#ദിനസരികള്‍ 166
അല്‍പമെങ്കിലും
വെളിച്ചത്തിന് വേണ്ടിയുള്ള കവിയുടെ ആന്തരികസമരത്തിന്റെ സത്യസന്ധമായ രേഖയാണ് കവിത –
ഡൈലന്‍ തോമസിന്റെ പ്രസ്തുത കാവ്യനിര്‍വചനത്തിന്നു സാധാരണനിര്‍വചനങ്ങളില്‍ക്കവിഞ്ഞ
അര്‍ത്ഥവും വ്യാപ്തിയുമുണ്ടെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നെ
പഠിപ്പിക്കുന്നുവെന്ന് അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന
പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ എന്‍ പി മുഹമ്മദ് പറയുന്നുണ്ട്.
ഇരുട്ടിന്റെ ഗുഹാമുഖങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ നവസ്ഥലികളിലേക്കുള്ള
പ്രയാണമാകണം കവിത എന്നുറച്ചു വിശ്വസിക്കുന്ന അക്കിത്തത്തെക്കുറിച്ചാകുമ്പോള്‍
മറിച്ചൊരു അഭിപ്രായത്തിന് സാംഗത്യവുമില്ല.കവിത , വെളിച്ചത്തിനു വേണ്ടിയുള്ള
തേടലാണെന്നും അതുകണ്ടെത്തുകയാണ് കവിജന്മത്തിന്റെ വിധി എന്നുമുള്ള ബോധ്യത്തില്‍
നിന്നാണ് പഴമൊഴിയോളം പാടിപ്പതിഞ്ഞ വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന
ഉണര്‍ന്നെഴുന്നേല്പിന്റെ ആണിക്കല്ലിരിക്കുന്നത്. വ്യത്യസ്ത ആശയങ്ങളുണ്ടാക്കുന്ന
ഏറ്റക്കുറച്ചിലുകളെ തള്ളിനീക്കിക്കൊണ്ട് ആകെയുള്ള മാനവവര്‍ഗ്ഗത്തെ ഒറ്റയൂണിറ്റായി
കാണുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ആയതുകൊണ്ടുതന്നെ മലയാള സാഹിത്യത്തില്‍
വേറിട്ടൊരിടം നേടിയിട്ടുണ്ട്.
സാഹിത്യത്തിന്റെ മൂല്യമിരിക്കുന്നത് സഹാനുഭൂതിയിലാണെന്ന
കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്ന് കരുതുന്നില്ല. സാങ്കേതികമായി ഏതൊരു രീതിയെ
പിന്തുടര്‍ന്നാലും പ്രപഞ്ചമാകെപ്പടര്‍ന്നു നില്ക്കുന്ന സഹാനുഭൂതിയെ അനുധാവനം
ചെയ്യുന്നില്ലെങ്കില്‍ കവിതയുടെ ഔന്നത്യങ്ങളെ സ്പര്‍ശിക്കാതെ പോവുകതന്നെ
ചെയ്യുമെന്ന കാര്യത്തില്‍ അക്കിത്തത്തിന് സംശയമില്ല. അതുകൊണ്ടാണ്
ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായ്
ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി
ലായിരം
സൌരമണ്ഡലം
ഒരു
പുഞ്ചിരി ഞാന്‍ മറ്റു
ള്ളവര്‍ക്കായ്
ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മല
പൌര്‍ണമി –
എന്ന ദര്‍ശനത്തിന് കവി തന്നെത്തന്നെ സമര്‍പ്പിക്കുന്നത്.ഈ സഹാനുഭൂതി മനുഷ്യനെന്ന ചിന്തിക്കുന്ന
മൃഗത്തിലേക്ക് മാത്രം ചുരുങ്ങാതെ സര്‍വചരാചരങ്ങളിലേക്കും
വ്യാപരിക്കുമ്പോഴാണ് കവി പറഞ്ഞ നിത്യനിര്‍മല പൌര്‍ണമിയുടെ
എഴുന്നള്ളത്തുണ്ടാവുക.ഭൂമിയുടെ അവകാശികളായവരുടെ ഈ കൂട്ടായ്മക്കുവേണ്ടിയാകണം കവിത
കൂകിപ്പായേണ്ടത്.സങ്കുചിതത്വങ്ങളുടെ സമകാലികതയോട് സംവദിക്കേണ്ടത്
ഏറ്റക്കുറച്ചിലുകളില്ലാത്ത സഹാനുഭൂതിയുടെ സമാനലോകം സൃഷ്ടിച്ചുകൊണ്ടായിരിക്കണം
എന്നത് ചരിത്രപരമായ ഒരു ആവശ്യകൂടിയാണ്.അങ്ങനെയാകുമ്പോള്‍
നിരുപാധികമാം സ്നേഹം
ബലമായി വരും ക്രമാല്‍ എന്ന കവിവചനം
സാര്‍ത്ഥകമാവും.
Comments