||ചതയദിന ചിന്തകള്‍||
വെള്ളാപ്പള്ളിയപ്പനൊഴികെ
കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം ജനതയ്ക്കും ശ്രീനാരായണ ഗുരു എന്താണ്
പറഞ്ഞതെന്നും പഠിപ്പിച്ചതെന്നും അറിയാം. മുഴുവനായിട്ടുമില്ലെങ്കിലും ഏകദേശം ഒരു
ധാരണയെങ്കിലുമുണ്ട്. എന്നാല്‍ ഗുരു ദര്‍ശനം എങ്ങനെയൊക്കെ സഖാവ് പിണറായി വിജയന്‍
പഠിപ്പിക്കാന്‍ ശ്രമിച്ചാലും വെള്ളാപ്പള്ളിയ്ക്ക് അതെന്താണെന്ന് ഇനി
മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് വെള്ളാപ്പള്ളിയെ നാരായണദര്‍ശനം
പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് , കാസരോഗിയെ എവറസ്റ്റ് കയറാന്‍
വിടുന്നതുപോലെയാണെന്നേ ഞാന്‍ പറയൂ. ശരി, അതവിടെയിരിക്കട്ടെ. ഞാന്‍ പറയാന്‍ വന്നത്
മറ്റൊരു കാര്യമാണ്. കേരളത്തിലെ ഏകദേശം ആളുകള്‍ക്കും ഗുരു പഠിപ്പിക്കാന്‍ ശ്രമിച്ച
സമത്വദര്‍ശനത്തെക്കുറിച്ച് അറിയാമെന്ന് പറഞ്ഞല്ലോ ! ഈ ചതയ ദിവസത്തില്‍ അതുതന്നെ വീണ്ടും
വീണ്ടും എഴുതുന്നത് ആളുകള്‍ക്ക് അത്രയ്ക്കങ്ങ് രസിക്കില്ല എന്നതുകൊണ്ട് ഈ കുറിപ്പില്‍
ഞാന്‍ ഗുരുവിന്റെ വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നാണ് കരുതുന്നത്.
ശ്രീനാരായണഗുരു വിവാഹം കഴിക്കുന്നത്
1882 ലാണ്. അന്ന് അദ്ദേഹത്തിന് ഇരുപത്തിയേഴ് വയസ്സായിരുന്നു പ്രായം. വിവാഹം
കഴിച്ചു എന്നാണ് ഞാന്‍ എഴുതിയതെങ്കിലും ഇന്നു പരക്കെ നടപ്പാക്കപ്പെടുന്ന
രീതിയിലുള്ള ഒരു വിവാഹമായിരുന്നില്ല അത്. ഒരു തരം പ്രതീകാത്മക വിവാഹം
എന്നുവേണമെങ്കില്‍ പറയാം. അതായത് വരനുവേണ്ടി വധുവിനെ ബന്ധുമിത്രാദികള്‍ സ്വീകരിക്കുന്ന
രീതിയിലായിരുന്നു വിവാഹം നടന്നത്. കുമ്മമ്പള്ളിൽ ആശാന്റെ വാരണപ്പള്ളിയിലുള്ള വീട്ടില്‍ താമസിച്ചാണ് ഇരുപത്തിരണ്ടു
വയസ്സുമുതല്‍ നാണു വിദ്യ അഭ്യസിച്ചത്. നീണ്ട അഞ്ചു കൊല്ലക്കാലം ആ പഠനം തുടര്‍ന്നു.
തുടര്‍ന്ന് ചെമ്പഴന്തിയില്‍ തിരികെ വന്ന് കുട്ടികളെ വിദ്യാഭ്യാസം ചെയ്യുന്ന പ്രവര്‍ത്തിയില്‍
ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് നാണുവിനെ പിടിച്ചു കെട്ടിക്കുക എന്ന ആശയം കുടുംബത്തിലെ
മുതിര്‍ന്നവര്‍ക്ക് തോന്നുന്നത്. ഉടനെ തിരക്കു പിടിച്ച ആലോചനകളായി,
പെണ്ണന്വേഷണമായി. അങ്ങനെ കണ്ടെത്തിയ കുട്ടിയാണ് കാളു. അടുത്ത ബന്ധുവായ
കാളുവിനെയാണ് വധുവായി ബന്ധുക്കള്‍ കണ്ടെത്തിയത് എന്നറിഞ്ഞപ്പോള്‍ നാണുവിന്റെ
പ്രതികരണം , മുറപ്രകാരം അവള്‍ എന്റെ മകളാണല്ലോ എന്നായിരുന്നു.
