ചോദ്യോത്തരങ്ങള്‍ :

ചോദ്യം 1. കെ ടി ജലീല്‍ ഉന്നയിച്ച ആരോപണത്തില്‍ പി കെ ഫിറോസിന്റെ വാദങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം ?

ഉത്തരം : പി കെ ഫിറോസിന്റെ ഉത്തരം കൃത്യമാണ്. തനിക്ക് ബിസിനസ്സ് ഉണ്ടെന്നും താന്‍ വിദേശത്തെ ഒരു കമ്പനിയിലെ ജീവനക്കാരനാണ് എന്നുമാണല്ലോ അദ്ദേഹത്തിന്റെ ഉത്തരം.  എന്നാല്‍ ആ ഉത്തരത്തിന്റെ ധാര്‍മ്മികതയാണ് മുസ്ലീംലീഗിലെ ചെറുപ്പക്കാരുടെ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. കച്ചവടം നടത്തുന്നതോ പണം സമ്പാദിക്കുന്നതോ ഒരു തെറ്റുമല്ല. എന്നാല്‍ സംശയത്തിന്റെ മുനകളുയരുമ്പോള്‍ പൊതുജനത്തിന്റെ മുന്നില്‍ വസ്തുത വെളിപ്പുടുത്തേണ്ട ധാര്‍മ്മികത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുണ്ട്. അതുകൊണ്ട് താന്‍ ചെയ്യുന്നത് എന്താണെന്നും എങ്ങനെയാണ് തനിക്ക് വരുമാനം വരുന്നതെന്നും ഫിറോസ് പൊതുമണ്ഡലത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ താനെന്തിന് ജലീലിന് മറുപടി കൊടുക്കണം എന്നൊരു ഉഴപ്പന്‍ ചോദ്യമെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് ഫിറോസിനെ കൂടുതല്‍ സംശയിക്കാന്‍ കാരണമാകും. പിന്നെ ഈ കാര്യത്തില്‍ താന്‍ ജോലിക്കാരനാണ് എന്ന വാദം , അതിന് ശമ്പളം എത്രയോ ആകട്ടെ , നുണയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതിനു പിന്നില്‍ വലിയൊരു ബിനാമി ബിസിനസ്സ് ഒളിഞ്ഞിരിക്കുന്നുണ്ട്. അതൊടൊപ്പം അയാള്‍ ഒരു വക്കീലാണ്. ബാര്‍ കൌണ്‍സിലിന്റെ മാനദണ്ഡം അനുസരിച്ച് മറ്റൊരു ജോലി ഏറ്റെടുക്കാന്‍ കഴിയില്ല. അപ്പോള്‍ വസ്തുതകള്‍ വെച്ച് സത്യസന്ധമായി പറഞ്ഞാല്‍ ഫിറോസ് നുണയാണ് പൊതുജനത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ പറഞ്ഞ നുണകള്‍ കൊണ്ടുതന്നെ ഫിറോസ് പൊളിഞ്ഞു വീഴുന്നത് ഏറെ താമസിയാതെ നമുക്ക് കാണാം. മറ്റൊരു തമാശ , ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ് എന്നാണ്. എന്നാല്‍ പിണറായി വിജയന്റെ മകളേയും കോടിയേരി ബാലകൃഷ്ണന്റെ മക്കളേയുമൊക്കെ തെരുവാകെ നടന്ന് തെമ്മാടിത്തരം വിളമ്പിയ മാന്യദേഹം ഇപ്പോള്‍ ഇത്തരത്തില്‍ ഉരുണ്ടുപിരളുന്നത് കാണുമ്പോള്‍ ചരിത്രത്തിന്റെ കാവ്യനീതി എന്നല്ലാതെ എന്തു പറയാന്‍ ?  ഫിറോസും ഫിറോസിന്റെ ഇടപാടുകളും അടിമുടി ദുരൂഹത നിറഞ്ഞതാണ്.

 

 

ചോദ്യം 2. പോലീസ് കേസുകള്‍ കൂടി വരുന്നല്ലോ ? അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന പോലയായല്ലോ കാര്യങ്ങള്‍ ?

 

ഉത്തരം : ഞാന്‍ ഇന്ന് ഒരു പോലീസ് ഓഫീസറുമായി ഈ വിഷയം സംസാരിച്ചു. ഔദ്യോഗികമൊന്നുമല്ല, ചുമ്മാ കണ്ടപ്പോള്‍ സംസാരിച്ചതാണ്. അദ്ദേഹം പറഞ്ഞ ഒരു കാര്യം , ഈ കുഴപ്പങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥന്മാരില്‍ തൊണ്ണൂറ്റൊമ്പതേ പോയന്റ് ഒമ്പതു ശതമാനവും നേരിട്ട് സെലക്ഷന്‍ ലഭിച്ച പോലീസ് ഓഫീസര്‍മാരാണ് എന്നതാണ്. അത് ഗുരുതരമായ ഒരാരോപണമാണ്. കൂടുതല്‍ ശ്രദ്ധയോടെ അധികാരികള്‍ ശ്രദ്ധിക്കേണ്ടതുമാണ്. സ്ഥാനക്കയറ്റത്തിലൂടെ മുകളിലേക്ക് എത്തുന്ന ഓഫീസര്‍മാര്‍ക്ക് പൊതുജനങ്ങളോട് ഇടപഴകാനും നീതിപൂര്‍വം പെരുമാറാനും കഴിയുന്നു. എന്നാല്‍ നേരിട്ട് സെലക്ഷന്‍ ലഭിച്ചു വരുന്നവരാകട്ടെ ആക്ഷൻ ഹീറോ ബിജു മോഡലുകളാണ്. അവര്‍ ഏതോ സ്വപ്നലോകത്തിലെ സത്യാന്വേഷികളായി സ്വയം ചമയുന്നു. അധികാരത്തിന്റെ കാക്കപ്പുളപ്പില്‍ ജനാധിപത്യ മൂല്യങ്ങളെ മറന്നു കളയുന്നു. അവര്‍ അത്തരത്തില്‍ പെരുമാറുന്നതിന് മുന്നില്‍ പോലീസ് അക്കാഡമിയില്‍ നിന്നും കിട്ടുന്ന ശിക്ഷണമടക്കം പരിശോധിക്കപ്പെടേണ്ടതുണ്ട്. കൂടാതെ പ്രൊബേഷന്‍ കാലം  കുറച്ചു കൂടി ഫലപ്രദമായി ജനങ്ങളുമായി ഇടപഴകാനുള്ള അവസരം കൂടി നല്കണം. എന്തായാലും ഈ ഉദ്യോഗസ്ഥന്റെ ആക്ഷേപം അധികാരികള്‍ ഗൌരവത്തിലെടുക്കേണ്ടുതന്നെയാണ്.

 

|| #ദിനസരികള് 148- 2025 സെപ്റ്റംബര് 11 മനോജ് പട്ടേട്ട്

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്