#ദിനസരികള്‍ 168
കോടതി വ്യവഹാരങ്ങള്‍
കാലതാമസം കൂടാതെ നടപ്പിലാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യതക്കും
കെട്ടുറപ്പിനും അനുപേക്ഷണീയമാണ്. ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കാത്തതുകൊണ്ടും
അനുബന്ധ സൌകര്യങ്ങളൊരുക്കാതത്തതുകൊണ്ടും അനന്തമായി നീണ്ടുപോകുന്ന കേസുകളെച്ചൊല്ലി
ഇന്ത്യയുടെ ചീഫ് ജസ്റ്റീസിന് പ്രധാനമന്ത്രിയുടെ മുന്നില്‍ കരയേണ്ടി വന്നത് ഓര്‍ക്കുക.
ഇത് നമ്മുടെ നിയമവ്യവസ്ഥക്കുനാണ ക്കേടാണെന്നും ലോകത്തിന്റെ മുമ്പില്‍ നമുക്കു
തലകുനിക്കേണ്ടിവരുന്നുവെന്നുമുള്ള വസ്തുത അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു.ഇരുപത്തിയൊന്നായിരത്തോളം
ജഡ്ജിമാരാണ് ഇന്ത്യയിലുള്ളത്.അത് അടിയന്തിരമായി നാല്പതിനായിരത്തോ ളമാക്കണമെന്ന
ആവശ്യത്തിന് പ്രസക്തിയുണ്ട്.കാരണം ഇന്ത്യന്‍ ജഡ്ജിമാര്‍ ഏകദേശം 2600 കേസുകള്‍
കൈകാര്യം ചെയ്യുമ്പോള്‍ വിദേശ ജഡ്ജിമാരുടെ മുന്നില്‍ എണ്‍പതോളം കേസുകള്‍ മാത്രമാണ്
എത്തുന്നത്. എണ്ണത്തിന്റെ ആധിക്യം കേസിന് കാലതാമസം വരുത്തുകയും വിധി പറയുന്ന
കേസുകളില്‍തന്നെ സൂക്ഷ്മതക്കുറവുകൊണ്ട് നീതിനിഷേധമുണ്ടാകാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയും
ചെയ്യുന്നു.
നീതിനിര്‍വ്വഹണം കൃത്യമായി നടക്കാത്തതുകൊണ്ട് ഏറ്റവും
കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്നത് വിചാരണത്തടവുകാരാണ്.അനിശ്ചിതമായി നീണ്ടു
പോകുന്ന അത്തരം തടവുകാര്‍ അനുഭവിക്കേണ്ടിവരുന്ന വൈഷമ്യങ്ങള്‍ക്ക് ആരുത്തരവാദിയാകും
എന്ന ചോദ്യത്തിന് നാം ചെവികൊടുക്കേണ്ടതുണ്ട്. പലരും അനുഭവിക്കേണ്ടിയിരുന്ന
ശിക്ഷാകാലാവധിയെക്കാള്‍ വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞവരാണ്.അതുകൂടാതെ അവരില്‍
പലരും തെറ്റകാരല്ലെന്ന വിധിയും വന്നേക്കാം.അങ്ങനെ വരുമ്പോള്‍ നമ്മുടെ
നിയമസംവിധാനത്തിലെ പോരായ്മകൊണ്ട് എത്ര ജീവിതങ്ങളെയായിരിക്കും നാം പറിച്ചു
കളഞ്ഞിട്ടുണ്ടാകുക? പുറത്തുനിന്നുള്ള
സഹായങ്ങളുടെ ലഭ്യതക്കുറവുകൊണ്ട് പെറ്റിക്കേസുകളില്‍പ്പോലും നീണ്ടകാലം ജയില്‍വാസമനുഭവിക്കേണ്ടി
വരുന്നവര്‍ ഇവിടെയുണ്ട്. ആത്യന്തികവിധി വരുന്നതുവരെ വിചാരണത്തടവുകാരെ അനിശ്ചിതമായി
തടവിലിടുന്ന രീതിയെങ്കിലും അവസാനിപ്പിക്കണമെങ്കില്‍ ചുരുങ്ങിയ പക്ഷം ജഡ്ജിമാരുടെ
ജോലിഭാരം കുറക്കണം.
ഇതൊക്കെ ഒരു വശത്ത് നമ്മുടെ നീതിന്യായ സംവിധാനത്തെ
വരിഞ്ഞുമുറിക്കുമ്പോള്‍ മറുഭാഗത്ത് അനാവശ്യ വ്യവഹാരങ്ങളുടെ കുത്തൊഴുക്ക്
ഉണ്ടെന്നുള്ളതുകൂടി കാണാതിരിക്കരുത്.സാധാരണ പൌരന്മാരും പോലീസും മറ്റു അധികാരിവര്‍ഗ്ഗങ്ങളും
കൂടി ഉണ്ടാക്കിയെടുക്കുന്ന അത്തരം കേസുകളെക്കുറിച്ചും നാം ഗൌരവമായി ആലോചിക്കേണ്ടതുണ്ട്.നീതിനിര്‍വഹണത്തിന്റെ
മേഖലയില്‍ ഗോവര്‍ധന്മാരെ സൃഷ്ടിക്കുന്ന വ്യവസ്ഥ ജനാധിപത്യത്തിന് നേരെയുള്ള
അശ്ലീലപ്രയോഗമാണ്.സിവില്‍ കേസുകളെക്കുറിച്ച് ആലോചിക്കുവാന്‍ പോലും കഴിയാത്ത
സാഹചര്യമാണ്. ചിലകേസുകള്‍ തലമുറകള്‍ കൈമാറിക്കഴിഞ്ഞിട്ടുപോലും അവസാനം കാണുന്ന
ലക്ഷണം പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ട് നിയമസംവിധാനങ്ങളിലെ കാലതാമസം
ഒഴിവാക്കാനും കുറ്റമറ്റതാക്കി നിയമവിതരണം സുഗമമാക്കാനും അധികാരികള്‍ അടിയന്തിരമായി
മനസ്സുവെക്കേണ്ടതുണ്ട്.
Comments