Wednesday, June 21, 2017

#ദിനസരികള്‍ 70


ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് രാമചന്ദ്ര ഗുഹയെപ്പോലൊരാള്‍ക്ക് രാജി വെച്ചൊഴിയേണ്ടി വന്നു എന്നുള്ളത് ആശാസ്യമായ ഒരു വാര്‍ത്തയായിരുന്നില്ല.അതും ഇന്ത്യയുടെ പരമോന്നകോടതി, വിനോദ് റായിയുടെ ആധ്യക്ഷതയില്‍ നിയോഗിച്ച ഇടക്കാല ഭരണസമിതിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ രാജി എന്നത് തികച്ചും നിരാശാജനകമായിരുന്നു.ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത ബി സി സി ഐ യെ പിരിച്ചു വിട്ടുകൊണ്ടാണ് ക്രിക്കറ്റ് രംഗത്തിന്റെ ശുദ്ധീകരണത്തിന് വേണ്ടി സുപ്രിംകോടതി നാലംഗസമിതിയെ നിയോഗിച്ചത്. പരമോന്നത കോടതിയുടെ പിന്തുണ ഉണ്ടായിട്ടുപോലും അംഗങ്ങളിലൊരാള്‍ക്ക് രാജിവെക്കേണ്ടി വന്നുവെങ്കില്‍ ക്രിക്കറ്റ് രംഗത്ത് നിലനില്ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ ശക്തി എന്തായിരിക്കും ? ഗുഹ , പിന്നീട് വിരാട് കൊഹ്ലിക്കെതിരെ വിരല്‍ ചൂണ്ടുകയുണ്ടായി
            അതേ വിരാട് കോലി തന്നെ പരിശീലകനായ അനില്‍ കുംബ്ലെയുടെ രാജിക്കും കാരണക്കാരനാകുന്നു എന്നത് ഗുഹ , തന്റെ രാജിയോട് അനുബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിച്ചെടുക്കുന്നു.അനില്‍ കുംബ്ലെ , പക്ഷേ ഈ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തുറന്നുതന്നെ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട് . ക്യാപ്റ്റനും കോച്ചും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ബി സി സി ഐ ഇടപെട്ടെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന് കുംബ്ലെ എഴുതുന്നു. അത് കേവലമായ ഒരു മാധ്യസ്ഥശ്രമമായി കണക്കാക്കേണ്ടതല്ല , മറിച്ച് ആര്‍ക്കും വഴങ്ങാത്ത വ്യക്തികളുടെ പിടിവാശിയാണ് ഇന്നും ക്രിക്കറ്റില്‍ മേല്‍ക്കോയ്മ നേടുന്നതെന്ന് തുറന്നുസമ്മതിക്കലാണ്. ടീം എന്ന പൊതുവികാരത്തിനപ്പുറം വ്യക്തികളുടെ താല്പര്യത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെങ്കില്‍ , വിനോദ് റായിക്ക് ഇവിടെ ഒന്നും ചെയ്യാനില്ല, സുപ്രിംകോടതിക്കും.

            മറ്റൊരു മത്സരത്തിനായി ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്ന ഈ വേളയില്‍ പുതിയൊരു കോച്ചിനെ കണ്ടെത്തുക എന്നത്  ബാലികേറാമലയൊന്നുമല്ല. പക്ഷേ ഇനിയും വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാല്‍ രാജികള്‍ തുടര്‍ക്കഥകളാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാകണം. ടീമാണ് , വ്യക്തികളല്ല ജയിക്കേണ്ടത് എന്ന ബോധമുണ്ടാകണം. തന്റെ പരിശീലകസമയം കുംബ്ലെ നന്നായി ഉപയോഗിച്ചു. എന്നിട്ടും നീട്ടിക്കിട്ടിയ കാലാവധി പോലും പൂര്‍ത്തിയാക്കാതെയുള്ള അദ്ദേഹത്തിന്റെ രാജി നല്കുന്ന സൂചനകളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പലതും പഠിക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് , ടീമിനെ ഈ പ്രശ്നങ്ങള്‍ ഒരു തരത്തിലും ബാധിക്കരുത് എന്ന കരുതലാണ്.തുടരാമായിരുന്നിട്ടുപോലും ടീം എന്ന സ്പിരിറ്റിനോട് യോജിച്ചു നിന്ന കുംബ്ലേയോട് ബഹുമാനമുണ്ട്.അത്തരമൊരു ബഹുമാനത്തിന് കോലി അര്‍ഹനാണോ എന്ന് അദ്ദേഹം സ്വയം പരിശോധിക്കട്ടെ !
Post a Comment