#ദിനസരികള്‍ 72


ഹൈക്കോടതി കീജേയ് ! ഡിവിഷന്‍ ബെഞ്ച് കീജേയ് ! ജസ്റ്റീസ് ആന്റണി ഡൊമനിക്ക് കീജേയ് ! ദമ ശേഷാദ്രി നായിഡു കീജേയ് ! കോടതി കോടതി എന്നു പറഞ്ഞാല്‍ ഇതാവണം കോടതി. പാടില്ല പാടില്ല എന്ന് പാടിപ്പാടി കോടതിയുടെയൊക്കെ വില ജനങ്ങളുടെ മനസ്സില്‍ കുത്തനെ ഇടിഞ്ഞുപൊളിഞ്ഞു വീണിരിക്കുന്ന ഈ വേളയില്‍ ആ വിലയെ വീണ്ടും എവറസ്റ്റിന്റെ നെറുകന്തലയിലേക്ക് വലിച്ചു കയറ്റുന്ന തരത്തിലും തലത്തിലും ഇന്നലെ നമ്മുടെ ബഹു കോടതി പുറപ്പെടുവിച്ച വിധി, ഉജ്ജ്വലമായി എന്നു പറഞ്ഞാല്‍‌പ്പോരാ അത്യുജ്ജ്വലമായി എന്നേ പറയേണ്ടു. അതുകൊണ്ട് ഹൈക്കോടതിക്ക് രണ്ടു കീജേയ് ഇപ്പോള്‍ വിളിച്ചില്ലെങ്കില്‍ ഇനി പിന്നെ എപ്പോള്‍ വിളിക്കാന്‍? ഇതില്‍പ്പരം സന്തോഷിക്കാന്‍ ഒരവസരമുണ്ടോ? അതുകൊണ്ട് പ്രിയരേ പാടുക ആടുക ആഹ്ലാദിക്കുക! ആനന്ദലബ്ദിക്കിനിയെന്തുവേണം?
            സംഭവം എന്താണെന്ന് മനസ്സിലായില്ലേ ? നമ്മുടെ ബഹു ബഹു ബഹു ഹൈക്കോടതി ഇന്നലെ വിശേഷ അവസരങ്ങളില്‍ വീട്ടില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചുകൊണ്ടും അതിന് സര്‍ക്കാറിലേക്ക് നല്കേണ്ടുന്ന ഭീമമായ ലൈസന്‍സ് ഫീ വേണ്ടെന്ന് വെച്ചുകൊണ്ടും ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? നൂറു മില്ലി വൈന്‍ വിളമ്പണമായിരുന്നെങ്കില്‍ അയിമ്പതിനായിരം രൂവ അടക്കണമായിരുന്നു. അതില്ലാതെ വന്നാല്‍ ശിക്ഷയും കിട്ടുമായിരുന്നു. കിരാതമായ ആ നിയമം എടുത്തു കളഞ്ഞതോടെ  തിരണ്ടുകല്യാണം മുതല്‍ ഹര്‍ത്താല്‍ വരെ വിശേഷ ദിവസങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന മലയാളികള്‍ ഇനിയെന്തിന് സന്തോഷിക്കാതിരിക്കണം. വിശേഷാവസരങ്ങള്‍ ഏതൊക്കെയാണെന്നും ആ അവസരങ്ങളിലേക്ക് ആരെയൊക്കെ ക്ഷണിക്കണമെന്നും എപ്പോള്‍ ആഘോഷിക്കണമെന്നുമൊക്കെയുള്ള തീരുമാനം നമ്മുടെ സ്വന്തമാണ്. എന്നു വെച്ചാല്‍ നൂലുകെട്ട് , പതിനാറടിയന്തിരം , പാലുകാച്ചല്‍ , പിറന്നാള്‍ , നാലാംകുളി , അഞ്ചാംകുളി , തലവടി തുടങ്ങി മുന്നൂറ്റിയറുപത്തഞ്ചുദിവസവും നമുക്ക് വിശേഷാവസരങ്ങളാകക്കൊണ്ട് , ചില നാട്ടുകാരേയും , ചില കൂട്ടുകാരേയുമൊക്കെ വിളിച്ച് ഒരു ടേബിളൊക്കെ വലിച്ചിട്ട് ഒരു മൂന്നു കുത്ത് ചീട്ടൊക്കെ പൊട്ടിച്ചിട്ട് ഇച്ചിരെ ചിപ്സൊക്കെ കൂട്ടി അടിച്ചാഘോഷിക്കാനുള്ള ഈ ഔദ്യോഗികമായ അവകാശമുണ്ടല്ലോ , അതൊരു ഒന്നൊന്നര അവകാശം തന്നെ. അതിനു