നേപ്പാള്‍
നമ്മെ ഒരേ സമയം ഭയപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം. ഒരു ഭരണകൂടത്തിനെതിരെ ജനതയുടെ പ്രതിഷേധമുണ്ടാകുകയും
അധികാരസ്ഥാനങ്ങളിലുള്ളവര്‍ ഭ്രഷ്ടരാക്കപ്പെടുകയും ചെയ്യുന്ന ഒരു കേവല സമ്പ്രദായമായി
നേപ്പാളിലെ സംഭവവികാസങ്ങളെ കണ്ടാല്‍ നമുക്ക് തെറ്റു പറ്റും! അത്ര നിസ്സാര(?)മല്ല കാര്യങ്ങള്‍.
അതീവ ഗൌരവത്തോടെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ നേപ്പാളിലെ സംഭവവികാസങ്ങളെ
പഠനത്തിനെടുക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
എന്താണ് നേപ്പാളില്‍ സംഭവിച്ചത് ? ഒറ്റവാക്കില്‍
പറഞ്ഞാല്‍ ഒരു രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിക്കാന്‍ നവമാധ്യമ രംഗത്തെ
വമ്പന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറാകാതിരിക്കുകയും യുവജനങ്ങളില്‍ തങ്ങള്‍ക്കുള്ള
സ്വാധീനം ദുരുപയോഗിക്കുകയും ചെയ്തതിന്റെ ഫലമാണ് നേപ്പാള്‍ ഇന്നു നേരിടുന്ന
പ്രതിസന്ധി എന്നു പറയാം. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതുതന്നെ കോര്‍പ്പറേറ്റുകളുടെ
തെമ്മാടിത്തരം കൊണ്ടാണ്. ഒരു രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍
ആ രാജ്യത്തിന്റെ അധികാരികളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന കാര്യത്തില്‍
സംശയമൊന്നുമില്ലല്ലോ. എന്നാല്‍ രാജ്യത്തിനുള്ളില്‍ രജിസ്ടര്‍ ചെയ്ത് ഒരു
പോയിന്റെങ്കിലും ആരംഭിക്കണമെന്നുള്ള നേപ്പാള്‍ സര്‍ക്കാറിന്റെ തുടര്‍ച്ചയായുള്ള
നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയാണ് ഇരുപത്തിയാറോളം നവമാധ്യമ കമ്പനികള്‍ ചെയ്തത്.
സ്വഭാവികമായും ഏതൊരു രാജ്യത്തിന്റേയും ഇത്തരത്തിലുള്ള ആവശ്യങ്ങളെ പരിഗണിക്കേണ്ട
ഒരു ബാധ്യത ഈ കമ്പനികള്‍ക്കുണ്ട്. എന്നാല്‍ നേപ്പാള്‍ സര്‍ക്കാറിന്റെ ആവര്‍ത്തിച്ചുള്ള
ആവശ്യത്തെ തള്ളിക്കളയുകയും പരമാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോഴാണ് മറ്റു
വഴികളില്ലാതെ അധികാരികള്‍ ഈ കമ്പനികളുടെ പ്രവര്‍ത്തനം രാജ്യത്തിനകത്ത്
നിയന്ത്രിച്ചത്. റജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികളെ സുഗമമായി പ്രവര്‍ത്തിക്കുവാന്‍
അനുവദിച്ചു എന്ന കാര്യവും ശ്രദ്ധിക്കുക. കുറച്ചു നാളുകളായി നേപ്പാളില്‍ നില
നിന്നിരുന്ന തൊഴിലില്ലായ്മയടക്കമുള്ള അസ്വസ്ഥതകളോടൊപ്പം ഇതുകൂടിയായപ്പോള്‍
യുവാക്കളുടെ ക്ഷമ കെട്ടു. അവര്‍ തെരുവിലിറങ്ങി. പിന്നീട് നടന്നതെല്ലാം നാം
നേരിട്ടു കണ്ടതാണ്.
തങ്ങളുടെ രാജ്യത്തിന്റെ
പരമാധികാരം സംരക്ഷിക്കുവാന്‍ ബാധ്യതയുള്ള യുവാക്കള്‍ തന്നെയാണ് രാജ്യത്തിന്റെ
താല്പര്യത്തെക്കാള്‍ കോര്‍പ്പറേറ്റുകളുടെ ഇഷ്ടത്തിനൊപ്പം ചേര്‍ന്ന്
രാജ്യത്തിനെതിരെ കലാപം സൃഷ്ടിച്ചിരിക്കുന്നത്.
ജനമുന്നേറ്റത്തില്‍ ഭയന്ന് നവമാധ്യമങ്ങളുടെ വിലക്ക് അധികാരികള്‍ പിന്‍വലിച്ചുവെങ്കിലും
ചില കുശാഗ്രബുദ്ധികള്‍ ഇപ്പോള്‍ നേപ്പാളില്‍ കലാപത്തെ മുന്‍നിറുത്തി മറ്റു ചില
നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയാണ്.
നേപ്പാള്‍ ചെറു പതിപ്പാണ്. ഏതു രാജ്യത്തിനെതിരേയും
കലാപങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയും എന്നൊരു സാധ്യത നേപ്പാള്‍ തുറന്നിടുന്നു.
നവമാധ്യമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനം ഭരണകൂടങ്ങളെപ്പോലും കടപുഴക്കാന്‍
കഴിയുന്ന തരത്തില്‍ മാറ്റിയെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഴിഞ്ഞാല്‍ ദുര്‍ബലമായ
രാജ്യങ്ങളുടെ അവസ്ഥ അതിദയനീയമായിരിക്കും എന്നുകൂടിയാണ്
നേപ്പാള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇതിനെതിരെ
ഭരണകൂടങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആ ജാഗ്രത പൌരസ്വാതന്ത്ര്യത്തിന്
മുകളിലുള്ള സെന്‍സറിംഗ് ആകാനും പാടില്ല. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് രാജ്യങ്ങളെ
നിയന്ത്രിക്കുവാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒരു സാഹചര്യം ഉണ്ടാകാതിരിക്കുവാന്‍ നേപ്പാള്‍
ഒരു പാഠമാകേണ്ടിയിരിക്കുന്നു.
|| #ദിനസരികള് – 147- 2025 സെപ്റ്റംബര് 10 മനോജ് പട്ടേട്ട്
Comments