പോലീസിന്റെ അടി കിട്ടിയിട്ടുണ്ടോ ? നല്ല രസമാണ്. കാലിനും കൈയ്ക്കും തലയ്ക്കും മുതുകിനുമൊക്കെയാണ് അവര്‍ സാധാരണയായി തല്ലുക. എന്നാല്‍ തിരക്കു പിടിച്ച ചില അടിക്കിടെ ചിലപ്പോള്‍ രണ്ടു ചന്തിയും കൂട്ടി ഒരടി വന്നുവീഴും. പൊതുവേ ഓ ചന്തിക്കല്ലേ അടിച്ചത് , മുതുകിനും തലയ്ക്കുമൊന്നുമല്ലല്ലോ എന്ന് നമ്മള്‍ അതിനെ ലളിതവത്കരിക്കും. പക്ഷേ രണ്ടു ചന്തിയും കൂട്ടി നല്ലൊരടി കിട്ടിയാല്‍ മറ്റെവിടെ കിട്ടുന്നതിനെക്കാളും മാരകമായിരിക്കുമെന്നതാണ് വസ്തുത. ലാത്തി കൊണ്ടയിടത്ത് ചതയും. പഴുക്കും. പിന്നെ ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയാകും. വീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റില്ലാത്തവന് ചന്തിക്കടി കിട്ടിയാല്‍ ഗംഭീരമായി എന്നേ പറയാനാകൂ. ശരിക്കും ഒന്നിരിക്കാനോ ഒന്നമര്‍ത്തി മുക്കാനോ കഴിയാതെ അവന്റെ കുറേ ദിവസങ്ങള്‍ കട്ടപ്പൊകയാകുമെന്നര്‍ത്ഥം. അതുകൊണ്ട് ചന്തിക്കടി കിട്ടുക എന്നുവെച്ചാല്‍ അതിമാരകമായ ഒന്നായി കാണക്കാക്കി മറ്റു സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കണം എന്നതാണ് എനിക്ക് ആദ്യമായി പറയാനുള്ളത്
രണ്ടാമത്തേത്
, ഇന്ന് പോലീസിനെക്കുറിച്ച് വ്യാപകമായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളെക്കുറിച്ചാണ്.പോലീസ്
പണ്ടു ചെയ്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരുപാട് തെമ്മാടിത്തരങ്ങള്‍
പുറത്തു വന്നിരിക്കുന്നു. ഒരു നിയമ സംവിധാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന
ഒരു സേന എന്ന നിലയില്‍ ഒരിക്കലും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത
തെമ്മാടിത്തരങ്ങളുടേയും ക്രൂരതകളുടേയും കഥകളാണ് അവയില്‍ ഏറെയും. അതുകൊണ്ടാണല്ലോ
ഞാന്‍ പലപ്പോഴും സംഘടിത കുറ്റവാളികളാണ് പോലീസ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു
കൊണ്ടിരിക്കുന്നത്. എനിക്കു തന്നെ നേരിട്ട് അനുഭവമുള്ള എത്രയോ തെമ്മാടിത്തരങ്ങള്‍
പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. പിന്നീട് ഇടപെടേണ്ടി വരുമ്പോള്‍
അവരില്‍ ചിലര്‍ സോറി പറയും. ചിലര്‍ മുഖത്തുനോക്കാതെ സംസാരിക്കും. പക്ഷേ അന്നും
ഇന്നും ഒരു വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയോ ഏതെങ്കിലും തരത്തിലുള്ള നിയമലംഘകനെ
സംരക്ഷിക്കാനോ ഞാന്‍ പോലീസുമായി ബന്ധപ്പെട്ടിട്ടില്ല. ശരിയെന്ന് പൂര്‍ണബോധ്യമുള്ള
കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ ഒരു കാര്യത്തിലും ഇടപെടാറുമില്ല. എന്നിട്ടും
ജനമൈത്രി പോലീസ് പഴയ കുട്ടന്‍ പിള്ള പോലീസായി പ്രതികരിച്ചതിന്റെ തിക്താനുഭവങ്ങള്‍
ഏറെയുണ്ട്. പോലീസിന്റെ ചരിത്രം എഴുതിയാല്‍ ഇത്തരം തെമ്മാടിത്തരങ്ങളുടെ കഥകള്‍ക്കായിരിക്കും
കൂടുതല്‍ പേജും മാറ്റി വെയ്ക്കേണ്ടി വരിക എന്നര്‍ത്ഥം.
പറഞ്ഞു വന്നതെന്തെന്നാല്‍ , പോലീസിലെ കുറഞ്ഞ ഒരു ശതമാനം മാത്രമാണ് ആകെയുള്ള സേനയെ മുഴുവന്‍ പറയിപ്പിക്കുന്നത് എന്നതാണ്. അത്തരക്കാരെ കണ്ടു പിടിച്ച് ശിക്ഷിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന് അത്യന്താപേക്ഷിതവുമാണ്. എന്നാല്‍ ആകെയുള്ള സേനയെ ഒന്നാകെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന ഇടപെടലുകള്‍ ഉണ്ടാകുന്നത് സമൂഹത്തിനുണ്ടാക്കുന്ന അപകടം ചെറുതായിരിക്കില്ല. പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളെ ഏതെങ്കിലും വിധത്തില്‍ മൂടി വെയ്ക്കണമെന്നല്ല മറിച്ച് സേനയുടെ മുഴുവന്‍ ആത്മധൈര്യവും ചോര്‍ത്തിക്കളഞ്ഞ് അവരെ നിസ്തേജരാക്കി മാറ്റുന്നത് ശരിയായ കാര്യമല്ല എന്നാണ്.കരുത്തോടെ പോലീസ് ഇവിടെ വേണം. അവര്‍ നിയമപരമായി പ്രവര്‍ത്തിക്കുകയും വേണം. അതുകൊണ്ട് സേനയാകെ മോശമാണ് എന്ന രീതിയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണം നാം തള്ളിക്കളയുക തന്നെ വേണം.
പോലീസിനെ ഒരു ദിവസത്തേക്ക് അധികാരത്തില്‍ നിന്നും മാറ്റി നിറുത്തിയാല്‍ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയാം. പോലീസ് നല്കുന്ന ഒരു സുരക്ഷയുടെ മതില്‍ക്കെട്ടിനുള്ളിലാണ് നാം, ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്. അതുകൊണ്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ പോലീസിനെതിരെ ഉയര്‍ത്തുന്ന ഏതൊരാരോപണവും നാം തള്ളിക്കളയുക തന്നെ വേണം.
|| #ദിനസരികള് – 145- 2025 സെപ്റ്റംബര് 08 മനോജ് പട്ടേട്ട്
Comments