#ദിനസരികള്‍ 143
സന്ധ്യക്കു കുളിച്ചെല്ലാ
ശല്യത്തില്‍ നിന്നും വേറി
ട്ടങ്ങു വായിപ്പൂ , ദിവ്യ
മുറക്കെ ബ്ഭാഗവതം
നീ വരുന്നില്ലേ , വന്നി
ങ്ങിരിക്കെന്നൊക്കെക്കേള്‍ക്കാം
താവകസ്വരം തീയി –
ന്നരികിലെനിക്കപ്പോള്‍
വെപ്പുവേലകള്‍ തേച്ചു
കഴുകിത്തീരാനാകാ
തെത്ര പാത്രങ്ങള്‍ നാളേ
യ്ക്കെത്ര കൊച്ചു കാര്യങ്ങള്‍
കരിപറ്റിയ കൈയ്യാല്‍
മരണം വരെത്തീരാ
മഹാ ഭാഗവതം ഞാന്‍
മറിച്ചു വായിക്കുന്നു
മടിയാതെന്നും , അങ്ങു
കേള്‍ക്കുവാന്‍ വരുന്നില്ല – ഭാഗവതം (കവിത പൂര്‍ണമാണ് )
വിട്ടുപോകുവാന്‍ വയ്യെനിക്കൊന്നുമി
ന്നൊക്കെയും പ്രിയം പോരാ പ്രിയങ്കരം
ഉറ്റുനോക്കി നില്ക്കുന്നു വിദൂരസ്ഥ
ദുഖ നക്ഷത്ര മണ്ഡലം ശാന്തമായ്
അത്ര സ്നേഹിച്ചൊരമ്പിളിപ്പൊന്മുഖം
അല്പമൊന്നിരുണ്ടെന്നു തോന്നീട്ടു ഞാന്‍
ഉദ്യമിപ്പൂ ചിറകും വിടര്‍ന്നു ചെ
ന്നെത്തുവാനെടുത്തൊന്നണച്ചീടുവാന്‍
പോയതൊക്കെയും സ്വപ്ന മെന്‍മുജ്ജന്മ
ചാപലങ്ങള്‍ മറന്നു കഴിഞ്ഞു ഞാന്‍
മൃത്യുവാലേ കഴുകിക്കളഞ്ഞുപോയ്
ക്ഷുദ്രമായ വികാരങ്ങളൊക്കെയും – സ്വപ്നാടനം
കല്ലെറിഞ്ഞീടുവാന്‍ കൊല്ലാ
നെല്ലാരും വന്നടുക്കിലും
അവരില്‍പ്പാപിയല്ലാത്തോ
നാരുള്ളൂ കല്ലെടുക്കുവാന്‍ ? – പുനര്‍ജ്ജന്മം
ഏതു ദിക്കില്‍ ജനിച്ചു വീണാലും
വേരു മണ്ണില്‍ക്കുരുങ്ങിക്കഴിഞ്ഞാല്‍
പ്രാണനങ്ങുറയ്ക്കുന്നു പിന്നീടാ
നാടുതന്നെ ഞങ്ങള്‍ക്കേകലോകം - നാഗരത്തിലെ നാട്ടുമാവ്
വിജയലക്ഷ്മിയുടെ
കവിതകളില്‍ നിന്നും പ്രിയപ്പെട്ട വരികളെ കണ്ടെത്തുക എന്നുള്ളത് സത്യം പറഞ്ഞാല്‍
പ്രയാസമാണ്. അവര്‍ എഴുതിയതെല്ലാം തന്നെ പ്രിയപ്പെട്ടതാകുന്നു എന്നതാണ് ശരി.മൃഗശിക്ഷകനും
തച്ചന്റെ മകളും വാഴപ്പഴവും നഗരത്തിലെ തേന്മാവുമൊക്കെ ഇനിയും വ്യാപകമായി ചര്‍ച്ച
ചെയ്യേണ്ടവയില്‍ ചിലതാണ്.തച്ചന്റെ മകള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം
ഇവിടുത്തെ സ്ത്രീപക്ഷഎഴുത്തുകാര്‍പോലും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്നു
തോന്നുന്നു.കൂട്ടിലേക്ക് വീണ് ഒതുങ്ങിക്കഴിയുന്ന മൃഗശിക്ഷകനില്‍ നിന്ന്
,പുരുഷാധികാരങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന തച്ചന്റെ
മകളിലേക്കുള്ള ദൂരം മലയാള സാഹിത്യത്തില്‍ ചര്‍ച്ചയാകേണ്ടതാണ്.കാത്തിരിക്കുക; ആരെങ്കിലും
വന്നേക്കാം.
Comments