പോലീസില്‍ മാനസികാരോഗ്യ പരിശോധന നടപ്പിലാക്കണം

----------------------------------------------------------

 

പോലീസിനെ വിമര്‍ശിക്കേണ്ടി വരുമ്പോള്‍ ഏറ്റവും കര്‍ശനവും കഠിനവുമായ വാക്കുകളെത്തന്നെ തിരഞ്ഞെടുക്കണം. കാരണം മറ്റേതൊരു മേഖലയും പോലെയല്ല പോലീസ്. നിയമം പാലിക്കുവാനും നിയമലംഘനങ്ങളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനുമുള്ള സംഘടിത , സായുധ സംവിധാനമാണ് പോലീസ്. ഏതൊരു ഭരണകൂടത്തിന്റേയും ഏറ്റവും പ്രാഥമികവും പ്രധാനപ്പെട്ടതുമായ ഒരു വിഭാഗവും പോലീസ് തന്നെയാണ്. അതുകൊണ്ടുതന്നെ പോലീസ് സംവിധാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഏതൊരു പിഴവും സര്‍ക്കാറിനെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു. എന്നുമാത്രവുമല്ല, പോലീസിന്റെ ഒരു ചെറിയ പിഴവുപോലും ചുരുങ്ങിയത് ഒരു കുടുംബത്തെയെങ്കിലും കണ്ണീരിലാഴ്ത്തും എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെ നമ്മുടെ രാജ്യത്ത് , നമ്മുടെ കേരളത്തില്‍ ഇല്ലാതായിപ്പോയ നിരവധി ജീവിതങ്ങളുണ്ട്, ജീവനുകളുണ്ട്.  അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായും കര്‍ശനമായും പോലീസിനെ നിയന്ത്രിക്കേണ്ടതും സത്യസന്ധരായി നിലനിറുത്തേണ്ടതും സര്‍ക്കാറിന്റേയും പൊതുജനത്തിന്റേയും പ്രാഥമികമായ ഉത്തരവാദിത്തമാണ്.

                  

          ഇക്കഴിഞ്ഞ ദിവസം ജാഫര്‍ എന്നുപേരുള്ള ഒരു ഒരു ഡ്രൈവറുടെ മുഖത്ത് അടിക്കുന്ന നൌഷാദ് എന്ന പോലീസുകാരനെ നാം കണ്ടു! മലപ്പുറം ജില്ലയിലെ മഞ്ചേരി കച്ചേരിപ്പടിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഈ സംഭവമുണ്ടായത്. കാക്കിയിടാത്തതിന്റെ പേരില്‍ 500 രൂപ പിഴയടക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ 250 രൂപ അടയ്ക്കാമെന്ന് ജാഫര്‍ അറിയിച്ചതോടെ നൌഷാദ് അക്രമത്തിലേക്ക് കടക്കുകയായിരുന്നു. ഡ്രൈവറെ മര്‍ദ്ധിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് വലിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോ നാം കണ്ടതാണ്. പോലീസിന്റെ ഭാഗത്തുനിന്നും  തികച്ചും തെറ്റായ സമീപനമാണ് ഉണ്ടായത്. ആരോ ആ സംഭവം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതുകൊണ്ട് ലോകം സത്യം അറിഞ്ഞു അല്ലായിരുന്നുവെങ്കില്‍ ഡ്രൈവര്‍‌ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നൊരു കേസുമെടുത്ത് പതിന്നാലു ദിവസം റിമാന്റ് ചെയ്യിപ്പിക്കുമായിരുന്നു നമ്മുടെ പോലീസ് ! എന്നാല്‍ വീഡിയോ ഉണ്ടായതുകൊണ്ടുമാത്രം പോലീസ് പ്രതിരോധത്തിലായി എന്നതാണ് വാസ്തവം.

 

          പോലീസ് ഒരുപാട് മാറിയിട്ടുണ്ട്. അവരുടെ പെരുമാറ്റവും പ്രശ്നങ്ങളോടുള്ള സമീപനത്തിലും ആ മാറ്റം അനുഭവപ്പെടാറുമുണ്ട്. എന്നാലും പണ്ടത്തെ കുട്ടന്‍പിള്ള പോലീസിന്റെ പ്രേതം ബാധിച്ച ഒരു കൂട്ടം തെമ്മാടികള്‍ ഇപ്പോഴും പോലീസിലുണ്ട്. ഒരു ചെറിയ ശതമാനമേ അക്കൂട്ടരുള്ളുവെങ്കിലും കേരളത്തിലെ അരലക്ഷത്തോളം വരുന്ന സേനാംഗങ്ങളുടെ മുഖത്ത് ചെളി തെറിപ്പിക്കാന്‍ ഈ തെമ്മാടികള്‍ മതി. അവര്‍‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഒരല്പം കടത്തിപ്പറഞ്ഞാല്‍ അവരെ സേനയില്‍ നിലനിറുത്തരുത്.  അതിന് സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു മേഖലകളിലും പിന്നീടൊരിക്കലും അവരെ വിനിയോഗിക്കരുത്.

 

          അതോടൊപ്പം ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ മാനസികാരോഗ്യം പരിശോധിക്കുവാന്‍ ആവശ്യമായ നിയമനിര്‍മ്മാണമുണ്ടാകേണ്ടതും  അത്യാവശ്യമാണ്. പോലീസിന്റെ കാര്യത്തില്‍ അടിയന്തിരമായി ഇത്തരമൊരു തീരുമാനം നടപ്പിലാക്കുക തന്നെ വേണം. കാരണം നാടിന്റെ കാവല്‍ക്കാരായിട്ടുള്ളവരുടെ മാനസികാരോഗ്യനില മറ്റുള്ളവരുടേതിനെക്കാള്‍ കൂടുതല്‍ ബലവത്തായിരിക്കണം. ഒരു തവണ പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍പ്പിന്നെ ജീവിതകാലം മുഴുവന്‍ അവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരായി തുടരാന്‍ കഴിയും. കാലത്തിനനുസരിച്ച് വിവര വിജ്ഞാന മേഖലകളിലുണ്ടാകുന്ന ഒരു മാറ്റവും ഇക്കൂട്ടര്‍ക്ക് അറിയണമെന്നില്ല. മരണം വരെ പിന്നീട് കാര്യങ്ങള്‍ സുഗമമാണ്. സംസ്ഥാന സര്‍ക്കാറിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച് ജീവിക്കുന്ന ഇവരുടെ കാര്യക്ഷമതയുടെ കാര്യത്തിലും പരിശോധന വേണ്ടതല്ലേ ? അതുകൊണ്ട് അത്തരമൊരു പരിശോധന ആദ്യം തന്നെ പോലീസിന്റെ കാര്യത്തില്‍ നടപ്പിലാക്കണം. എന്നിട്ട് സേനയില്‍ തുടരാന്‍ കഴിയാത്തവരെന്ന് കണ്ടാല്‍ മറ്റു വകുപ്പുകളിലേക്ക് മാറ്റിക്കൊടുക്കുകയോ നിര്‍ബന്ധ റിട്ടയര്‍‌മെന്റ് നടപ്പിലാക്കുകയോ വേണം.

 

          വേണം. കാരണം ജനത്തിന്റെ മേല്‍ കുതിര കയറുന്ന ഒരുവനും ഒരുവളും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായിക്കൂട!

         

|| #ദിനസരികള് 119 - 2025 ആഗസ്റ്റ് 03 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