#ദിനസരികള്‍ 69


            നമുക്ക് വിമര്‍ശനങ്ങളുണ്ടാവുന്നുണ്ട്. കൃതികളുമുണ്ടാകുന്നുണ്ട്. പക്ഷേ മഹത്തായ വിമര്‍ശനങ്ങളോ മഹത്തായ കൃതികളോ ഉണ്ടാകുന്നില്ലെന്നുള്ളത് ന്യൂനതയാണ്. ആടുജീവിതം പോലെയുള്ള ജനപ്രിയസാഹിത്യങ്ങളെക്കാള്‍ എത്രയോപടി കടന്നു നില്ക്കുന്ന നൂറുജന്മങ്ങള്‍ പോലെയുള്ള നല്ല നോവലുകള്‍‍പോലും മഹത് എന്ന വിശേഷണത്തിന് അര്‍ഹമാകുന്നില്ല എന്നതൊരു വസ്തുതയാണ്. ഈ സാഹചര്യത്തില്‍ സാഹിത്യത്തിന് എന്തുപറ്റി എന്ന ചോദ്യത്തെക്കാള്‍ ഇങ്ങനെ കഥയില്ലാതെ വരണ്ടു പോകാന്‍ നമ്മുടെയൊക്കെ ജീവിതങ്ങള്‍ക്ക് എന്തുപറ്റി എന്ന് ചോദിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് കരുതുന്നു.
            Art is not a mirror held up to reality
but a hammer with which to shape it.” 
എന്ന് ബ്രെഹ്ത് പറയുന്നത് , നമുക്ക് പരുവപ്പെടുത്താന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുന്ന കാലത്തെ കലയെക്കുറിച്ചാണ്.അങ്ങനെ അടിച്ചുപരത്തി പരുവപ്പെടുത്തി എടുക്കാന്‍ ഒന്നുമില്ലാത്ത ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെങ്കില്‍ , ആ കാലം ഉണ്ടാക്കിയെടുക്കുന്ന കലയും , ജീവിതം പോലെതന്നെ , മഹത്തായ ഒന്നു പ്രക്ഷേപണം ചെയ്യാനില്ലാതെ കെട്ടുപോയേക്കാം.അതിനര്‍ത്ഥം കാലത്തില്‍ തലയുയര്‍ത്തിനില്ക്കാന്‍ കഴിയുന്ന ജീവിതങ്ങളെ ആവിഷ്കരിക്കാനുള്ള കലാകാരന്റെ വ്യഗ്രതക്കുറവ് ബ്രെഹ്ത് തന്നെ പറഞ്ഞ ഇരുണ്ടകാലത്തിന്റെ സവിശേഷതയായി വരുന്നു എന്നാണ്.അതായത് ഇരണ്ട കാലത്തിലെ അല്പന്മാരായ നമ്മുടെയൊക്കെ ജീവിതം , ഇരുണ്ട കാലത്തിന്റെ അല്പത്തങ്ങളായിത്തന്നെ ഒതുങ്ങിയൊടുങ്ങുമെന്നും , ഇരുണ്ട കാലത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പാട്ടുകെട്ടാന്‍ പോലും സാധ്യതയില്ല എന്നുമാണ്.
            കഥയുള്ള ഒരു ജീവീതം പോലും നമുക്കില്ല എന്നാണോ , അപ്പോള്‍  നമ്മുടെ കഥാകാരന്മാര്‍ കണ്ടെത്തുന്നത് ?അതുകൊണ്ടാണോ കഥയില്ലാത്തവര്‍ക്ക് കഥയില്ലാത്ത കഥ മതി എന്ന് അവര്‍ നിശ്ചയിക്കുന്നത് ? ഇനി തിരിച്ചും ആശങ്കപ്പെടാമല്ലോ. നമ്മുടെ ജീവിതത്തില്‍ നിന്ന് മഹത്തായ കഥ കണ്ടെത്താനും അത് ആവിഷ്കരിച്ച്  മഹത്തായ സാഹിത്യം ഉണ്ടാക്കാനും നമ്മുടെ കാഥികന്മാര്‍ ക്ക് ശേഷിയും ശേമുഷിയും ഇല്ലെന്നുണ്ടോ ? നിതാന്തമായ നിരീക്ഷണങ്ങളുടെ അഭാവവും ജാഗ്രതക്കുറവും നമ്മുടെ കഥാകാരന്മാരെ ബാധിച്ചിരിക്കുന്നോ ? നമുക്കൊന്നും കഥയില്ല എന്നു പറയുന്നതിന് സത്യസന്ധത കുറയും എന്നത് ആദ്യം സൂചിപ്പിച്ച നൂറുസിംഹാസനങ്ങള്‍ എന്ന കൃതി സാക്ഷിയാണ്.

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം