നമത് ഓര്‍മ്മയായി എന്ന് ഒരു
സുഹൃത്താണ് അറിയിച്ചത്.
ഗുഗിള്‍ ബസാണ് അയാളെ എന്നിലേക്ക്, അഥവാ ഞാന്‍ അയാളിലേക്ക് എത്തിപ്പെടാന്‍ കാരണമായത്.
അതിനുമുമ്പേ നമത് ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയനായിരുന്നുവെങ്കിലും ഞാനൊക്കെ ഓണ്‍ലൈന്‍
ജീവിയാകുന്നത് ബസ്സു വന്നതിനു ശേഷമാണ്. അതിനുമുമ്പേ ഫേസ് ബുക്ക്, ഓര്‍ക്കൂട്ട് പോലെയുള്ള അധോലോകങ്ങളുമായി
ബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും അത്രതന്നെ ആവേശമുണ്ടായിരുന്നില്ല. പോയാല്‍ പോയി
എന്ന മട്ടായിരുന്നു. എന്നാല്‍ ബസ്സ് വന്നതോടെ അരങ്ങ് മാറി. അതൊരു സര്‍വ്വകലാശാല
പോലെയായിരുന്നു. അടിയും പിടിയും കൂക്കിവിളിയും പാട്ടും കൂത്തും കത്തിക്കുത്തും അതിഗംഭീരമായ
സൈദ്ധാന്തിക ചര്‍ച്ചകളും ഒക്കെയായി അതിവിശാലമായ ഒരു കാമ്പസുപോലെ ബസ്സ്
ഒഴുകിക്കിടന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങളെല്ലാം ആ കാമ്പസിന്റെ ഏതോതോ
വിതാനങ്ങളിലേക്ക് പറന്നു ചെന്നു. ഉപനിഷത്തുമുതല്‍ ഊക്കുപാട്ടുവരെ കുലസ്ത്രീകള്‍
മുതല്‍ ചന്തപ്പെണ്ണുവരെ , ഉപ്പുതൊട്ടു കര്‍പ്പൂരം വരെ അവിടെ ചര്‍ച്ചയ്ക്കെടുക്കപ്പെട്ടു.
ഓരോന്നും ഇഴകീറി പരിശോധിക്കപ്പെട്ടു! തെറ്റുകള്‍ക്ക്
നേരെ കരുണയില്ലാതെ കല്ലെറിഞ്ഞു. കൈപിടിക്കേണ്ടവരെ കൈപിടിച്ചും
ഒറ്റപ്പെടുത്തേണ്ടവരെ മാറ്റി നിറുത്തിയും രാഷ്ട്രീയ ശരികളുടെ വഴികളിലൂടെ സ്വയം
നവീകരിച്ചുകൊണ്ട് ഓരോരുത്തരും ബസ്സിലൂടെ വന്നുപോയി.
ഒരു കാര്യം അടിവരയിട്ട് പറയേണ്ടതുണ്ട്. ബസ്സിലെ വ്യക്തിബന്ധങ്ങള്‍ക്ക് ചൂരും ചൂടും
കൂടുതലായിരുന്നു. തൊട്ടയല്‍പകത്തെ സുഹൃത്തിനോട് സംസാരിക്കുന്നതിനെക്കാള്‍ ആത്മാര്‍ത്ഥമായി
ബസ്സിലെ സൌഹൃദങ്ങള്‍ വിശ്വസ്തരായിരുന്നു. എല്ലായിടത്തുമുള്ളതുപോലെ കളങ്കങ്ങള്‍
അവിടേയുമുണ്ടായിരുന്നുവെന്ന കാര്യം ശരിതന്നെ. എന്നാലും സൌഹൃദങ്ങള്‍ക്ക് ആ
കൂട്ടായ്മ എപ്പോഴും വിലകല്പിച്ചിരുന്നു. ഏറെ കാലത്തിനു ശേഷം ഇപ്പോഴും ആ ബന്ധം
അതേപോലെ നിലനിറുത്തുന്നവര്‍ സുഹൃത്തുക്കളായി ഇപ്പോഴുമുണ്ട്. അങ്ങനെ പരിചയപ്പെട്ട
ഊഷ്മളമായ ഒരു ബന്ധമായിരുന്നു നമതണ്ണനുമായി എനിക്കുണ്ടായിരുന്നത്. അയാളുടെ
എഴുത്തിന് അസാമാന്യ വശീകരണ ശേഷിയുണ്ടായിരുന്നു. ചാരുതയേറിയ ഭാഷാപ്രയോഗങ്ങളിലൂടെ
അയാള്‍ വായനക്കാരെ ഉത്സുകരാക്കി, പുളകം കൊള്ളിച്ചു. അങ്ങനെ അയാളും ഞാനും തമ്മില്‍
അവാച്യമായ ഒരു ആത്മബന്ധം സ്ഥാപിക്കപ്പെട്ടു.
നമതിന്റെ പോസ്റ്റുകളിലും ബ്ലോഗുകളിലും വെറുതെ ചൊറിയുക എന്നതെനിക്കൊരു
കൌതുകമായിരുന്നു. അത് നമതിനും ഇഷ്ടമായിരുന്നു. പക്ഷേ പലപ്പോഴും മറുപടി ചാറ്റിലൂടെ
തെറിയായിരിക്കുമെന്ന് മാത്രം! അങ്ങനെ എത്രയോ കേട്ടിരിക്കുന്നു.
എന്റെ എഴുത്തില്‍ സംഭവിക്കുന്ന പിഴവുകളെ അയാള്‍ നിര്‍ദ്ദയം
തെറി വിളിച്ചു. കമ്യൂണിസ്റ്റുകാരനില്‍ ആ നിലവാരത്തിലുള്ള എഴുത്തുണ്ടാകണം എന്ന്
ശാസിച്ചു. ഇന്ന് പഴയ ആ ചാറ്റുകളൊക്കെ ഞാനൊന്ന് ഓടിച്ചു നോക്കി. എന്തൊക്കെ
വിഷയങ്ങളാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതെന്ന് ആ ചാറ്റുകളെന്നെ അത്ഭുതപ്പെടുത്തി.
ബസ്സിലെ സുന്ദരീ സുന്ദരന്മാരുടെ കുറുമ്പുകളടക്കം രാഷ്ട്രീയവും അല്ലാത്തതുമായ ഒത്തിരി കാര്യങ്ങള്‍ ചാറ്റില്‍
പരന്നു കിടക്കുന്നു.
സാമ്പിള്‍ ഒരെണ്ണം നോക്കൂ.
തികച്ചും വ്യക്തിപരമായ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു.
Namath: എന്തുവാടേ?
me:
ചുമ്മാ ..
വെറും ചുമ്മാ
Namath: കാണാനാളില്ലാത്തതോണ്ടാണോ നീ ക്യാമറ ഓഫ്
ചെയ്തേക്കുന്നത്? ഡിമാന്‍റും
സപ്ലൈയും തമ്മിലുള്ള ബന്ധം?
me:
ഒരു പന്നി
ഫോണില്‍
Namath: ഹഹ.
Namath: ഒരു പെഗ്ഗ് മോര്‍ഫ്യൂസ് കൈയ്യില്‍
me:
കുടി
കുടി..കുടിച്ച് മരിക്ക്
Namath: നിന്നെ ഒന്നു ചൊറിയട്ടെ അശുസഖാവേ
Namath: ഒരു കടങ്കഥ പറഞ്ഞു തരാം
me:
ആ പറ..
me:
ഞാന്‍ റെഡി
Namath: ഒരു സോഫ്റ്റ് വെയര്‍ തൊഴിലാളി ജോലി ചെയ്യാന്‍ ചെല്ലുമ്പോ, പുറത്തൂന്നൊരുത്തന്‍
വന്നു പാരമ്പര്യമായി അതു ഞങ്ങളു ചെയ്ത ജോലിയാണ്. ചെയ്യാന്‍ പറ്റൂല്ല. അവസാനം നാരായണമൂര്‍ത്തി
വന്നു ചെയ്യുന്നു-))) സോഫ്റ്റ് വെയര്‍ സഖാവിനെന്തു തോന്നും?
me:
പാരമ്പര്രയമായി
ജോലിചെയ്യുന്നവന്റെ വിശപ്പിന് ആരാണോ ഉത്തരവാദി അയാള്‍ മാറ്റണം ആ വിശപ്പ്
Namath: -)) ഡാ ചോദ്യം ലളിതം. സഖാവിനെന്തു തോന്നും? ഹീസ് അപ്പോയിന്‍റ്ഡ്
എഗ്രീയിങ്ങ് ദ ടേംസ്?
Namath: നിന്‍റെയൊക്കെ മൈന്‍ഡ് സെറ്റിന്‍റെ കുഴപ്പം. കൂലി അത് ലച്ചം
വാങ്ങായാലും ആയിരം വാങ്ങിയാലും തൊഴിലാളിയാണ്-)))
me:
ബുഹഹഹഹഹഹഹഹഹ ആ
കാര്യത്തില്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ട്.. പുതിയ സര്‍ക്കുലര്‍ ഞാന്‍
വായിച്ചില്ല :))
Namath: -)))))))))))))))))
Namath: നിനക്കിന്നത്തേക്കുള്ളതായില്ലേ?
me:
കുരുട്ടുബുദ്ധിക്കാരെ
തല്ലിയൊതുക്കലാണ് പതിവ്.. അതാണ് വേണ്ടതും
Namath: വിവരക്കേട് ഒരു ദോഷമല്ല. അതു വിളമ്പുന്നത് ഔചിത്യപ്രശ്നം
Namath: തൃപ്തിയായി ഗോപിയേട്ടാ എന്നു പറയടേ
me:
:))))))))) എന്നും ഓരോ അടി കിട്ടണമെന്നത് ജന്മശാപമാണെങ്കില്‍ എന്നെ
കളിയാക്കീട്ട് എന്തു കാര്യം.. :))))
Namath: -)))) നീ ദിവസോം രാവിലെ അര മണിക്കൂറു വെച്ചു വെയിലു കൊള്ള്. തലേ
കാറ്റും വെളിച്ചോം കയറും
me:
:)))) നിങ്ങക്കൊരു ഉളുപ്പ് വേണം..ഒരു മിണ്ടാപ്രാണിയെ ഇങ്ങനെ തല്ലാന്‍..
Namath: ഹഹഹ-) ഡാ ഐ റെസ്പക്ട് യുവര്‍ പൊലിറ്റിക്സ്. പക്ഷെ അതിനെ
നാറ്റിക്കുന്ന മണ്ടത്തരം.
me:
പഠിക്കാനായാണ്
ബസ്സ് നിര്‍ത്തിയത്.. ഇനി സാഹിത്യം മാത്രം..
Namath: ബസ്സ് നിര്‍ത്തരുത്.
Namath: ബീ വാട്ട് യൂ ആര്‍. പക്ഷെ ഔചിത്യം കാണിക്കുക. ഷോ റെസ്പക്ട്
ഗെറ്റ് ഇറ്റ്
Namath: നിന്‍റെ രാഷ്ട്രീയത്തിനു കുഴപ്പമില്ല
me:
കാടിളക്കമാണ്
അപ്പോള്‍ നടക്കുക..ആരെന്നോ എന്തെന്നോ ഇല്ല ..ഞാന്‍ ശരി എന്നത് മാത്രം... അപ്പോ
പ്രശ്നമാവും.. കാരണം ഈ ബഹുമാനത്തോട് പണ്ടേ ഇഷ്ടമില്ല.. എന്നാല്‍ ഇഷ്ടം
തോന്നുന്നവരോട് ഭയങ്കരഇഷ്ടവും ആയിരിക്കും..
Namath: -))) ഡേയ് വാണബീസ് എവിടേം കാണും. നിന്‍റെ -------------- സഖാവ് വിവരക്കേട്
പറയുന്നത് നീ കേട്ടിട്ടുണ്ടോ?
Namath: ഞാനിന്നു വരെ അയാളെ വായിച്ചിട്ടു കൂടെയില്ല
me:
അതാണ് കുഴപ്പം
നിങ്ങ വിവരമുള്ളതൊന്നും വായിക്കില്ലല്ലോ..
Namath: ഹഹഹ-)))
Namath: ഞാനയാളേം അയാളെന്നേം വായിക്കണ്ട
me:
അയാള്‍
നിങ്ങളെ വായിക്കാറുണ്ടാവും.. അതു പോട്ടെ.. നിങ്ങളെന്താ പ്രിന്റില്‍ ഇല്ലേ
Namath: എന്തിന്?
Namath: കാശു കിട്ടാത്ത ഒരു കാര്യത്തിനും ഞാനില്ല
me:
ബ്ലോഗിലെഴുതിയാല്‍
കാശുകിട്ടുമോ..
Namath: അങ്ങേരു വായിക്കും വായിക്കണം. ഉത്തരവാദിത്വമുള്ള സഖാക്കന്‍മാരങ്ങനെ
me:
മാസികയില്‍
എഴുതിയാല്‍ കിട്ടില്ലേ
Namath: -)) നോട്ട് എ സ്നോബ്
Namath: 500 രൂപയ്ക്ക് ഒരു ഫുള്‍ മോര്‍ഫ്യൂസ് പോലും കിട്ടൂല്ല
me:
പണമല്ലല്ലോ
ഒരു വലിയ വായനാലോകം അല്ലേ ..
Namath: അതിവിടുണ്ടടേ
Namath: ദ ക്രീം ഓഫ് ദെം. എന്‍റെ ഫോളോവേഴ്സ് എല്ലാം എന്നെക്കാളും
വിവരമുള്ളവരെന്നു ഞാന്‍ വിശ്വസിക്കുന്നു
Namath: വായനക്കാരും
me:
കോപ്പുണ്ട്
ഒരു ഠ വട്ടം..അതിനെ സാമ്രാജ്യമായി കാണാന്‍ വേറെ ആളെ നോക്കണം..
Namath: എനിക്കതു മതി
Namath: -)))
Namath: നാലു കഥ. എഴുതീട്ടുണ്ട്. ഏതെടുത്താലും ഭാഷയുടെ അതിരു
താണ്ടീട്ടുണ്ട്
Namath: റെസ്റ്റ് യൂ നോ
Namath: കവിത, അതെന്‍റെ പീസ് ഓഫ് കേക്കല്ല
Namath: കാര്‍ട്ടൂണ്‍ - ഒരു നാലെങ്കിലും വേള്‍ഡ് ക്ലാസ്സ്
me:
അതെവിടെയുണ്ട്..
വേണേ ഞാനൊരു ആസ്വാദനം എഴുതാം.. ആളുകള്‍ ശ്രദ്ധിക്കും
Namath: ഹഹഹ. അതു ശ്രദ്ധിക്കാനുളളവരെല്ലാം ശ്രദ്ധിച്ചിട്ടണ്ട്
Namath: ബ്ലോഗില്‍ കഥയെന്ന ലേബലില്‍ കിടപ്പുണ്ട്..
me:
അഹങ്കരിക്കരുത്..എന്റെ
എഴുത്താല്‍ അത് കൂടുതല്‍ ആളു വായിക്കും.. ലിങ്ക് താ...:)))))
me:
ഓ നോക്കാം
Namath: 400 പോസ്റ്റില്‍ കൂടെ നീ പോ. പോയവരുണ്ട്. അതിനേക്കാള്‍ വലുതൊന്നും
നീ എഴുതിട്ടു കിട്ടാനില്ല. മറ്റു ബ്ലോഗുകളില്‍ ഒരു കമന്‍റു പോലും ഇടാറില്ലാരുന്നു.
നോ സെല്‍ഫ് പ്രൊമോഷന്‍
Namath: -)))
Namath: ആം ഹാപ്പി വിദ് വാട്ട് ആം
Namath: ഞാനാരുടേം പുറം ചൊറിഞ്ഞിട്ടില്ല. ഇനി ചൊറിയാനും പോവുന്നില്ല-)))
me:
സ്റ്റാറ്റസ്
മാറ്റി :))))))))))
Namath: -)))))
Namath: ഡാ ഫോര്‍മിഡബിള്‍ നമത് ടച്ച്
me:
ഇനിയിപ്പം
കപ്പം തരേണ്ടി വരുമോ ആവോ..
Namath: കപ്പം തരണ്ട. വായനക്കാര്‍ക്ക് അറിയാം. സ്ഥിരം വായിക്കുന്നവര്‍ക്ക്-)))
me:
എവിടെ കഥയെന്ന
ലേബല്
Namath: നീ മിനക്കെടുത്താന്‍ ഇറങ്ങിയേക്കുവാന്നോ? തപ്പട്ടെ.
Namath: നീ ബ്ലോഗില്‍ താഴേക്ക് സ്ക്രോള്‍ ചെയ്യ്. ഇടതു വശത്തു കാണും
Namath: ഇടത് രചന എന്നതിന്‍റെ താഴെ
Namath: ഇരുട്ട് മറവിയുടെ പുതപ്പ് പോലേന്നു തുടങ്ങ്. അതെന്‍റെ കൌമാരം
Namath: ഗര്‍ഭസ്ഥമായ ഓര്‍മ്മകളുടെ വിലാപം. അതും പഴയത്. യൌവ്വനം.
ബാക്കിയെല്ലാം പുതിയത്
me:
ആത്മാവ്
നിലവിളിക്കുമ്പോള്‍
me:
അതല്ലേ..
Namath: അതൊരു നോവലിന്‍റെ ഭാഗം-))
me:
എന്നിട്ട്
Namath: ഇരുട്ട് മറവിയുടെ പുതപ്പ് പോലെ. അതാണ് ഏറ്റവും പഴയത്.
Namath: മാരീചനെ പരിചയപ്പെട്ട സമയം നോട് പെഴ്സണലി. ബട്ട് അവിടെ
me:
അത്
കാണുന്നില്ലല്ലോ..
Namath: http://disorderedorder.blogspot.com/2008/10/blog-post_12.html
Namath: ഏറ്റവും മച്വറായ കഥ. ആര്‍ക്കോ വേണ്ടി പുഷ്പിക്കുന്ന മരങ്ങള്‍
me:
ഞാന്‍
ഒന്നേന്ന് തുങ്ങുന്നു..
Namath: യൂ കുഡ് ഹാവ് ഡണ്‍ ദിസ് ബിഫോര്‍ ടോക്കിങ്ങ് ഓള്‍ ദിസ് നോണ്‍സെന്‍സ്
Namath: ഞാന്‍ ബാബുരാജിനെ ഒന്നു പഠിക്കുന്നു-))
me:
തുടങ്ങയോ..
പീഡിയെഫുണ്ടോ
Namath: എന്തിന് പിഡിഎഫ്?
Namath: ഡിസ്റ്റര്‍ബ് ചെയ്യാതെ സ്ഥലം കാലിയാക്കടേ.. നാലക്ഷരം ടൈപ്പു
ചെയ്യുമ്പോഴാ അവന്‍റെ കണകുണ-))
me:
കോപ്പ്
ഗൌരവമായി കഥ വായിക്കുമ്പോഴാ ഒരു ചാറ്റ് ..ഒന്നു പോയേ..:))))))))))
Namath: നിന്‍റെ ആത്മീയഗുരു ------------- ചാറ്റില്‍-))
me:
മരിക്ക്
Namath: കഴുത്ത് പകുതി മുറിഞ്ഞു. ഇച്ചിരി നിനക്കിരിക്കട്ടെ
Namath: ഗൂഗിളിനെപറ്റിയാണ്-))
me:
:))) കൊടുക്ക് സമമ്തിച്ച് കൊട്.. ഞാനില്ല..
Namath: സ്കൂട്ടാവന്‍ വഴി തേടുന്നു-))
Namath: രക്ഷപെട്ടു-)) അവിടെ കണക്ഷന്‍ എറര്‍-))))
me:
ഹഹഹഹഹഹ
അതിപ്പം ശരിയാവും.. :)))) പോവല്ല് ട്ടാ..ഇപ്പ വരും
Namath: പരകായപ്രവേശം ചെയ്തു മോനെ. ഇനിയെന്നെ മഷിയിട്ടു നോക്കിയാ
കിട്ടൂല്ല-)))
me:
:))))))))))
Namath: നീയും ഒളിവിലോ?
me:
ഉം...
വായിക്കട്ടെ
ഇത്തരത്തില്‍ നിരന്തരം ഞങ്ങള്‍ ഓരോ വിഷയവും ചര്‍ച്ച ചെയ്തു.
പരസ്പരം കളിയാക്കി. അയാളുടെ അത്ര ‘മൂര്‍ഖത’ എനിക്കില്ലാത്തതിനെക്കാള്‍ അടി കൂടുതലും കൊണ്ടത് എനിക്കായിരുന്നു.
അങ്ങനെയൊക്കെയാണെങ്കിലും എപ്പോഴും ഒരു
നിഗൂഢത അയാളിലുണ്ടായിരുന്നു. ഏതു പകല്‍വെളിച്ചത്തിലും ഇത്തിരിയൊന്ന് മറഞ്ഞു
നില്ക്കാനുള്ള ഒരു പ്രവണത ! ഒരിക്കല്‍ ഞാനതിനെക്കുറിച്ച്
ചോദിച്ചതാണ്. അന്ന് എന്നോട് പറഞ്ഞ മറുപടി , ഞാന്‍ വരും നിന്റെ മുമ്പില്‍
വെളിപ്പെടും ! നിന്റെ നാട്ടില്‍ വന്ന് നാടന്‍ ചാരായം
കുടിച്ച് വയനാടന്‍ മലനിരകളിലൂടെ ഒരു യാത്രയൊക്കെ നടത്തി ഞാന്‍ മടങ്ങും
എന്നായിരുന്നു. പിന്നീട് ആ ബന്ധം എന്തോ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ മുറിഞ്ഞു.
ഒരു രാത്രി ചാറ്റിലേക്ക് കയറി വന്ന് എന്നെ നിറയെ തെറിവിളിച്ചു. “നീ എനിക്കൊരു അനിയനായിരുന്നു. ഇനി നീയും ഞാനും തമ്മിലൊരു ബന്ധമില്ല” എന്ന് പലവട്ടം പറഞ്ഞു. എന്താണ് കാര്യം എന്ന് എനിക്ക് അന്നും ഇന്നും
അറിയില്ല. പക്ഷേ അന്ന് പോയ പോക്കാണ് പിന്നീട് മടങ്ങി വന്നില്ല. പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന
ഒരു സ്വഭാവം നമതിനുണ്ടെന്ന് പിന്നീട് ആരൊക്കെയോ എന്നോട് പറഞ്ഞു. എപ്പോഴെങ്കിലും കാണാം
എന്നൊരു പ്രതീക്ഷ അപ്പോഴും എനിക്കുമുണ്ടായിരുന്നു.
ഇനി എന്റെ വയനാടന്‍ മലനിരകളിലേക്ക് അയാള്‍
കയറി വരില്ല. എന്നെ പരുവപ്പെടുത്തിയ എന്റെ മുനകളെ മൃദുപ്പെടുത്തിയ പ്രിയപ്പെട്ടവനേ
, നിനക്ക് വിട
|| #ദിനസരികള് – 149- 2025 സെപ്റ്റംബര് 12 മനോജ് പട്ടേട്ട്
Comments