#ദിനസരികള്‍ 140
കോടമഞ്ഞല താണിറങ്ങും
നീലമലയുടെ താഴെ നിങ്ങള്‍
ഭംഗി കണ്ട് ,
മയങ്ങിയങ്ങനെ
നിന്നിടാറുണ്ടോ ? -
എന്ന് കവി റഫീക്ക് അഹമ്മദ് , കോട എന്ന കവിതയിലൂടെ നമ്മോടു ചോദിക്കുന്നു.കാടും
നാടും മൂടി പടര്‍ന്നുവരുന്ന കോട.കാണെക്കാണെ മലകളും മരങ്ങളും കാടുകളും തോടുകളും
മറഞ്ഞു പോകുന്നത് നാം കണ്ടുനില്ക്കുന്നു. അല്പനേരത്തിനുള്ളില്‍
ചുറ്റുമുള്ളവയോടൊപ്പം നമ്മളും കോടയില്‍ മൂടിപ്പോകുന്നു.സര്‍വ്വതും മറച്ചുകൊണ്ടു
കോട നിറയുന്നു.ആ കോടമഞ്ഞ് മലയിറങ്ങി വന്ന് താഴ്വാരങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭംഗി കണ്ട് നിങ്ങള്‍ സ്വയം
മറന്ന് നില്ക്കാറുണ്ടോ എന്നാണ് കവി ചോദിക്കുന്നത്.
അകലെയകലെ ആദ്യമാദ്യം
ധൂമിലാകൃതിയാകുമൊരു
മുകില്‍
മാല പോലെ യിഴഞ്ഞിഴഞ്ഞ്
കുളിര് തന്ന് മറവി തന്ന്
നോക്കി നോക്കിയിരിക്കേ
പലമുഖ
ഭാവമാര്‍ന്ന് പുരാണനായക
രായി ദേവകളായി പിന്നെ..
എല്ലാം
മറയ്ക്കുന്ന കോട മലയിറങ്ങി വരുമ്പോള്‍ ബാല്യകാലകുതൂഹലങ്ങളിലെന്ന പോലെ നാം വിവിധ
രൂപങ്ങള്‍ അവയില്‍ സങ്കല്പിക്കാറില്ലേ ? ആകാശവിതാനങ്ങളിലെ മേഘങ്ങളില്‍
ആരോപിക്കപ്പെടുന്ന പോലെയുള്ള രൂപങ്ങള്‍ ? ചിലപ്പോളവക്ക് ആനയുടേയും
ഒട്ടകത്തിന്റേയുമൊക്കെ രൂപമായിരിക്കും. ചിലപ്പോളാകട്ടെ നമുക്ക് പ്രിയപ്പെട്ട
മറ്റെന്തിന്റെയോ രൂപമായിരിക്കും. നമുക്കിഷ്ടമുള്ള ദേവീദേവന്മാരുടെ ,
പുരാണകഥാനായകരുടെയൊക്കെ വിവിധങ്ങളായ രൂപങ്ങള്‍ നാം ആ മേഘമാലകളില്‍
സങ്കല്പിച്ചെടുക്കുന്നു.
മറ്റു രൂപങ്ങളൊക്കെ മാറി പകരം
ദേവിദേവന്മാരുടെ മുഖങ്ങള്‍ , രൂപങ്ങള്‍ മാത്രം തെളിയുന്ന മേഘക്കൂട്ടങ്ങള്‍ക്ക്
ചാരുത കൂടുതലുണ്ടോ ? പക്ഷേ
അതറിയില്ല. സാധ്യത ധാരാളമുണ്ട് എന്ന് നന്നായി അറിയാം. ആ സാധ്യതയെ മുന്നില്‍
നിറുത്തിയാണ് കോട എന്ന കവിത എഴുതപ്പെട്ടിരിക്കുന്നത്.നമ്മുടെ കാഴ്ചകളെ
മറച്ചുകൊണ്ട് ചുറ്റുപാടുകളെ മറച്ചുകൊണ്ട് നമ്മെത്തന്നെ മറച്ചുകൊണ്ട് കോട
നിറയുന്നതിന്റെ ഭംഗികളില്‍ മനംനിറഞ്ഞ് നാം നിന്നിരിക്കുന്നു.ചുറ്റുമുള്ളതൊന്നും
കാണാതെ കേള്‍ക്കാതെ അറിയാതെ ഏതൊക്കെയോ രസങ്ങളില്‍ മയങ്ങി നിന്നുപോയ നമ്മളെ അത്
തടവിലാക്കിയിരിക്കുന്നു.നമ്മെ മാത്രമല്ല
വെയിലിനെയത്
തടവിലാക്കി
മലയെ
മണ്ണിനെ പനമരങ്ങളെ
കണ്ടുനില്ക്കെയതാര്യമാക്കി
കിളികളെ
നിശ്ശബ്ദരാക്കി
കാറ്റിനെ
നിശ്ചേഷ്ടമാക്കി എങ്ങും കോട നിറഞ്ഞിരിക്കുന്നു.
എല്ലാത്തിനേയും
കോട മൂടിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകാതെ നാമിപ്പോഴും രസങ്ങളില്‍ മുഴുകി
നില്ക്കുന്നു.ആ രസങ്ങളില്‍ നിന്ന് മുക്തരാകുകയും ചുറ്റുപാടും ഏറിവളര്‍ന്നിരിക്കുന്ന
കോടകളെ വകഞ്ഞുമാറ്റി സത്യം തിരിച്ചറിഞ്ഞ് നാം വെളിയില്‍ വരുമ്പോഴേക്കും നാടിനെ
വീടിനെ നാട്ടുകാരെ കടലെടുത്തിരിക്കും.
Comments