#ദിനസരികള്‍ 141
സാദിര്‍ തലപ്പുഴയുടെ പെണ്‍പാത്രം എന്ന കാവ്യസമാഹാരം
പ്രസിദ്ധീകരിക്ക പ്പെടുന്നത് ആറുകൊല്ലങ്ങള്‍ക്കുമുമ്പാണ്.അന്ന് അദ്ദേഹം പങ്കുവെച്ച
ആശങ്കകളുടെ വേലിയേറ്റങ്ങള്‍ കൊണ്ട് ഇന്നും വിറുങ്ങലിക്കുന്ന ഒരു
സാമൂഹികപരിതോവസ്ഥയിലാണ് നാം ജീവിച്ചുപോകുന്നതെന്നത് വരുംകാലങ്ങളെ കടന്നുകാണാനുള്ള
കവിമനസ്സിന്റെ ശ്ലാഘനീയമായ ശേഷിയാണ്. രുദിതാനുസാരീ കവി എന്ന് കാളിദാസന്‍
പറഞ്ഞതുപോലെ കണ്ണുനീരിനൊപ്പം ചേരുക എന്ന മനുഷ്യ ധര്‍മ്മം കവി മുറുകെ
പിടിക്കുന്നുണ്ടെന്നതിന് ഈ സമാഹാരത്തിലെ കവിതകള്‍ സാക്ഷ്യം പറയും.അത്തരത്തില്‍
അടിച്ചുടക്കപ്പെട്ടവരുടേയും പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടേയും
വേദനകളെ സ്വാംശീകരിക്കുകയും ആവഷ്കരിക്കുകയും ചെയ്യുക എന്ന ശീലം സാദിര്‍
തലപ്പുഴയില്‍ രൂഢമൂലമായിരിക്കുന്ന അടിസ്ഥാനഭാവമാണ്.ഹൃദയത്തോടു നേരിട്ടു
സംവദിക്കുകയും തനിക്കൊപ്പം ചേരുവാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്ന
മാസ്മരികമായ ഒരു ഭാഗധേയത്തില്‍ അനുവാചകനെ പങ്കാളിയാക്കുക എന്ന കടമ ഇദ്ദേഹം
സ്തുത്യര്‍ഹമാംവിധം പ്രകടമാക്കുന്നുണ്ട്.അതുതന്നെയായിരിക്കണം സാദിറിന്റെ കവിതകളുടെ
മുഖമുദ്രയായി നമുക്ക് കണ്ടെത്താന്‍ കഴിയുക.
പെണ്‍പാത്രം
എന്നുതന്നെ പേരുള്ള കവിത നോക്കുക. സ്വന്തം പിതാവിന്റെ വന്യത നിലംപരിശാക്കിയ മകള്‍
ഇടറിയുലയുന്ന ഒരു സാമൂഹികാന്തരീക്ഷത്തിന്റെ നേര്‍ച്ചിത്രമാണ്. ശാശ്വതധാരണകളായി വര്‍ത്തിക്കേണ്ട
മൂല്യങ്ങളെ എങ്ങനെയാണ് ഒരു കെട്ടകാലം കുഴമറിക്കുന്നതെന്ന് ഈ കവിത ചര്‍ച്ച
ചെയ്യുന്നു.”അച്ഛന്റെ വിരല്‍ത്തുമ്പില്‍
നിലാമരം പൂത്ത കുന്നിന്‍മുകളിലൂടെ , കുതിച്ചൊഴുകും അരുവിക്കരയിലൂടെ
തുമ്പിച്ചിറകുപറക്കും വെയിലിലൂടെ പച്ചപ്പാടത്ത് തിര ഞൊറിയുന്ന കാറ്റിലൂടെ” അച്ഛന്റെ കൈപിടിച്ചു നടക്കുന്ന പെണ്‍കുഞ്ഞിന്
ആശങ്കകളില്ല.പക്ഷേ പട്ടുകുപ്പായക്കുടുക്കുപൊട്ടിച്ച് അച്ഛന്റെ കണ്ണുകള്‍ കവര്‍ന്നെടുത്തതെന്തെന്ന്
മകള്‍ അറിഞ്ഞുവരുമ്പോഴേക്കും അച്ഛന്‍ മനുഷ്യനില്‍ നിന്ന് രൂപപരിണാമം വന്ന
വിചിത്രജീവിയായി മാറിക്കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ മുഖത്തേക്ക് ഈ കവിത തുപ്പുന്ന തീച്ചൂടിന്
സമകാലികവും സര്‍വ്വകാലികവുമായ പ്രസക്തിയുണ്ട്.
മുഖത്തുനോക്കി
കാര്യം പറയുക എന്ന ശീലമാണ് ഈ കവി പിന്തുടരുന്നത്.അനാവശ്യമായി കവിതയെ ദുര്‍ഗ്രഹമാക്കുകയോ
, വലിച്ചു നീട്ടുകയോ ചെയ്യാതെ പറയേണ്ടത് നേരെ പറയുക എന്നത് നമ്മുടെ സമകാലികരായ പല
കവികളും പരിശീലിക്കാത്ത ഗുണമാണ്. ഉദാഹരണത്തിന് ഭീകരന്‍ എന്ന കവിത നോക്കുക “ നടുപ്പുറത്തിട്ടൊന്നു കിട്ടി പടച്ചവനേ എന്നുറക്കെ
കരഞ്ഞുപോയ്. പെട്ടെന്നശരീരി കേട്ടു കൊല്ലവനെ കൊടും ഭീകരനാണവന്‍ “ എത്ര സമര്‍ത്ഥമായാണ് നമുടെ വര്‍ത്തമാനകലരാഷ്ടീയജീവിതത്തെ
ചുരുങ്ങിയ വാക്കുകളില്‍
ഇദ്ദേഹം
വരച്ചെടുക്കുന്നത് ?
ഇദ്ദേഹത്തിന് മനുഷ്യ പക്ഷത്ത്
വേരുപിടിച്ചു നില്ക്കുന്ന ആശയങ്ങളുണ്ട് പരിമിതികളെന്ന രീതിയില്‍ പദവഴക്കങ്ങളിലെ
മികവില്ലായ്മ ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം.ആശയങ്ങളുടെ കരുത്തിനാല്‍ അവയെ
അതിജീവിക്കാന്‍ കഴിയുമെങ്കിലും കവിതയുടെ മറ്റൊരു തലം ഈ കവി
ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കരയുന്നവനോടൊത്ത് നില്ക്കക എന്ന ധര്‍മത്തിനൊപ്പം
കരച്ചിലുകളുണ്ടാകുന്ന സാഹചര്യങ്ങളുടെ മുനയൊടിക്കാനും കഴിയണം. വിശക്കുന്നവനോട് ചേര്‍ന്നു
നില്ക്കുമ്പോഴും വിശപ്പുണ്ടാകുന്ന അവസ്ഥാവിശേഷങ്ങള്‍ തിരിച്ചറിയപ്പെടണം.
അതുകൊണ്ടാണ് വിഖ്യാതനായ ബ്രഹ്ത് പറഞ്ഞത് സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന
കണ്ണാടിമാത്രമല്ല കല, മറിച്ച് ഉടച്ചുവാര്‍ക്കാനും പുനസൃഷ്ടിക്കാനും കഴിയുന്ന ഒരു
ചുറ്റിക കൂടിയാണ് എന്ന്. ഏതായാലും ഈ കവിയില്‍ എനിക്ക് വിശ്വാസമുണ്ട്.
Comments