ഒരു
മേതിലീയന്‍ ഗ്രാമചന്തയിലേക്ക് വൈകുന്നേരങ്ങളില്‍ ചാഞ്ഞുപെയ്യുന്ന മഞ്ഞവെയില്‍
നാളങ്ങളുടെ പശ്ചാത്തലത്തില്‍ അനന്തതയിലേക്ക് വിലയം കൊള്ളുന്ന ഒരു വെള്ളിത്താര
കണ്ടാല്‍ നിങ്ങള്‍ എന്തു മനസ്സിലാക്കും ? കിഴക്കുനിന്നൊരു വെള്ളില്‍പ്പറവ മിന്നല്‍പ്പിണര്‍പോലെ
പടിഞ്ഞാറോട്ട് പാഞ്ഞുപോയതിന്റെ ചിറകടയാളമാണെന്നോ ? അല്ലെങ്കില്‍ ഹതാശനായ ഒരുവന്‍ തന്റെ ആത്മാവിനെ
ഊരിയെടുത്ത് സന്ധ്യക്ക് അപ്പുറത്തേക്കുള്ള ഇരുട്ടിലേക്ക് ആഞ്ഞെറിഞ്ഞതാണെന്നോ ? ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതെങ്കില്‍ യാഥാര്‍ത്ഥ്യത്തിന്റെ
ലോകത്തിലല്ല മറിച്ച് അതിവിദൂരമായ ഒരു താരജാലത്തില്‍ പെട്ട സ്വപ്നലോകത്തിലാണ്
നിങ്ങള്‍ ജീവിക്കുന്നത് എന്നാണ് ഞാന്‍ പറയുക. കാരണം ഒരു ഒച്ച് അരിച്ചുപോയത്
മനസ്സിലാക്കാനാകുന്നില്ലെങ്കില്‍പ്പിന്നെ നിങ്ങള്‍ എന്തിനാണ് ഭൂമിയില്‍
ജീവിക്കുന്നത് ? അപ്പോള്‍ ഇനിയെങ്കിലും ‘ഒരു മേതിലീയന്‍ ഗ്രാമചന്തയിലേക്ക് വൈകുന്നേരങ്ങളില്‍
ചാഞ്ഞുപെയ്യുന്ന മഞ്ഞവെയില്‍ നാളങ്ങളുടെ പശ്ചാത്തലത്തില്‍ അനന്തതയിലേക്ക് വിലയം
കൊള്ളുന്ന ഒരു വെള്ളിത്താര കണ്ടാല്‍ ‘ അത് ഒരു ഒച്ച് അരിച്ചുപോയതാണെന്ന് മനസ്സിലാക്കുമല്ലോ ? അരിച്ചു
പിന്നിട്ടേടത്ത് വെള്ളി കത്തുന്നുണ്ട് എന്ന് മേതില്‍ പുരാണത്തിലെ ഒച്ചുകളുടെ ഗാഥ
എന്ന സര്‍ഗ്ഗത്തില്‍ നാം തെളിവുകണ്ടെത്തുന്നു.
അടിച്ചു വീര്‍പ്പിച്ച് വൃഥാസ്ഥൂലമാക്കിയ ഒരു പ്രസ്താവന
ഒച്ചുകളുടെ പഗോഡ എന്ന കുറിപ്പെഴുത്തിയ പ്രിയപ്പെട്ട ശ്രീ ആഷാമേനോന്‍
നടത്തുന്നുണ്ട്. “ ഒച്ചുകള്‍ നിന്ദിക്കപ്പെടേണ്ട സത്തകളല്ല. ഒച്ചുകള്‍ മാത്രമല്ല,
കൂറകള്‍, പഴുതാരകള്‍ , എന്നിവയൊക്കെയും ബൃഹത്തും പരസ്പരബന്ധിയുമായ ഒരു ആവാസ
വ്യവസ്ഥയുടെ ആവിഷ്കാരങ്ങളാണ് “ മേതിലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരമൊരു
മുന്നറിയിപ്പ് തികച്ചും അസ്ഥാനത്താണെന്ന് കാണാം.
