Sunday, June 18, 2017

#ദിനസരികള്‍ 67


            സംസ്കാരപഠനം അഥവാ കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന വിജ്ഞാനശാഖ ആധുനികാനന്തരസൈദ്ധാന്തികസമീപനങ്ങളില്‍ പ്രഥമഗണനീയത അവകാശ പ്പെടാന്‍ കഴിയുന്ന തലത്തിലേക്കും തരത്തിലേക്കും വ്യാപിച്ചുകഴിഞ്ഞ ഒരു ധൈഷണികശാഖയാണ്.എന്താണ് സംസ്കാരം എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഒരുത്തരം അസാധ്യമാക്കുന്നതരത്തില്‍ ജീവിതത്തിന്റെ സമസ്തമേഖലകളേയും തങ്ങളുടെ പഠന മനനങ്ങളിലേക്കാനയിക്കുകയും അവയുടെ മൂല്യങ്ങളെ രാഷ്ട്രീയാഭിമുഖ്യത്തിന്റെ വെളിച്ചത്തിലേക്ക് നീക്കിനിറുത്തകയും ചെയ്യുന്നു എന്നതാണ് സംസ്കാരപഠനത്തിന്റെ സവിശേഷത. കമ്പോളത്തിന്റെ കടന്നുകയറ്റങ്ങളില്‍‌പ്പെട്ട് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ജീവിതമൂല്യങ്ങളെ ക്കുറിച്ചുള്ള ആവലാതികള്‍ എന്നത്തേയുംകാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമകാലിക സാംസ്കാരിക അവസ്ഥ, നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. വാങ്ങിപ്പിക്കുക എന്നത് വാങ്ങുക എന്ന സ്വാഭാവികതയെക്കാള്‍ പ്രാധാന്യത്തോടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ അജണ്ടകളെ , അതിലുമുപരി ആത്മാര്‍ത്ഥതയോടെ ജനങ്ങളിലേക്കെത്തിക്കുവാന്‍ ശ്രമിക്കുകയും അവരുടെ ആവശ്യം എന്താണെന്ന് നിര്‍ണയിച്ചുകൊടുക്കുകയും ചെയ്യുന്ന മാധ്യമങ്ങളേയും സംസ്കാരപഠനം പരിശോധിക്കുന്നുണ്ട്.കുത്തകകളുടേയും മാധ്യമങ്ങളുടേയും ഇടയില്‍പ്പെട്ടുപോകുന്ന വികസ്വര സ്വപ്നങ്ങള്‍ മാത്രമായി ചുരുങ്ങുന്ന ജീവിതങ്ങളെ കണ്ടെടുക്കുക എന്നതുതന്നെയാണ് സംസ്കാരപഠനം ചെയ്യുന്നത്.
            റെയ്മണ്ട് വില്യംസ് തന്റെ പ്രസിദ്ധമായ കീവേര്‍ഡ്സ് എന്ന പുസ്തകത്തില്‍ ആംഗലേയഭാഷയിലെ ഏറ്റവും സങ്കീര്‍ണമായ രണ്ടോ മൂന്നോ പദങ്ങളില്‍ ഒന്നാണ് കള്‍ച്ചര്‍ എന്നു പറയുന്നുണ്ട്. ഏതൊക്കെ തലങ്ങളില്‍ , ഏതൊക്കെ തത്വചിന്താപദ്ധതികളില്‍ ഏതൊക്കെ അര്‍ത്ഥങ്ങളില്‍ ഈ പദം ഉപയോഗിക്കപ്പെടുന്നു എന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്തത് ഈ സങ്കീര്‍ണതക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ് സിദ്ധാന്തം എന്ന നിലയില്‍ സംസ്കാരപഠനത്തിന്റെ ഉദയമെങ്കിലും അത് മനുഷ്യനോളം പഴക്കമുള്ള ഒരു പക്ഷേ അതിലുമധികം മൂല്യബോധങ്ങളെ പേറുന്ന അപാരമായ ഒരു തുടര്‍ച്ചയുടെ സൂചകമാണ് എന്നത് റെയ്മണ്ട് വില്യംസ് പറയുന്ന ഈ സങ്കീര്‍ണതക്ക് നിദാനമാകുന്നു.അതുകൊണ്ട് നിയതമായ ഒരര്‍ത്ഥത്തിലേ സംസ്കാരം എന്ന പദം പ്രയോഗിക്കാന്‍ കഴിയൂ എന്ന ധാരണ അസ്ഥാനത്താണെന്നും അത്തരത്തിലുള്ള ദുര്‍വാശി സംസ്കാരപഠനത്തിന്റെ വിപുലമായ മേഖലകളെ കള്ളികളിലേക്ക് നിജപ്പെടുത്തുവാനേ സഹായിക്കൂ എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

            സംസ്കാരപഠനം എന്നു പറഞ്ഞാല്‍ സംസ്കാരത്തെക്കുറിച്ചുള്ള പഠനപദ്ധതിയാണെന്ന് തോന്നാമെങ്കിലും അത് നിഷ്കൃഷ്ടമായ അര്‍ത്ഥമല്ല.സാംസ്കാരിക ഘടകങ്ങളെ മുന്‍നിര്‍ത്തി സാഹിത്യപഠനവും കലാനിരൂപണവും നടത്തുന്ന പദ്ധതിയെ ആണ് അര്‍ത്ഥമാക്കുന്നത് (പി ഗോവിന്ദപ്പിള്ള , സാംസ്കാരിക ചരിത്രം പുതുമ പഴമ പ്രസക്തി എന്ന ലേഖനം ) എന്ന് മാത്രം തീര്‍ച്ചപ്പെടുത്തി പോകുന്നതിന്റെ സാംഗത്യം പരിശോധിക്കേണ്ടതുതന്നെയാണ്.
Post a Comment