ആ
പ്രതികരണത്തില്‍ എല്ലാം അടങ്ങിയിരുന്നു. തന്റെ വധുവായി ബന്ധുക്കള്‍ കണ്ടെത്തിയ
കുട്ടിയോട് തനിക്കുള്ള സമീപനം എന്താണെന്ന് ഗുരു ചുരുക്കംവാക്കുകളിലൂടെ
വ്യക്തമാക്കിയെങ്കിലും വരന്റെ അഭിപ്രായത്തിന് ഒരു വിലയും കല്പിക്കാത്ത ഒരു
കാലമായിരുന്നു അത്. ബന്ധുക്കള്‍ പ്രസ്തുത ആലോചനയുമായിത്തന്നെ മുന്നോട്ടു പോയി.
ഇതുപോലെയുള്ള ഗൌരവമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുളള “പക്വത” കുട്ടികള്‍ക്ക്
ഇല്ല എന്നായിരുന്നു മുതിര്‍ന്നവര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ
വധുവരന്മാരോട് അഭിപ്രായം തേടുക എന്ന ഏര്‍പ്പാടൊന്നുമുണ്ടായിരുന്നു. ഗുരു തന്റെ
അഭിപ്രായം സുവ്യക്തമാക്കിയെങ്കിലും
ബന്ധുക്കള്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവര്‍ നാണുവിന് ചേര്‍ന്ന
പെണ്ണായി കാളുവിനെ കാണുകയും വിവാഹ നിശ്ചയങ്ങള്‍ നടത്തുകയും ചെയ്തു. നാണു
വിവാഹത്തിന് പോയില്ലെങ്കിലും അദ്ദേഹത്തിനുവേണ്ടി സഹോദരി പുടവകൊടുക്കുകയും കാളുവിനെ
താലികെട്ടി സ്വീകരിക്കുകയും ചെയ്തു.
ഈ
രീതിയിലുള്ള വിവാഹങ്ങള്‍ സ്വാഭാവികമായിരുന്നുവെന്ന് പ്രത്യേകിച്ച്
പറയേണ്ടതില്ലല്ലോ. അങ്ങനെ വിവാഹിതനായ നാണു പക്ഷേ ഒരിക്കലും ഒരു ഗൃഹസ്ഥനായി
ജീവിച്ചില്ല. തന്റെ മകള്‍ എന്ന് ഒരിക്കല്‍ കാളുവിനെക്കുറിച്ച് പറഞ്ഞ നാണു ആ
നിലപാടില്‍ നിന്നും ഒരിക്കലും മാറിയുമില്ല. ഏറെക്കാലം കാളു നാണുവിന് വേണ്ടി
കാത്തിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും ചെമ്പഴന്തിയിലെ വീട്ടിലേക്ക് ഭര്‍ത്താവായി
വന്നു കയറിയില്ല. അവസാനം കാളു സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയാണുണ്ടായത്.
വ്യവസ്ഥ
അനാഥമാക്കിയ ഒരു ജീവിതമായിരുന്നു കാളുവിന്റേത് എന്ന് നമുക്ക് പറയാം. ആ
നാണുവിനുവേണ്ടി സഹോദരി വരണമാല്യം ചാര്‍ത്തി വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്ന നാള്‍
മുതല്‍ കെട്ട മനസ്സോടെ സ്വന്തം വീട്ടിലേക്ക് പടിയിറങ്ങി ആ ദിനം വരെ ആ സ്ത്രീ
ചിന്തിച്ചിരുന്നത് എന്തായിരിക്കും ? ചിറയന്‍കീഴിലെ സ്വന്തം
വീട്ടിലേക്ക് മടങ്ങിപ്പോയ അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും എന്റെ
കൈവശമില്ല. നാരാണയഗുരുവിന്റെ ജീവിതത്തിലെ ഹ്രസ്വവും അപ്രധാനവുമായ ആ ഒരേടിന് പക്ഷെ
എന്റെ മനസ്സില്‍ ഭാവാത്മകമായ ആഖ്യാനങ്ങളുണ്ട് എന്നുമാത്രം പറഞ്ഞു വെയ്ക്കട്ടെ !
|| #ദിനസരികള് – 144- 2025 സെപ്റ്റംബര് 07 മനോജ് പട്ടേട്ട്
Comments