#ദിനസരികള്‍ 167


ദക്ഷയാഗം എഴുതുമ്പോള്‍ ഇരയിമ്മന്‍ തമ്പി എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക? എന്തായാലും ചിന്ത ആവശ്യപ്പെടുന്ന യുക്തിബോധം ആ സമയത്ത് അദ്ദേഹത്തെ വിട്ടകന്നിരുന്നു എന്ന കാര്യം വ്യക്തമാണ്.മൂലകഥയില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ഇരയിമ്മന്‍ തമ്പി കഥ രൂപപ്പെടുത്തിയത്.അതില്‍ പ്രധാനപ്പെട്ട മാറ്റം സതിയുടെ ആത്മത്യാഗമാണ്. തന്റെ ഭര്‍ത്താവായ ശിവന് ഹവിര്‍ഭാഗം നല്കാതെ ദക്ഷന്‍ അപമാനിച്ചതില്‍ മനം നൊന്താണ് സതി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നതെന്ന് മൂലകഥയില്‍ പറയുന്നു. ഒരു ഭാഗത്ത് ഭര്‍ത്താവിനെ അപമാനിച്ച പിതാവ്, മറുഭാഗത്ത് യാഗത്തിന് പോകരുതെന്ന് വിലക്കിയ ഭര്‍ത്താവ്.അപമാനിക്കപ്പെട്ടു ഭര്‍ത്തൃസവിധത്തിലേക്ക് തിരിച്ചു ചെന്നാലുണ്ടാകുന്ന ഭവിഷ്യത്ത് വ്യക്തമായി അറിയാവുന്നതിനാല്‍ സതിയുടെ പ്രാണത്യാഗം സ്വാഭാവികമായ (?) ഒരു പ്രതികരണമാകുന്നുവെന്ന് മൂലകഥാകാരന്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ ദോഷം പറയാനാകുമോ? എന്നാല്‍ ആട്ടക്കഥാകാരന്‍ ചെയ്തത് സതി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് മൂലകഥാകാരന്‍ എന്തൊക്കെ ചായക്കൂട്ടുകളുപയോഗിച്ചുവോ അവയെയൊക്കെ നിഷേധിച്ചുകൊണ്ട് പിതൃവധത്തിന് സ്വഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന ഒരുവളെ സൃഷ്ടിക്കുകയാണ്.
            ഹന്ത താതനെന്റ മാനഹാനി ചെയ്തതിനില്ലാര്‍ത്തി
            നിന്തിരുവടിയെക്കൂടി നിന്ദിപ്പതു സഹിയാ ഞാന്‍
            താമസശീലനാകും ദക്ഷനെക്കൊല്ലുവാനേതും
            താമസിച്ചിടൊല്ല , മമ താതനവനല്ലിനിമേല്‍ - എന്നാണ് സതി ശിവനോട് ആവശ്യപ്പെടുന്നത്. അത് സതിയുടെ സ്വഭാവത്തിന് നിരക്കാത്തതും യുക്തിരഹിതവുമായ പ്രവര്‍ത്തിയാണ്.സതി ആത്മഹത്യ ചെയ്യുകയും ആ വിവരം അനുധാവകരില്‍ നിന്ന് ശിവനറിയുകയും ചെയ്യുന്നതിന്റെ പരിണതഫലമായണ് ദക്ഷധ്വംസനമുണ്ടാകുന്നത് എന്ന സങ്കല്പത്തിന് യുക്തി പിന്തുണ നല്കുന്നു.കാഴ്ചപ്പൊലിമ ഉണ്ടാക്കുന്നതിന് വേണ്ടിയാകണം കരാളദംഷ്ട്രന്‍ എന്നൊരു  നീചബുദ്ധിയെ ആട്ടക്കഥാകാരന്‍ സൃഷ്ടിച്ചത്. കൂടാതെ സതിയുടെ പാതിവ്രത്യഘോഷണത്തിനും ഈ രംഗം ഉപയോഗിക്കുന്നുണ്ട്. മൂലകഥയിലില്ലെങ്കിലും ഈ കൂട്ടിച്ചേര്‍ക്കല്‍‍കൊണ്ട് കഥാഗതിക്ക് യാതൊരു വിധത്തിലുള്ള മാറ്റും കൂട്ടുന്നില്ല എന്നത് വസ്തുതയാണ്.
            ശിവനും അദ്ദേഹത്തിന്റെ പാര്‍ഷദനായ നന്ദികേശ്വരനുമൊക്കെ ദക്ഷനെ അപമാനിക്കുന്നുണ്ട്.അപമാനിക്കപ്പെട്ടിട്ടും ശിവനെ കാണുന്നതിനുവേണ്ടി കൈലാസത്തിലേക്കെത്തിയ ദക്ഷനെ കുമതികള്‍ക്കു മമ മഹേശനെന്നറിക മൂഢ ! കിമപി താമസിച്ചിടാതെ യാഹി ദുര്‍മ്മതേ എന്നു പറഞ്ഞ് നാണംകെടുത്തി മടക്കി അയക്കുന്നുണ്ട് , നന്ദി. പിന്നെ വീണ്ടും വന്ന് യാഗത്തിന് ക്ഷണിക്കാത്തതില്‍ ആര്‍ക്കാണ് ദക്ഷനെ പഴി പറയുവാന്‍ കഴിയുക.ഒരു കാര്യം ശ്രദ്ധിക്കണം. വളരെ സന്തോഷത്തോടെയാണ് സതിയെ ദക്ഷന്‍ ശിവന് വിവാഹം ചെയ്തുകൊടുക്കുന്നത്.ശങ്കരന്റെ പ്രണയിനിയായ് മകള്‍ വന്നതില്‍ സന്തോഷമുണ്ടെന്ന് തുറന്നു പറയുന്ന ദക്ഷനില്‍ നിന്ന് , അറിയാതെ മമ പുത്രിയെ നല്കിയതനുചിതമായഹോ എന്ന് പരിതപിക്കുന്ന ദക്ഷനിലേക്കുള്ള പരിണാമത്തില്‍ തെറ്റ് കണ്ടെത്താന്‍ കഴിയുക ശിവനിലും കൂട്ടാളികളിലുമാണ്. അങ്ങനെയുള്ള ദക്ഷനെ പൊടുന്നനെ നീചനായകനായി അവരോധിക്കാന്‍ തമ്പി കാണിച്ച വ്യഗ്രത ഭംഗിയായില്ലെന്നു മാത്രവുമല്ല ചിന്താശേഷിയെ കളിയാക്കുന്നതുമായി.

            തമ്പിക്ക് ഈ കൃതിയില്‍ യുക്തിപരമായി ഒരുപാടു വീഴ്ചകള്‍ സംഭവിച്ചുവെങ്കിലും സാഹിത്യഭംഗികൊണ്ടും ജനപ്രിയതകൊണ്ടും ദക്ഷയാഗം പ്രമുഖസ്ഥാനത്തുണ്ട് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം