#ദിനസരികള്‍ 138


സന്യാസത്തിന് പിന്നിലെ ഉദ്ദേശശുദ്ധി ആദരിക്കേണ്ടതുതന്നെയാണ്.ഒരുവന്‍ തനിക്കുള്ളതെല്ലാം ത്യജിച്ച് ഒന്നുകില്‍ സത്യാന്വേഷിയായി ശരിയായ ജ്ഞാനത്തെ അറിയുന്നതിനുവേണ്ടി തന്റെ ജീവിതം മാറ്റിവെക്കുന്നു.ശരിയായ ജ്ഞാനം എന്ത് എന്ന കാര്യത്തില്‍ തുലോം വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ നമുക്കുണ്ടായെന്നു വരാം. ശാസ്ത്രാഭിയുക്തമായ ജ്ഞാനങ്ങളിലേക്ക് എത്തുക എന്നതിന് ശരി ഗ്രഹിക്കാനുള്ള നമ്മുടെ കഴിവും പ്രധാനമാണല്ലോ. ആ കഴിവ് ഉണ്ടാകുന്നതുവരെയുള്ള അന്വേഷണമാണ് ജ്ഞാനാന്വേഷികള്‍ നടത്തുന്നത്.   മറ്റു ചിലരാകട്ടെ മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും അവരുടെ സങ്കടങ്ങളില്‍ കൂടെ നില്ക്കുകയും ചെയ്യുന്നതാണ് സന്യാസത്തിന്റെ വഴികളെന്ന് മനസ്സിലാക്കുകയും അതില്‍ വ്യാപൃതരാകുകയും ചെയ്യുന്നു. ആദ്യത്തേത് ജ്ഞാനയോഗത്തേയും രണ്ടാമത്തേത് കര്‍മയോഗത്തേയും സന്യാസത്തിന്റെ മാര്‍ഗങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടായാലും അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ എന്ന് കുമാരനാശാന്‍ പാടിയ പോലെ വൈയക്തികതാല്പര്യങ്ങളെ വിഗണിക്കുക എന്നത് നിഷ്കാമമായ സന്യാസത്തിന്റെ ലക്ഷണമാണ്.ഭാരതീയ തത്വ ചിന്തകരില്‍ പ്രമുഖനായ ശ്രീകൃഷ്ണന്‍ സന്യാസത്തെ നിര്‍വചിക്കുന്നത് കാമ്യാനം കര്‍മണം ന്യാസം എന്നാണ്. സ്വേച്ഛകളെ തള്ളി , പരനു പരിതാപങ്ങളൊന്നുമുണ്ടാകാത്ത വിധത്തില്‍ കര്‍മ്മം ചെയ്യുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇങ്ങനെ നിഷ്കാമകര്‍മത്തില്‍ അധിഷ്ഠിതമായ സന്യാസം ഇന്നെവിടെ എത്തി നില്ക്കുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് സമകാലിക സന്യാസജീവിതത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്തുവരുന്നത്.  പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് സന്യാസം വഴിമാറുകയും അത് ആള്‍ ദൈവങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്തിരിക്കുന്നു എന്നുള്ളതാണ് ആത്മീയഭാരതം നേരിടുന്ന സമകാലികമായ ദുരന്തം.

            ആത്മീയ ഗുരുക്കന്മാര്‍ എന്ന് അവകാശപ്പെട്ടു രംഗത്തുവരുന്നവര്‍ ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുക്കുന്ന ഭീമമായ സമ്പത്ത് , ആരേയും ഞെട്ടിപ്പിക്കുന്നതും അതേ സമയം ആകര്‍ഷിക്കുന്നതുമാണ്. ആത്മീയദാരിദ്ര്യം അനുഭവിക്കുന്ന വിശ്വാസികളെ വിദഗ്ദമായി ചൂഷണം ചെയ്തു നേടിയെടുക്കുന്ന ഈ അളവറ്റ സമ്പത്തിന്റെ പിന്‍ബലത്താല്‍ ആരേയും തന്റെ ആജ്ഞാനുവര്‍ത്തികളാക്കുന്ന ആള്‍‌ദൈവങ്ങള്‍ സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളായി വേഷം മാറുന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ആള്‍‌ദൈവങ്ങളുടെ തണലില്‍ വളര്‍ന്നു പന്തലിക്കുന്ന സമാന്തരഭരണകൂടങ്ങളെ നിലക്കു നിറുത്തുക എന്നത് ഇനി വരുന്ന ഓരോ ഭരണകൂടത്തിനും വെല്ലുവിളിയായിരിക്കും. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന സൂചനയാണ് റോക്ക് സ്റ്റാര്‍ ബാബ എന്നറിയപ്പെടുന്ന ഗുര്‍മീത് റാം റഹിം സിംഗിനെ ശിക്ഷിച്ച വിധിയിലൂടെ നമ്മുടെ ജുഡീഷ്യറി വ്യക്തമാക്കുന്നത്ത്. എന്നാല്‍ കോടതിയുടെ മുന്നില്‍ ഇത്തരക്കാരെ എത്തിക്കാന്‍ നിയമപാലകരും ഭരണവര്‍ഗ്ഗവും തയ്യാറാകുമോ എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം