കേരളത്തിന്റെ സമൂഹഘടനാ മാറ്റങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില് ഇത്രയധികം സങ്കീര്ണമായ സ്ഥിതിവിശേഷം സംജാതമായ മറ്റൊരു സാഹചര്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നുമാത്രവുമല്ല ഈ സങ്കീര്ണതയില് ഏറിയ കൂറും പ്രതിലോമപരതയുമാണ്.
വളരെ ദീര്ഘമായി ചര്ച്ച ചെയ്യേണ്ട ഒരു വിഷയത്തെ കുറച്ച് പോയന്റുകളിലേക്ക് ഒതുക്കാന് ശ്രമിക്കട്ടെ
കേരളത്തിന്റെ സാമൂഹ്യഘടനയിലെ എക്കാലത്തേയും ശക്തമായ സാന്നിധ്യമായിരുന്നു ശ്രേണികള്. വ്യക്തികള് തമ്മില് തമ്മിലും കൂട്ടങ്ങള് തമ്മിലുമൊക്കെയുള്ള ബന്ധങ്ങള് , കൊടുക്കല് വാങ്ങലുകള് , ഈ ശ്രേണിയിലെ ഉയര്ച്ച താഴ്ചകളെ അഥവാ പദവികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അത്തരത്തിലുള്ള പദവികളില് ഇടപെടാനുള്ള മാരകമായ ശേഷി ഒരു വ്യക്തി പിറക്കുന്നതിനു മുമ്പേ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു. അതായത് , ജാതി , പദവി നിര്ണയത്തിലെ ഒരു സുപ്രധാന ഘടകം തന്നെയായിരുന്നു.ജനിച്ച ജാതി ജനിച്ച കുലം എന്നിവയൊക്കെ സാമൂഹ്യ പദവിയുടെ പ്രധാന പ്രമാണങ്ങളായിരുന്നു. കേരളത്തിന്റെ – ഇന്ത്യയുടേയും - മനസ്സില് നിന്നും ഈ ജാതി ചിന്ത ഒരു കാലത്തും പൂര്ണമായും വിട്ടൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല , കുറച്ച് ഏറ്റക്കുറച്ചിലുകള് ഉണ്ടായി എന്നല്ലാതെ!
സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തി എക്കാലത്തും സാമ്പത്തികത തന്നെയാണെന്ന കാര്യത്തില് നമുക്ക് സംശയമില്ല. സമ്പത്തിന്റെ വിതരണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള് ശ്രേണികള് തമ്മിലുള്ള സംഘര്ഷത്തെ കൂടുതല് അര്ത്ഥപൂര്ണമാക്കി. എന്നാല് കൂടുതല് മാനവികമായ ഒരേറ്റുമുട്ടല് നടന്നത് ജാതികള് തമ്മിലായിരുന്നു. ആദ്യത്തേത്ത് ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നുവെങ്കില് രണ്ടാമത്തേത് മനുഷ്യനെന്ന നിലയിലുള്ള അന്തസ്സിനു വേണ്ടിയായിരുന്നു. ഈ വ്യത്യാസം പരമപ്രധാനമാണെന്ന് മനസ്സിലാക്കുക. പട്ടിണി കിടന്നു മരിച്ചാലും ഒരു തമ്പ്രാന്റേയും ഉച്ഛിഷ്ടം വേണ്ട എന്ന് തീരുമാനിക്കപ്പെടുന്നതിന് പിന്നിലെ അവബോധം മനുഷ്യരെല്ലാം തുല്യരാണ് എന്നതാണ്. ഉത്പാദന ബന്ധങ്ങളിലെ മാറ്റങ്ങള് സാമൂഹ്യമാറ്റത്തിന് സ്തുത്യര്ഹമായ ഇടപെടലുകള് നടത്തി എന്നുകൂടി മനസ്സിലാക്കുക.
എന്നാല് കേരള സമൂഹ ചരിത്രത്തിന്റെ ഒരു ദീര്ഘകാലം അഭിമുഖീകരിക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും നടന്ന ജാതി സമരങ്ങളാണ്. അമൂര്ത്തമായ പ്രതിഷേധങ്ങളില് നിന്ന് മൂര്ത്തമായ പ്രതിഷേധങ്ങളിലേക്ക് ആ സമരം വളരുകയും ജാതികള് തമ്മിലുള്ള ഏറ്റുമുട്ടലുകള് സര്ഗ്ഗാത്മകവും ധനാത്മകവുമായ മാറ്റങ്ങള് സമൂഹത്തിലുണ്ടാക്കുകയും ചെയ്തു. ജാതികള് തമ്മിലുള്ള വിടവുകള് കുറഞ്ഞു വരികയും പരസ്പരം ഇടകലരാനുള്ള ശ്രമങ്ങള് ഉണ്ടാകുകയും ചെയ്തു. പന്തിഭോജനം മുതല് മിശ്രവിവാഹം വരെയുള്ള ചില പരിശ്രമങ്ങളെ എത്ര ചെറുതാണെങ്കിലും നമുക്ക് അഭിനന്ദിക്കാതിരിക്കുക വയ്യ. അങ്ങനെ ഏറ്റു മുട്ടി ഏറ്റു മുട്ടി പരസ്പരം മുനകള് ഒടിച്ചു കൊണ്ടും തേയ്മാനങ്ങള് ഉണ്ടാക്കിക്കൊണ്ടുതന്നെയാണ് കേരളം മാറി വന്നത്.
അവസാനമായി , ഇക്കാലത്ത് നാളിതുവരെയുള്ള ഏറ്റുമുട്ടല് രീതികളില് നിന്നൊരു പിന്വലിയല് ഉണ്ടാകുകയും ശ്രേണികളെ , ജാതികളെ അതാതിടങ്ങളില് നിലനിറുത്തുവാനും പരസ്പരം അംഗീകരിക്കുവാനുമുള്ള ശ്രമങ്ങള് ബോധപൂര്വ്വം നടക്കുകയും ചെയ്യുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല് അവനവന്റെ സ്വത്വങ്ങളുടെ കള്ളികളിലേക്ക് ഒതുങ്ങുവാനും അതിനെ നിലനിറുത്തുവാനും അതോടൊപ്പം അന്യസ്വത്വങ്ങളുമായി ഇടകലരാതിരിക്കുവാനും അതേ സമയം അതിനെ അംഗീകരിക്കുവാനുമുള്ള പ്രവണതകള് പ്രകടമാകുന്നു. ഈ സമീപനത്തിന്റെ ഏറ്റവും വലിയ ദുരവസ്ഥ , ദുരഭിമാനക്കൊലകള് പോലും ന്യായീകരിക്കപ്പെടുന്നു എന്നതാണ്.
അതായത് , ജാതികള് തന്ത്രപരമായി പ്രവര്ത്തിച്ചു തുടങ്ങുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത്. പരസ്പരം അംഗീകരിച്ചുകൊണ്ടും പദവികളെ ഒരു പരിധിവരെ വിപുലപ്പെടുത്തിക്കൊണ്ടും അവ ശ്രേണികളായിത്തന്നെ നിലനില്ക്കുവാന് ശ്രമിക്കുന്നു. സ്വയം പ്രതിരോധിച്ചു കൊണ്ടും ആ പ്രതിരോധത്തിലേക്ക് ഇതര സ്വത്വങ്ങളെ ചേര്ത്തു നിര്ത്തിക്കൊണ്ടും മാനവിക ആശയങ്ങളോട് അവര് പോരാടാന് നിശ്ചയിച്ചിരിക്കുന്നു. അതിന്റെ ഒരു പ്രത്യക്ഷ അപകടം ഒരു ഹിന്ദു മത വിശ്വാസിയെ വിമര്ശിച്ചാല് ഹിന്ദുമതത്തെ വിമര്ശിച്ചുവെന്നും ഇസ്ലാം മതവിശ്വാസിയെ വിമര്ശിച്ചാല് ഇസ്ലാം മതത്തെ വിമര്ശിച്ചുവെന്നും ഒരു ക്രിസ്ത്യാനിയെ വിമര്ശിച്ചാല് ക്രിസ്ത്യന് മതത്തെ വിമര്ശിച്ചുവെന്നുമുള്ള വ്യാഖ്യാനങ്ങള് ഉണ്ടാകുന്നു എന്നതാണ്. കൂട്ടത്തില് ഒരു ദളിതനെ വിമര്ശിച്ചാല് മുഴുവന് ദളിത സമുദായത്തേയും ഇകഴ്ത്തുന്നുവെന്ന വിമര്ശനം ഉണ്ടാക്കപ്പെടുന്നുവെന്ന കാര്യം കൂടി കൂട്ടി വായിക്കണം.
സ്ഥിതി അപകടകരമാണ്. ഏത് സാമൂഹ്യ – രാഷ്ട്രീയ – സാംസ്കാരിക സംഘടനയുണ്ടു ഈ വെല്ലുവിളി ഏറ്റെടുക്കാന് എന്ന ചോദ്യം ചരിത്രപരവുമാണ്.
|| #ദിനസരികള് – 124 - 2025 ആഗസ്റ്റ് 09 മനോജ് പട്ടേട്ട് ||
Comments