#ദിനസരികള്‍ 139
മലയാളി
മറന്ന നാടന്‍ കളികള്‍ എന്നൊരു പുസ്തകം അജി മാത്യു കോളൂത്ര എഴുതി ഡി സി ബുക്സ്
പ്രസിദ്ധീകരിച്ചിട്ടുണ്ട്.പണ്ടത്തെ നാടന്‍ കളികളോട് കൌതുകമുള്ള എനിക്ക് ഇപ്പുസ്തകം
നന്നായി രസിച്ചു.കളിച്ചു മറന്ന ഓരോ കളികളേയും ഓര്‍മിപ്പിച്ചുകൊണ്ട് പുസ്തകത്തിലൂടെ
കടന്നുപോയപ്പോള്‍ ഇപ്പോള്‍ ഇക്കളികളൊന്നും അറിയാത്ത , അഥവാ താല്പര്യമില്ലാത്ത
നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു എന്റെ ചിന്ത.ഇക്കാലത്തെ കുട്ടികള്‍ക്ക്
ആകെയുള്ള ഒരു കളി എന്നു പറയുന്നത് ക്രിക്കറ്റാണ്. ഏറിപ്പോയാല്‍ ഫൂട്ബോള്‍ . അവ
രണ്ടുമുണ്ടാക്കിയെടുത്തിരിക്കുന്ന വിപണിമൂല്യത്തില്‍ മറ്റുകളികളൊക്കെ ഏറെക്കുറെ
അസ്തമിച്ചു കഴിഞ്ഞു.ക്രിക്കറ്റിതിഹാസങ്ങള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന താരപ്രഭ
ആരേയും ആകര്‍ഷിക്കുന്നതായതുകൊണ്ട് അമ്മാവന്‍ സിന്‍ഡ്രോം പ്രകടിപ്പിക്കുന്നതില്‍
കാര്യമില്ലെന്ന് അറിയാം. എന്നാലും പഴയ കാലത്തെ കളികളൊക്കെ പരസ്പരം കുറച്ചു കൂടി
അടുത്തിടപഴകാന്‍ കഴിയുന്നവയായിരുന്നു , മാനവികമായിരുന്നു. ക്രിക്കറ്റ് അല്ലെങ്കില്‍
ഫുട്‌ബോള്‍ എന്ന പ്രാഥമിക പരിഗണനകള്‍ക്കപ്പുറം കടന്നാലും നാം എത്തിനില്ക്കുക നാടന്‍
കളികളിലേക്കായിരിക്കില്ല എന്നതാണ് വസ്തുത. രാജ്യാന്തരമേളകളിലെ പ്രസക്തിയും
പ്രാധാന്യവുമാണ് പരിഗണനകളുടെ മുന്‍ഗണനകളെ നിശ്ചയിക്കുക.
ഇപ്പോള്‍പ്പിന്നെ
ക്രിക്കറ്റിനും ഫുട്‌ബോളിനുമപ്പുറം മറ്റൊരു രുചി വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.
അത് മൊബൈല്‍ ഫോണുകളാണ്. അവ സാര്‍വ്വത്രികമായതോടെ എല്ലാ കളികളും ഭീഷണിയിലാണ്.
മൈതാനങ്ങളുടെ മൂലകളില്‍ പരസ്പരം ഒന്നും മിണ്ടാതെ കുത്തിയിരിക്കുന്ന
കുട്ടിക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വാഭാവിക കാഴ്ചകളാണ്.എത്ര സമയം വേണമെങ്കിലും ഒന്നും
സംസാരിക്കാതെ അനങ്ങാതെ അവര്‍ അവിടെയിരുന്നു കൊള്ളും.കളികളൊക്കെ കൈയ്യിലിരിക്കുന്ന
ഫോണുകള്‍ വഴിയാണ്.ഒറ്റക്കും കൂട്ടമായും അവര്‍ കളിക്കുന്നു. മൈതാനങ്ങളില്‍
ഓടിക്കളിക്കുന്ന അതേ രസങ്ങള്‍ ഈ വിധത്തിലും അവര്‍ക്ക്
ലഭിക്കുന്നുണ്ടാവാം.അതുകൊണ്ടാണല്ലോ ഓടി വിയര്‍ത്തുരസിക്കുന്ന കളികള്‍ക്ക്
പങ്കാളികളില്ലാതെ പോകുന്നത് ?
കുഞ്ഞുങ്ങളേ , വിയര്‍ക്കുന്നതിന്റേയും
വിശക്കുന്നതിന്റേയും സുഖങ്ങള്‍ നിങ്ങള്‍ അറിയണം. ഓടി വീണ് മുട്ടുകള്‍
പൊട്ടുന്നതിന്റേയും കൈകളുരഞ്ഞു നീറുന്നതിന്റേയും വേദനകള്‍ നിങ്ങള്‍ അറിയണം.വീണുകിടക്കുന്നവനെ
വാരിപ്പുണര്‍ന്ന് നെഞ്ചോടു ചേര്‍ക്കുമ്പോള്‍ നാം മനുഷ്യനെന്ന വികാരത്തോട്
നീതിപുലര്‍ത്തുകയാണ് എന്നറിയണം. കളിക്കളങ്ങള്‍ കേവലമായ കളിക്കളങ്ങളല്ല എന്നും അവ
പിന്നീടുള്ള ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പരീക്ഷണങ്ങളെക്കുറിച്ചുള്ള
പാഠശാലകളാണെന്നും നിങ്ങള്‍ മനസ്സിലാക്കണം. കളികളിലെ ജയ പരാജയങ്ങള്‍ നല്കുന്ന
സുഖദുഖങ്ങള്‍ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെ അതിജീവിക്കുന്നതിനും വിജയങ്ങളില്‍
മതിമറന്നു പോകാതിരിക്കുന്നതിനും നമ്മെ സഹായിക്കുന്നവയാണെന്ന് തിരിച്ചറിയണം.
അതുകൊണ്ട് പഴയ കളികളില്‍ കാലത്തിനിണങ്ങുന്ന ചിലതെങ്കിലും നമുക്കു
വീണ്ടെടുക്കണമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടേ ?
Comments