്ന് ആത്മീയതയുടെ പാതയിലേക്ക്
വിരമിക്കുന്നവര്‍ ഈ കത്ത് വായിച്ച് മനസ്സില്‍ ഉറപ്പിക്കേണ്ടതാണ്. ഒരു വിപ്ലവകാരി മരണം
വരെ വിപ്ലവകാരിയായിരിക്കുമെന്നും ഏതു പരിതസ്ഥിതികളേയും നേരിടാന്‍ സജ്ജമായിരിക്കുമെന്നും
ഭഗത് സിംഗ് പ്രതീക്ഷിക്കുന്നു.നിലപാടുകളില്‍ വിട്ടു വീഴ്ച ചെയ്യുകയും പിന്തുടരുന്ന
ആശയാദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്യുന്നത് ലാളിത്യമായി കാണുന്ന
ഇക്കാലത്ത് വിപ്ലവകാരിക്ക് ഭഗത് സിംഗ് നല്കുന്ന അര്‍ത്ഥങ്ങളെ വായിച്ചെടുക്കുന്നത്
ഏതു വിധത്തിലായിരിക്കുമെന്ന് ചിന്തിക്കുവാന്‍ എനിക്കു കൌതുകമുണ്ട്.വെള്ളം ചേര്‍ക്കലുകളും
വിട്ടുവീഴ്ച ചെയ്യലുകളും താല്കാലികമായി കൈയ്യടി നേടുന്നതിന് നമ്മെ സഹായിച്ചേക്കാം.പക്ഷേ
ആത്യന്തികമായി അത് സര്‍വനാശത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് ഞാന്‍ കരുതുന്നു.
Comments