#ദിനസരികള്‍ 73



പി കെ കാളന്‍ കാറു വാങ്ങാതിരുന്നത് എന്തുകൊണ്ടായിരുന്നു ? ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനുമായിരുന്ന പി കെ കാളന് വേണമെങ്കില്‍ ഒരു കാറുവാങ്ങാമായിരുന്നില്ലേ? നല്ലൊരു വീടുണ്ടാക്കാമായിരുന്നില്ലേ സര്‍ക്കാര്‍ സഹായത്തോടെയെങ്കിലും ഒരു വീടുണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കിടക്കാന്‍ സ്വന്തമായി ഒരു പായ പോലുമില്ലാത്ത നിരവധി ആളുകള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍‌ക്കെല്ലാം കിട്ടിയ ശേഷം മതി എനിക്ക് എന്നായിരുന്നു മറുപടി.വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചും ഇതേ ന്യായം തന്നെയാണ് കാളേട്ടന്‍ പറഞ്ഞിരുന്നത്.തനിക്കൊരു സാധ്യത ഉണ്ടെങ്കില്‍ ആ സാധ്യതയെ തന്റെ സുഖങ്ങള്‍ക്കു വേണ്ടി ചിലവഴിക്കുക എന്ന നാഗരികസ്വഭാവം അന്യമായിരുന്ന ഒരു ജനനേതാവിന് ഉതകുന്ന ജീവിതം തന്നെയാണ് മരണംവരെ കാളേട്ടന്‍ കൊണ്ടുനടന്നത്. അതുകൊണ്ടാണ് താന്‍ മാത്രം സുഖിച്ചാല്‍ അത് സ്വസമുദായത്തോടു ചെയ്യുന്ന നീതികേടാകുമെന്ന് കാളന്‍ വിശ്വസിച്ചത്.അതുകൊണ്ടാണ് പട്ടിണിയും പരിവട്ടവുമായി സ്വന്തമായി കിടപ്പാടമില്ലാത്ത , എന്തിന് മരിച്ചാല്‍ കുഴിച്ചിടാന്‍ ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത ആദിവാസി വര്‍ഗ്ഗത്തോട് ഇണങ്ങി നിന്നുകൊണ്ട് , അവരുടെ ദുഖങ്ങളെ തന്റേതാക്കി സ്വാംശീകരിച്ചുകൊണ്ട് , അവര്‍ സുഖിക്കുന്നുണ്ടെങ്കില്‍ അത് തന്റെ സുഖമാണെന്നും അവര്‍ ദുഖിക്കുന്നുണ്ടെങ്കില്‍ അത് തന്റേയും കൂടി ദുഖമാണെന്നും കാളന്‍ എന്ന മനുഷ്യന്‍ ചിന്തിച്ചത്.അതുകൊണ്ടു തന്നെയാണ് കാളന്‍ കാറു വാങ്ങാതിരുന്നതും.
            അപ്പോള്‍ എന്തുകൊണ്ടായിരിക്കും സി കെ ജാനു കാറുവാങ്ങിയത് ? ആദിവാസികളെക്കുറിച്ച് സി കെ ജാനു പറയുന്നത് കേള്‍ക്കുക ആദിവാസികളും ഇപ്പോള്‍ മാര്‍ക്കറ്റിനെയാണ് ആശ്രയിക്കുന്നത്.സുഭിക്ഷമായി വാങ്ങാന്‍ അവരുടെ കൈയ്യില്‍ പൈസയില്ല.മൂന്നു നേരം കഴിക്കേണ്ട സമയത്ത് അരനേരമോ ഒരു നേരമോ കഴിക്കും. ആദിവാസികള്‍ ഇപ്പോഴും അരപ്പട്ടിണിക്കാരാണ്.(അഭിമുഖം, മാതൃഭൂമി ആഴ്ചപ്പതിപ്പ് ) താന്‍ ആ ആദിവാസികളില്‍‌പ്പെട്ടതല്ലെന്ന ഒരു ചിന്ത ജാനുവില്‍ വേരുറപ്പിച്ചിട്ടുണ്ടോ? അവര്‍ എന്ന ആദിവാസികള്‍ ഇപ്പോഴും അരപ്പട്ടിണിക്കാരാണെന്നും എന്നാല്‍ ഞാന്‍ അങ്ങനെയല്ല എന്നും ജാനു പറയുമ്പോള്‍ നാം വേറെ എന്താണ് മനസ്സിലാക്കേണ്ടത് ?  ഞങ്ങള്‍ എന്ന് പറയാതെ അവര്‍ എന്ന് സൂചിപ്പിച്ചത് ജാനുവിന് ആദിവാസികളോടുള്ള സമീപനത്തിന്റെ സൂചകമാണ്. ആ സൂചകം അവരുടെ പ്രതിബദ്ധതയെക്കൂടി സൂചിപ്പിക്കുന്നതായതുകൊണ്ട് , കാളന്‍ കാറുവാങ്ങാത്തതും ജാനു കാറു വാങ്ങിയതും എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു.
            ഇടതുപക്ഷത്തെ ജാനു അധിക്ഷേപിക്കുന്നതിലും അവരുടെ നിലപാടുകളെ തള്ളിപ്പറയുന്നതിലും എനിക്ക് ആക്ഷേപമേതുമില്ല. എന്നു മാത്രവുമല്ല ഇതിലും ശക്തമായ വിമര്‍ശനം ആദിവാസികളുടെ വിഷയത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉയരുകയും വേണം എന്ന അഭിപ്രായം കൂടി എനിക്കുണ്ട്.പക്ഷേ ഇടതുപക്ഷവിമര്‍ശനം നടത്തേണ്ടത് വര്‍ഗ്ഗിയകക്ഷികളുടെ തോളില്‍ കയറി ഇരുന്നുകൊണ്ടല്ല.ആദിവാസികളുടെ പേരില്‍ സമരങ്ങള്‍ നടത്തുകയും ആ സമരങ്ങളിലൂടെ കൃഷിയിടങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും കൃഷിയിടങ്ങളിലെ വരുമാനങ്ങള്‍ കൊണ്ട് സ്വന്തമായി കാറും വീടും വാങ്ങുകയും ചെയ്തുകൊണ്ടല്ല.

പി കെ കാളന്‍ ദരിദ്രനായി മരിച്ചത് പ്രതിബദ്ധതക്കുവേണ്ടിയായിരുന്നു. പി കെ കാളന്റെ മരുമകളായ സി കെ ജാനു ആദിവാസികളെന്തെന്ന് ഇനിയും പഠിക്കുകയും അവര്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ പുതിയതായി ആരംഭിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1