കാരണം ആഷാ മേനോന്‍ പറയുന്നതുപോലെ ചിന്തിക്കുന്ന ഒരാള്‍ക്ക് മേതില്‍
വനങ്ങളിലേക്ക് പ്രവേശിക്കുക പോയിട്ട് എത്തിനോക്കുന്നതിനെക്കുറിച്ച് ആലോചിക്കുക
പോലും അസാധ്യമാണ്. തണ്ടിനെക്കുറിച്ചും പരാഗരേണുക്കളെക്കുറിച്ചും
പ്രജനനരീതികളെക്കുറിച്ചും ഇതളുകളില്‍ നിറമേറുന്നതിനെക്കുറിച്ചും പഠിക്കുന്ന ഒരു
സസ്യശാസ്ത്രജ്ഞന് പൂവ് എന്ന കോമളിമ പകരുന്ന അവാച്യാനുഭൂതികളെക്കുറിച്ച് എന്തറിയാം ? കവിത അങ്ങനെയാണ്! കാണുന്നതിലല്ല ,
കാണാത്തതിലാണ് കവിത പ്രവര്‍ത്തിക്കുന്നത്. കാണുന്നത് അയഥാര്‍ത്ഥവും കാണാത്തത്
യഥാര്‍ത്ഥ്യവുമാകുന്ന മാന്ത്രികതയാണ് കവിത.
ഒച്ചിന്റെ ഉണങ്ങിയ പശകൊണ്ട് തന്റെ പെണ്‍കുട്ടിയ്ക്ക്
വെള്ളിപ്പാദസരം തീര്‍ക്കുവാന്‍ യാഥാര്‍ത്ഥ്യത്തിന്റെ തടവുപുള്ളിയ്ക്ക് എന്നെങ്കിലും
കഴിയുമോ ? ‘ഒച്ചുകളേയും ഉറുമ്പുകളേയും ഒന്നിച്ചു നിരത്തി ഒരു ഘോഷയാത്ര ‘ സംഘടിപ്പിക്കുവാനും
ഒച്ചിന്റെ ഒരു പഗോഡയില്‍ കയറിയിരുന്ന് ബുദ്ധനൊപ്പം ധ്യാനിക്കുവാനും നിങ്ങള്‍ കേവലം
മനുഷ്യനെന്ന യാഥാര്‍ത്ഥ്യമായാല്‍ കഴിയുമോ ?
വിരലെടുത്താല്‍ തുമ്പത്തൊരു
പൂമ്പാറ്റയുണ്ടാകണമെങ്കിലോ
വിരലിനെ ഒരു പുഴുവിനെപ്പോലെ
പരിഗണിക്കാന്‍ പഠിക്കണം
ആകാശങ്ങള്‍ പോലും ഭൂമിയില്‍ നിന്ന്
പറന്നുയര്‍ന്നതാണ്
അപാരതകളുടെയെല്ലാം പുഴുക്കള്‍ ഉണ്ടായിരുന്ന
കൊക്കൂണ്‍ ഭൂമിയാണ്.
അതിനകത്തൊരു പുഴുവായിരിക്കണമെങ്കില്‍
ആകാശത്തെക്കാള്‍ നിങ്ങള്‍ വലുതായിരിക്കണം
ചിറകുകള്‍ ആകാശങ്ങളെക്കാള്‍ പൊക്കമുണ്ട്
ഇതളുകള്‍ക്ക് കാറ്റിനെക്കാള്‍ വേഗമുണ്ട്
എന്റെ വിരലുകള്‍ ഇതളുകളും ചിറകുകളുമാകുന്നു
അവയ്ക്ക് ആഴങ്ങളില്‍ വേരെടുക്കുവാനും
ഉയരങ്ങളില്‍ പറക്കാനും കഴിയും !
ഉറുമ്പ്
സ്വപ്നങ്ങളില്‍ നിന്നും പൂമ്പാറ്റച്ചിറകിനെ മോഷ്ടിക്കുന്നവര്‍ക്ക് മേതില്‍ക്കാടുകളിലേക്ക്
എങ്ങനെയാണ് പ്രവേശനം സാധ്യമാകുക ?
|| #ദിനസരികള് – 122 - 2025 ആഗസ്റ്റ് 08 മനോജ് പട്ടേട്ട് ||
Comments