പിന്നാലെ ഈ വിധി തുറന്നുതരുന്ന സാഹചര്യങ്ങളുടെ അനന്തമായ വിഹായസ്സിനെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ കോള്‍മയിര്‍ കൊള്ളുന്നു.. ആഹഹഹ.. എന്നു മാത്രവുമല്ല , അയലത്തെ ഭാസ്കരേട്ടന്റെ വീട്ടില് കടത്തിക്കൊണ്ടു വരുന്ന ബ്രാണ്ടി പേടിച്ച് അണ്ണാക്കിലിറ്റിച്ച് ഓടി വരുന്ന പരിപാടിയൊന്നും ഇനി വേണ്ടല്ലോ. ഇനിയിപ്പോ അങ്ങേരുടെ ഭാര്യയുടെ ഷഷ്ഠിപൂര്‍ത്തിമുതല്‍ കൊച്ചുമകളുടെ സ്കൂളിപ്പോക്കുവരെ വിശേഷദിവസങ്ങളല്യോ?
            അതിഥി ദേവോ ഭവ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണത്രേ സര്‍ക്കാറിന്റെ മുഴുവന്‍ മദ്യനയത്തേയും അട്ടിമറിച്ചുകൊണ്ട്  കോടതി ഈ വിധി പുറപ്പെടുവിച്ചത്. അതിഥികളെ ദേവന്മാരായിത്തന്നെ പരിഗണിക്കുന്ന പാരമ്പര്യത്തെ ഉണ്ടാക്കാന്‍ തോന്നിയ നമ്മുടെ മുതുമുത്തച്ഛന്മാരെ കെട്ടിപ്പിടിച്ചുമ്മ വെക്കേണ്ട സന്ദര്‍ഭമാണിത്.. എത്രകാലമായി മനുസ്മൃതിയും വേദങ്ങളുമൊക്കെ നിയമമാക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഒറ്റയടിക്കു വേണ്ട.. ഇങ്ങനെ ഇച്ചിരെയിച്ചിരെ ആയിട്ടുകൊണ്ടുവന്നാല് മതി. ഇനിയും നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള മൊഴിമുത്തുകള്‍ കോടതി മനസ്സിലാക്കി വ്യാഖ്യാനിച്ച് ഉപയോഗിക്കണം. അത്തരം മുത്തുകളെ കണ്ടെത്തി കോടതിക്കു സമര്‍പ്പിക്കുന്നതിന് വേണ്ടി ഞാന്‍ ഇന്നു മുതല്‍ ഗവേഷണത്തിലായിരിക്കുമെന്നുകൂടി അറിയിക്കട്ടെ. കൂടാതെ ഇത്തിരി കഴിച്ചേച്ചിരിക്കുമ്പോള്‍ ആട്ടവും പാട്ടും നടത്തി അതിഥിയെ രസിപ്പിക്കാന്‍ കഴിഞ്ഞാലോ ? എന്നാല്‍ ഭേഷായി. അതുകൊണ്ട്  ദേവദാസി സമ്പ്രദായത്തെ ശ്ലാഘിക്കുന്ന ഏതെങ്കിലും പഴയ ശ്ലോകങ്ങളോ സൂക്തങ്ങളോ നിങ്ങളുടെ ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിക്കാന്‍ മറക്കരുത്.

            ജനാധിപത്യ ഗവണ്‍‍‌മെന്റ്...  ജനകീയ സര്‍ക്കാര്.. മദ്യനയം.. അഞ്ഞുറു മീറ്ററ് .. ദേശീയ പാത... ഒലക്കേടെ മൂട്.. നിങ്ങ അവിടെ മൂലക്കിരി പിണറായി സഖാവേ.. ഞങ്ങ കോടതിയും കുടിയന്മാരും പിന്നെ പുരാണങ്ങളും കൂടി ഈ നാടൊന്ന് ഭരിക്കട്ട്... ഭരുമോന്ന് അറിയാമല്ല്.... അതുകൊണ്ട് ഹൈക്കോടതി കീജേയ് ! ഡിവിഷന്‍ ബെഞ്ച് കീജേയ് ! ജസ്റ്റീസ് ആന്റണി ഡൊമനിക്ക് കീജേയ് ! ദമ ശേഷാദ്രി നായിഡു കീജേയ് !

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1