#ദിനസരികള്‍ 71


സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യരാകണം എന്ന ആവശ്യം പല തവണ ഉന്നയിക്കപ്പെട്ടതാണ്.രൂപത്തിലും ഭാവത്തിലും മനുഷ്യരാകുക എന്ന കാര്യത്തില്‍ ജനിച്ചു വീണതുമുതല്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്നാല്‍ മനുഷ്യന് മനുഷ്യത്വം നല്കുന്ന സ്നേഹം , കരുണ , സഹാനുഭൂതി മുതലായ മാനവികഗുണങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്ന കാര്യത്തില്‍ നമുക്ക് ഒരുപാട് ചെയ്യാനുണ്ട്. ഉദ്യോഗസ്ഥരുടെ അത്തരം ഗുണങ്ങളുടെ അഭാവം സൃഷ്ടിച്ച രക്തസാക്ഷിയാണ് കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയ കാവില്‍പുരയിടം ജോയി എന്ന തോമസ്. തന്റെ ഭാര്യയുടെ പേരിലുള്ള എണ്‍പത് സെന്റ് സ്ഥലത്തിന് നികുതി സ്വീകരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും , നികുതി സ്വീകരിക്കാതിരുന്ന വില്ലേജ് ഓഫീസര്‍ക്ക് ഒരു മാസം മുമ്പുതന്നെ ആത്മഹത്യാക്കുറിപ്പ് തോമസ് നല്കിയിരുന്നു.എന്നിട്ടും കണ്ണുതുറക്കാത്തവര്‍ തോമസ് മരിച്ച അന്നുതന്നെ നികുതി മുറിക്കാന്‍ തയ്യാറായി എന്നുകൂടി അറിയുമ്പോഴേ അവര്‍ ചെയ്ത അനീതിയുടെ ആഴം വ്യക്തമാകുകയുള്ളു.
            തന്റെ ഓഫീസില്‍ വരുന്നവരോട് മാന്യമായി പെരുമാറാനും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് സഹാനുഭൂതിയോടെ പ്രതികരിക്കാനും നമ്മുടെ ഓഫീസര്‍മാര്‍ പഠിക്കണം. ചെയ്യാന്‍ കഴിയാത്ത കാര്യമാണെങ്കില്‍ എന്തുകൊണ്ട് കഴിയില്ല എന്ന് അപേക്ഷകരെ ബോധ്യപ്പെടുത്തണം.അത് പരിഹരിക്കാനാവശ്യമായ വഴികള്‍ പറഞ്ഞുകൊടുക്കുവാനും ഉദ്യോഗസ്ഥന് കഴിയണം.നിയമം പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് ആരും എതിരല്ല. എന്നുമാത്രവുമല്ല നിയമം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ഏതുസമയത്തും കണ്ണും കാതും തുറന്നിരിക്കണം.പക്ഷേ അര്‍ഹതപ്പെട്ടവന് നീതി ലഭിക്കുന്നില്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിന് വേണ്ടി ഏതു തലംവരെ പോകാനും നമ്മുടെ ഉദ്യോഗസ്ഥന്‍ മുന്‍‌കൈ എടുക്കണം.
            വെറുതെ പറയാം എന്നല്ലാതെ ഇതിലൊന്നും ഒരു മാറ്റവും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പണത്തിനോടുള്ള ആര്‍ത്തി നമ്മുടെ ഉദ്യോഗസ്ഥന്മാരില്‍ ഭൂരിപക്ഷത്തിനേയും അന്ധരാക്കിയിരിക്കുന്നു. ഹൃദയം പൊട്ടിയൊഴുകുന്ന കണ്ണുനീരു കാണാനുള്ള കണ്ണ് അവന് നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ ഈ ജീവനക്കാരെ കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കണം.ഈ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം.തോമസിന്റെ ഭാര്യയുടെ ജീവിതകാലംവരെയെങ്കിലും ഒരു എല്‍ഡി ക്ലര്‍ക്കിന് കിട്ടുന്ന മാസശമ്പളം കുടുംബത്തിന് നല്കണം.ഉദ്യോഗസ്ഥന്‍ ചെയ്ത അപരാധത്തിന് അല്പമെങ്കിലും ആശ്വാസം ഇങ്ങനെയേ ഉണ്ടാക്കാനാകൂ.

            ഞാന്‍ ഈശ്വരവിശ്വാസിയല്ല. ഭയവും നിസ്സാഹായതയുമാണ് വിശ്വാസമുണ്ടാകാനുള്ള കാരണം. ഒന്നും ചെയ്യാനാവാത്ത ഈ  നിസ്സഹായതയില്‍ നിന്നുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥപ്പരിഷകളുടെ തലയില്‍ ഇടിത്തീ വീഴാനെങ്കിലും ഞാന്‍ ആഗ്രഹിക്കട്ടെ !

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം