# ദിനസരികൾ 68


''ജനകോടികളുടെ  വിശ്വസ്തസ്ഥാപനം " എന്നു കേട്ടാൽ നമുക്ക് ആ സ്ഥാപനമേതെന്നും അതിന്റെ ഉടമ ആരെന്നും മനസ്സിലാകും. അത്രമാത്രം കേൾവി പ്പെട്ടതായിരുന്നു  ആ പരസ്യം. കഴിഞ്ഞ ഇരുപത്തിയൊന്ന്  മാസമായി ആ സ്ഥാപനങ്ങളുടെ ഉടമ അറ്റ്ലസ് രാമചന്ദ്രൻ ജയിലിലാണ്. ബിസിനസ്സ് വിപുലീകരണത്തിനായി എടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ സാമ്പത്തികക്കേസുകളിൽ പെട്ടാണ്  അദ്ദേഹം ജയിലിലായത്. പണക്കൊഴുപ്പിന്റെ കണ്ണാടി മാളികകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് നാം കണ്ടിട്ടുണ്ട്.തെറ്റായ അസ്ഥിവാരങ്ങളിൽ കെട്ടിപ്പൊക്കിയ അത്തരം ആലഭാരങ്ങൾ അഴിഞ്ഞുലഞ്ഞ് അടിഞ്ഞ് വീഴുമ്പോൾ നമുക്ക് മമതയൊന്നും തോന്നാറില്ല. പക്ഷേ അറ്റ്ലസ് രാമചന്ദ്രന്റെ പതനം ഒരസ്വസ്ഥത സമ്മാനിക്കുന്നുണ്ട്. സത്യം പറഞ്ഞതാൽ എന്തുകൊണ്ടാണ് അത്തരമൊരു മമത ഉണ്ടാകുന്നത് എന്ന് എനിക്ക് പറയാൻ കഴിയുന്നില്ല. അദ്ദേഹത്തെക്കുറിച്ച് മോശമായതൊന്നും ഇതുവരെ കേൾക്കാത്തതും നല്ലത് കേട്ടിട്ടുള്ളതുമാകാം ഒരു പക്ഷേ , ഈ സഹാനുഭൂതിക്ക് കാരണമാകുന്നത്. ഇന്നത്തെ മാതൃഭൂമിയിൽ ഇദ്ദേഹത്തെക്കുറിച്ച് വന്ന റിപ്പോർട്ട് ചുവടെ ചേർക്കുന്നു. ആ റിപ്പോർട്ടിലും എല്ലാവർക്കും നൻമ ചെയ്തയാൾ എന്നു തന്നെയാണ് സൂചന. അത് വാസ്തവമാണെങ്കിൻ , രാമചന്ദ്രൻ സഹായം അർഹിക്കുന്നയാൾ തന്നെ!

ദുബായ്: അഴിയുന്തോറും മുറുകുന്ന കുരുക്കുപോലെയാണിപ്പോള്‍ വ്യവസായ പ്രമുഖനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം. സ്വത്തുക്കളെല്ലാം നല്‍കി ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ഭാര്യ ഇന്ദു രാമചന്ദ്രന്റെ ശ്രമം ഇനിയും ലക്ഷ്യം കണ്ടില്ല. 21 മാസമായി ജയിലില്‍ കഴിയുന്ന രാമചന്ദ്രന്റെ ആരോഗ്യനില മോശമായതും അവരെ അലട്ടുന്നു.ബിസിനസ് വിപുലപ്പെടുത്തുന്നതിനായി വലിയൊരു തുകയാണ് വായ്പയായി അറ്റ്‌ലസ് രാമചന്ദ്രന്‍ വിവിധ ബാങ്കുകളില്‍നിന്നായി എടുത്തത്. അത് പലിശയും മറ്റുമായി വന്‍തുകയായി ഉയര്‍ന്നുകഴിഞ്ഞു.

ജുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കി. എങ്കിലും വലിയ കടബാധ്യത അതേപടി നില്‍ക്കുന്നു. സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണ്. 19 ബാങ്കുകള്‍ ഇതിന് തയ്യാറായെങ്കിലും മൂന്നു ബാങ്കുകള്‍ നിസ്സഹരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇതിനിടയില്‍ സമാനമായ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ മകള്‍ മഞ്ജുവും മരുമകന്‍ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീര്‍ക്കേണ്ട ബാധ്യത ഇന്ദിര എന്ന ഇന്ദുവിന്റെ തലയിലായി. മകന്‍ നേരത്തെതന്നെ ഈ പ്രശ്‌നങ്ങളാല്‍ അമേരിക്കയിലേക്ക് പോയിരുന്നു.

2015 ഓഗസ്റ്റ് 23-നാണ് ചെക്കുകള്‍ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ ജയിലിലാകുന്നത്. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ ത്തുടര്‍ന്നായിരുന്നു ദുബായ് പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി. രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹത്തിന്റെ (877 കോടി രൂപയിലേറെ) കടബാധ്യത തീര്‍ക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ അക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ല. ചെക്കുകേസുകളില്‍ പെട്ട് ദുബായ് കോടതി ഒക്ടോബര്‍ 28-ന് രാമചന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്.

അതുവരെ ഭര്‍ത്താവിന്റെ ബിസിനസ്സ് കാര്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാതിരുന്ന ഇന്ദു പിന്നീട് എല്ലാം നേരിടേണ്ട സ്ഥിതിയായി. ഭര്‍ത്താവും മകളും മരുമകനും ജയിലിലായതോടെ ഒറ്റയ്ക്ക് 68-ാം വയസ്സില്‍ കടബാധ്യതകളോട് യുദ്ധംചെയ്യുകയാണ് ഈ വീട്ടമ്മ. എല്ലാവര്‍ക്കും നല്ലതുമാത്രം ചെയ്തുപോന്നിരുന്ന രാമചന്ദ്രനെ മാനുഷികപരിഗണന വെച്ച് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു.

അതിനിടെ രാമചന്ദ്രന്റെ ആരോഗ്യനില വഷളാവുന്നതും അവരെ വേവലാതിപ്പെടുത്തുന്നു. കഴിഞ്ഞദിവസം വീല്‍ചെയറിലാണ് അദ്ദേഹത്തെ ജയിലില്‍നിന്ന് ആസ്​പത്രിയിലേക്ക് കൊണ്ടുപോയത്. വലിയ കടബാധ്യതകളുടെ കുരുക്കുകള്‍ അഴിച്ചെടുക്കാനും ഭര്‍ത്താവിനെ ജയിലില്‍നിന്ന് പുറത്തെത്തിക്കാനും തനിക്കുകഴിയും എന്ന പ്രതീക്ഷയിലാണ് അവര്‍ ഇപ്പോഴും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1