#ദിനസരികള്‍ 169
ഒ വി വിജയനെക്കുറിച്ച് ഞാന്‍ വായിച്ച ഏറ്റവും മനോഹരമായ ഒരു
പുസ്തകം ഏകദേശം രണ്ടുദശകകാലം അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ഗോപിനാരായണന്‍
എഴുതിയതാണ്.സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച “ ഒ വി വിജയന്‍ ഒരു ജീവിതം “ എന്ന
ഈ പുസ്തകം വിജയന്റെ ആത്മാവിന്റെ ഏറ്റവും അടുത്ത അയല്‍ക്കാരനായിരിക്കുന്നു എന്ന്
ഞാന്‍ സാക്ഷ്യം പറയുന്നു. ഗോപിനായരായണന്റെ അതിസുന്ദരമായ ഭാഷ ഈ പുസ്തകത്തെ കൂടുതല്‍
മനോഹരമാക്കുന്നു.സത്യത്തില്‍ തൊട്ടുമാത്രം എഴുതിയ വിജയന്‍ അസാധാരണമാംവിധം
ഒറ്റപ്പെട്ടവനായിരുന്നു എന്ന് അവതാരികയില്‍ എസ് ജയചന്ദ്രന്‍ നായര്‍
രേഖപ്പെടുത്തുന്നുണ്ട്. മലയാളികളുടെ ധൈഷണികജീവിതത്തിന് ഒരു പുതിയ
ലാവണ്യബോധത്തിന്റെ പരിവേഷം നിര്‍മിച്ചുകൊടുത്ത വിജയന്‍ മലയാളികള്‍ക്ക്
എന്തായിരുന്നു എന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.
എന്റെ വിജയന്‍ വായനകളുടെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ
കഥകളുടേയോ നോവലുകളുടെയോ രാഷ്ട്രീയം മനസ്സിലാക്കിയുള്ള വായനയായിരുന്നില്ല നടന്നത്. ആ
ഭാഷയുടെ മാസ്മരികമായ ഒരന്തരീക്ഷത്തിലൂടെയുള്ള ഒഴുക്കായിരുന്നു അക്കാലത്തെ വിജയന്‍
വായന. മലയാളത്തിന്റെ മാസ്റ്റര്‍ പീസായ ഖസാക്കിന്റെ ഇതിഹാസം ഞാന്‍ ഹൈസ്ക്കൂള്‍
കാലത്താണ് വായിക്കുന്നത്.ഖസാക്കിന്റെ അവ്യാഖ്യേയമായ അനുഭൂതികള്‍ ആദ്യവായനയില്‍ത്തന്നെ
അനുഭവപ്പെട്ടു എന്നു പറയുന്നത് അതിശയോക്തിയായിരിക്കും. പക്ഷേ രണ്ടു ഖണ്ഡങ്ങള്‍
മനസ്സില്‍ അകപ്പെട്ടു പോകുകയും അവ ഇടക്കിടെ ചിറകുകള്‍ കുടയുകയും ചെയ്യുമായിരുന്നു.
ഒന്ന് സായാഹ്നയാത്രകളുടെ അച്ഛാ എന്നു തുടങ്ങുന്നതും മറ്റൊന്ന് പണ്ടു പണ്ടു
ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ് എന്നതുമായിരുന്നു ആ രണ്ടു ഖണ്ഡങ്ങള്‍.വിജയന്‍
വായന അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് അദ്ദേഹം ആടിത്തീര്‍ത്ത നിരവധി വേഷങ്ങളെ
പിന്‍പറ്റിയുള്ള ആ സഞ്ചാരം കരുണ എന്ന ഒറ്റവാക്കിന്റെ വിവിധങ്ങളായ
ആഖ്യാനങ്ങളായിരുന്നു എന്ന തിരിച്ചറിവു നേടുന്നത് ഏറെ വൈകിയായിരുന്നു.
വിജയനെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥകാരന്‍
എഴുതുന്നു “സി
ഐ എ ചാരന്‍, സാമ്രാജ്യവാദി, സവര്‍ണന്‍ , കപടബ്രാഹ്മണ്യത്തിന്റെ വക്താവ് , ഹൈന്ദവ
ഫാസിസ്റ്റ് ... മലയാളത്തില്‍ ഇത്രയധികം ആരോപണങ്ങള്‍ക്കു വിധേയനായ മറ്റൊരു
എഴുത്തുകാരന്‍ ഉണ്ടാവില്ല. ഒ വി
വിജയനെക്കുറിച്ച് വിമര്‍ശലേഖനങ്ങളെഴുതി കോപ്പി കൂട്ടുവാന്‍ മത്സരിച്ചിരുന്ന ഒരു
കാലമുണ്ടായിരുന്നു.” വിജയനെ
പ്രതിപക്ഷത്താക്കുകയും വിമര്‍ശിക്കുകയും ചെയ്യുക എന്നതൊരു ‘ഫാഷ’നായിരുന്ന
അക്കാലങ്ങളിലും അദ്ദേഹം കേരളത്തില്‍ അക്ഷോഭ്യനായി തന്റെ നിലപാടുകളെ
മുറുകെപ്പിടിച്ചിരുന്നു.അദ്ദേഹത്തിന്റെ പ്രവാചകന്റെ വഴികളൂടെ ആന്തരികതലങ്ങള്‍
മലയാളികള്‍ക്ക് ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അല്ലെങ്കില്‍
വിജയനെ പൊതുവായിത്തന്നെ കൃത്യമായി മനസ്സിലാക്കാന്‍ മലയാളികള്‍ അശക്തരായിരുന്നു
എന്ന് പറഞ്ഞാല്‍ അത് കടന്നുപോകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.ഇ എം എസ്
മരിച്ചപ്പോള്‍ വിജയന്‍ എഴുതിയതിങ്ങനെയാണ്.”തുച്ഛമായ തര്‍ക്കങ്ങള്‍ നമുക്കു
മറക്കാം.പക്ഷേ അങ്ങില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ലാല്‍ സലാം
സഖാവേ “
അതെ , തുച്ഛമായ തര്‍ക്കങ്ങള്‍ക്കപ്പുറത്തേക്ക് നാം കടക്കേണ്ടതുണ്ടെന്ന് ഈ പുസ്തകം
നമ്മെ ജാഗ്രതപ്പെടുത്തുന്നു.
Comments