സംഘപരിവാര്‍ കൂട്ടങ്ങള്‍ പൊതുവേ വിഷജീവികള്‍ തന്നെയെങ്കിലും ഹിന്ദു ഐക്യവേദിയുടെ നേതാവ് ശശികലയാണ് എന്റെ അറിവില്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മാരകമായ വിഷനാവിന്റെ ഉടമ. അതുകൊണ്ടുതന്നെ ശശികല പറഞ്ഞു എന്ന് കേട്ടാല്‍ എന്തു പറഞ്ഞു എന്ന് അന്വേഷിക്കാനുള്ള ഒരു ത്വര എന്നിലുണ്ടാകാറില്ല. മൂര്‍ഖന്‍ കൊത്തി എന്നു കേട്ടാല്‍ വിഷം കേറിയോ എന്നാരെങ്കിലും ചോദിക്കുമോ ?  അത്ര മാത്രവും അധമവും മനുഷ്യത്വ വിരുദ്ധവുമായിരിക്കും ആ നാവില്‍ നിന്നും ഉയരുന്ന വാഗ്ദോരണി എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമെന്ത് ?  എന്നാല്‍ ഇപ്പോള്‍ ശശികലയുടെ ബോധവും നാവുമായി പൊതുരംഗത്തേക്ക് ഇറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. അവര്‍ വമിപ്പിക്കുന്ന വിഷം നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ ഓരോ ദിവസവും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഗണത്തില്‍ ഇതാ ഒരാള്‍ കൂടി അവതരിച്ചിരിക്കുന്നു. പേര് ഡോ ബഹാഉദ്ദീന്‍ നദ്വി. മുസ്ലിം സമുദായ സംഘടനയായ സമസ്തയുടെ മുശാവറ കമ്മറ്റി അംഗമായ തല്പരനെ ശശികലയോട് താരതമ്യപ്പെടുത്താവുന്ന വിഷനാവിന്റെ ഉടമ എന്ന് നിസ്സംശയം പറയാം.

 

            കോഴിക്കോട് മടവൂരില്‍ വെച്ചുനടന്ന ഒരു സമ്മേളനത്തിന്റെ വേദി. അവിടെയാണ് ഒരു നിയന്ത്രണവുമില്ലാതെ , ഒരു മുശാവറ അംഗം എന്ന സാമാന്യ ബോധം പോലുമില്ലാതെ , പൊതുജനങ്ങള്‍ കേള്‍ക്കുന്നതാണ് എന്ന ഒരു ചിന്തയുമില്ലാതെ കഴിഞ്ഞ പ്രസ്തുത നേതാവിന്റെ പടുവാക്കുകള്‍ മൊഴിമുത്തുകളായി പുറപ്പെട്ടു പോന്നത്.  "കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും? "

 

            ആദ്യത്തെ വാചകം തന്നെ വിവരക്കേട് ഉച്ചത്തില്‍ വിളിച്ചു പറയുന്നതാണ്. ഇ എം എസിന് മാതാവിനെ കെട്ടിച്ചത് പതിനൊന്നാം വയസിലാണ് എന്നു പറയുമ്പോള്‍ ഇദ്ദേഹം എന്താണ് ഉദ്ദേശിച്ചിക്കുന്നത് ? അതുപോലെ ഇക്കാലത്തും ശൈശവ വിവാഹങ്ങള്‍ നടത്തണം എന്നാണോ ? ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും ഇത്തരത്തിലുള്ള ഒരുപാട് അസംബന്ധങ്ങള്‍ ലോകത്തൊട്ടാകെയുള്ള മനുഷ്യര്‍ ചെയ്തുകൂട്ടിയിട്ടുണ്ട്. അതെല്ലാം ഇന്നും ആവര്‍ത്തിക്കണം എന്ന് വാദിക്കുന്നത് , ആ കാലത്തു നിന്നും ഇനിയും മുന്നോട്ടു പോന്നിട്ടില്ലാത്ത യാഥാസ്ഥിതിക മനസ്സുകള്‍ മാത്രമാണ്. ഇന്നും പെണ്‍കുഞ്ഞുങ്ങളെ ശൈശവ വിവാഹത്തിന് വിധേയരാക്കണം എന്നു വാദിക്കുന്നവരെ നാം എങ്ങനെയാണ് അനുമോദിക്കുക ?  എന്തിനുവേണ്ടിയാണെങ്കിലും  പഴയ കാല സംഭവങ്ങളെ കൂട്ടു പിടിച്ച് ന്യായീകരിക്കുന്നത് വിവരക്കേട് മാത്രമാണ്.

 

            രണ്ടാമത്തേതാണ് കൂടുതല്‍ മ്ലേച്ഛമായത് എന്ന് പറയാതെ വയ്യ. അത്രയും തലമുതിര്‍ന്ന ഒരു മതപണ്ഡിതന്‍ എന്ത് അടിസ്ഥാനത്തിലാണ് ഒരു കൂട്ടമാളുകളെ വ്യക്തിഹത്യ നടത്തുക ? നമ്മുടെ മന്ത്രിമാര്‍ക്കും എം പിമാര്‍ക്കും ഇന്‍ ചാര്‍ജ്ജ് ഭാര്യമാര്‍ ഉണ്ടത്രേ ! വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം അല്പന്മാര്‍ക്ക് എന്താണ് മറുപടി നല്കുക ? ബഹുഭാര്യാത്വത്തെ ന്യായീകരിക്കാനാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടത്.  സത്യത്തില്‍ തെളിവുകളുണ്ടെങ്കില്‍ അതു വളരെ കൃത്യമായി പൊതുസമൂഹത്തിന്റെ മുന്നില്‍ വെയ്ക്കുകയല്ലായിരുന്നോ ഉത്തരവാദപ്പെട്ട ഒരു ആത്മീയാചാര്യന്‍ ചെയ്യേണ്ടിയിരുന്നത് ? അതല്ലാതെ ബഹുഭാര്യാത്വത്തെ ന്യായീകരിക്കുവാനായി ജനനേതാക്കന്മാരെ പുകമറയ്ക്കുള്ളിലാക്കുന്ന പരിപാടി എത്ര നീചതയാണ് ?

 

            ശശികലയെപ്പോലെ ഭ്രാന്തിന്റെ യൂണിവേഴ്സിറ്റിയില്‍ ബിരുദം നേടിയ പലരും ഇനിയും വരും. ഒരുദാഹരണം മാത്രമാണ് ഡോ. ബഹാഉദ്ദീന്‍ നദ്വി. ഇനിയും പല വേഷങ്ങളും വരും! കരുതിയിരിക്കേണ്ടത് ജനാധിപത്യ മതേതര സമൂഹമാണ്.

 

 

|| #ദിനസരികള് – 146- 2025 സെപ്റ്റംബര് 09 മനോജ് പട്ടേട്ട്

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്