#ദിനസരികള്‍ 137

മുസ്ലിങ്ങള്‍ക്ക് വെറുമൊരു പള്ളി , ഹിന്ദുക്കള്‍ക്ക് ശ്രീരാമജന്മസ്ഥാന്‍ എന്ന അതിവൈകാരികമായ ഒരു പ്രസ്ഥാവനയോടെ, ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്കി നിലനില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ ഉത്തരമേഖലാ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ്, ഇന്നലെ മാനന്തവാടിയില്‍ മാതൃഭൂമി പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ തന്നെ ആത്മകഥയായ ഞാനെന്ന ഭാരതീയന്‍ (മാതൃഭൂമി ബുക്സ് ) എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ജനാധിപത്യഭാരതം നേരിടുന്ന സങ്കീര്‍ണമായ ഒരു പ്രശ്നത്തിന് പരിഹാരമായി ഇത്തരമൊരു നിര്‍‌ദ്ദേശം മുന്നോട്ടു വെച്ചത്.ബാബറി മസ്ജിദ് വിട്ടുകൊടുത്താല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ അതില്‍ സന്തുഷ്ടരാകുമെന്നും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടാകാതെ മുസ്ലിം സമൂഹത്തെ പരിപാലിക്കുന്ന ധാര്‍മിക ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തുകൊള്ളുമെന്നുമുള്ള ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
            ലളിതബുദ്ധിയായ കെ കെ മുഹമ്മദിന് ഫാസിസത്തിന്റെ സങ്കീര്‍ണവും കൌശലം നിറഞ്ഞതുമായ കൈവഴികളെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്ഥാവനകള്‍ എല്ലാംതന്നെ.അദ്ദേഹത്തിന്റെ ഋജുവായ ചിന്താരീതി ഒരു മുറിവിന് ഒരു മരുന്ന് എന്ന രീതിയിലാണ്. മുറിവുണ്ടാക്കപ്പെടുന്ന കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വേണ്ടത്ര ബോധവാനാണെന്ന് ഞാന്‍ കരുതുന്നില്ല.പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്ന ആവശ്യത്തെത്തന്നെ ആദ്യം പരിഗണിക്കുക.ഏതു ഹിന്ദുവാണ് ബാബറി മസ്ജിദ് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടത് ? മതേതരബോധം പുലര്‍ത്തിപ്പോരുന്ന , ഇന്ത്യയുടെ ഭരണഘടനയേയും ജനാധിപത്യത്തേയും വിശ്വസിക്കുന്ന ഒരു ഹിന്ദുവും ഇവിടെ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. ഹിന്ദു സമം ആര്‍ എസ് എസ് അല്ലെങ്കില്‍ സംഘപരിവാരം എന്നു ചിന്തിക്കാന്‍ മുഹമ്മദിനെ പഠിപ്പിച്ചതാരാണ് ? സംഘപരിവാരത്തിന്  ബാബറി മസ്ജിദ് അധികാരത്തിന്റെ സോപാനങ്ങളിലേക്ക് പിടിച്ചു കയറാനുള്ള ഒരു പിടിവള്ളി മാത്രമാണെന്നും അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല എന്നും മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള എന്തു ചിന്താമാന്ദ്യമാണ് കെ കെ മുഹമ്മദിനെ നയിക്കുന്നത് ? ബാബറി മസ്ജിദ് പ്രശ്നം ശ്രീരാമന്റെ ജന്മസ്ഥാനവുമായോ ഹിന്ദുക്കളുടെ മറ്റു വിശ്വാസങ്ങളുമായോ ബന്ധപ്പെട്ട ഒന്നല്ലെന്നും വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ച് വോട്ടുബാങ്കുണ്ടാക്കുവാനുള്ള സംഘപരിവാരത്തിന്റെ ശ്രമമാണെന്നുമുള്ള തിരിച്ചറിവ് മതേതരനെന്നഭിമാനിക്കുന്ന മുഹമ്മദിന് ഉണ്ടാകേണ്ടിയിരിക്കുന്നു.
            ഇദ്ദേഹത്തിന്റെ മറ്റൊരു വാദം ബാബറി മസ്ജിദ് വിട്ടുനല്കിയാല്‍‌ ഹിന്ദുക്കള്‍ പിന്നീടങ്ങോട്ട് മുസ്ലിംസ്വത്തുകള്‍ക്കുമേല്‍ അവകാശവാദമൊന്നും ഉന്നയിക്കില്ലെന്നുള്ളതാണ്. എത്ര ബാലിശമായ ഒരു നിലപാടാണത് ? ആഗ്രയിലെ താജ്മഹല്‍ മുതല്‍ നസ്രാണികളുടെ ആര്‍ത്തുങ്കല്‍ പള്ളി വരെയുള്ള അവകാശവാദങ്ങളുടെ ഒരു നിരതന്നെ നമ്മുടെ മുന്നില്‍ നില്ക്കുമ്പോഴാണ് മുഹമ്മദ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം.

            ആയിരത്തി അഞ്ഞൂറുകളില്‍ പണിത പള്ളിയില്‍ 1949 ല്‍ കൊണ്ടുവെച്ച ശ്രീരാമവിഗ്രഹത്തിന്റെ പിന്‍ബലത്തില്‍ രാമജന്മഭൂമി പ്രശ്നം രാഷ്ട്രീയ ചൂതാട്ടത്തിന്റെ കേന്ദ്രമായി മാറ്റിക്കൊണ്ട് അധികാരത്തിന്റെ വിതാനങ്ങളിലേക്ക് സംഘപരിവാരരാഷ്ട്രീയം കയറിപ്പോകുന്ന കാഴ്ച നേരിട്ടുകണ്ടവരാണ് നമ്മള്‍. എന്നിട്ടും വിശ്വാസത്തിന്റെ പരിവേഷം ആ പ്രശ്നത്തിന് പതിച്ചു നല്കുന്നുവെങ്കില്‍ നാം ജീവിച്ചുപോകുന്നത് യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത ഒരു മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് വ്യക്തമാണ്.അത്തരമൊരു മൂഢസ്വര്‍ഗ്ഗത്തിലാണ് കെ കെ മുഹമ്മദ് ജീവിച്ചു പോകുന്നത്. ഫാസിസത്തിന്റെ ഓരം ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ ഈ നടപ്പ് ജനാധിപത്യത്തിന് വിരുദ്ധവും മതേതരത്വത്തിന് തുരങ്കം വെക്കുന്നതും സര്‍വ്വോപരി നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.  

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം