കലൂര്‍ ഡെന്നീസ്,  ഒരു കുറിപ്പില്‍ തിലകന്‍ തന്റെ പ്രമാണമായി കൊണ്ടുനടന്നിരുന്ന ഒരു വിശ്വാസത്തെക്കുറിച്ച് എഴുതുന്നുണ്ട് :-   ഒരു കലാകാരനെയും ഉപരോധിക്കുവാൻ ആര്‍ക്കും കഴിയില്ല.  അവന്റെ കഴിവുകളെ തടഞ്ഞുനിർത്താനുമാവില്ല.  കല കടലുപോലെയാണ്.  അത് അനന്തമായി നീണ്ടുകിടക്കുകയാണ്.  ചരിത്രം അതാണ് പറഞ്ഞിട്ടുള്ളത്.  അത് വാക്കുകളിലൂടെ, എഴുത്തിലൂടെ, പുസ്തകത്തിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും.കേള്‍ക്കുമ്പോള്‍ അര്‍ത്ഥവത്തായ ഒരു പ്രസ്താവന എന്ന് കൈയ്യടിക്കാന്‍ തോന്നുമെങ്കിലും തികച്ചും അസംബന്ധമാണതെന്ന് ഒന്നുകൂടി ആലോചിച്ചാല്‍ മനസ്സിലാകാതിരിക്കില്ല. കാരണം ഓരോ കലാകാരനും ഓരോ തുരുത്തുകളാണ്. എത്ര സാമൂഹ്യപ്രാധാന്യമുള്ള വിഷയമാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും അത് പുറപ്പെട്ടുപോരേണ്ടത് അവന്റെ മനസ്സില്‍ നിന്നുതന്നെയാണ്. അതുകൊണ്ടുതന്നെ അവന്റെ കല അവതരിപ്പിക്കപ്പെടേണ്ടതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരു തടസ്സവുമില്ലാതെ ഒരുക്കപ്പെടണം. എന്നാല്‍ ഉപരോധങ്ങള്‍‌കൊണ്ടും വിലക്കുകള്‍‌കൊണ്ടും അത്തരത്തിലുള്ള അവസരങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ നാം നേരത്തെ കണ്ട ഗീര്‍വാണങ്ങളെക്കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് കല ആവിഷ്കരിക്കുവാന്‍ തടസ്സമില്ലാത്ത , ഭയമില്ലാത്ത സാഹചര്യം നിലനില്ക്കണമെന്നത് ഉറപ്പാക്കേണ്ടത് , ജനാധിപത്യ ജനസമൂഹത്തിന്റെ ബാധ്യതയാണ്.

         

          ഈ പറഞ്ഞ തിലകന്റെ കാര്യം തന്നെ നോക്കുക. താരാധിപത്യത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ സംഘടനായ A.M.M.A യില്‍ നിന്നു  ആജീവനാന്തം വിലക്കുനേരിട്ട ഒരു മഹാനടനാണ് അദ്ദേഹം. വിലക്കു പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഞാന്‍ നാടകത്തില്‍ അഭിനയിച്ചും സംവിധാനം ചെയ്തും ജീവിക്കും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ തിലകന്‍ എങ്ങനെയ ജീവിക്കുന്നുവെന്നതല്ല. ജീവിക്കുവാന്‍ സിനിമയില്‍ അഭിനയിക്കണമെന്നോ നാടകം സംവിധാനം ചെയ്യണം എന്നോ ഒന്നുമില്ല. എന്നാല്‍ ഒരു നടന്‍ , അല്ലെങ്കില്‍ ഒരു തൂമ്പാപ്പണിക്കാരന്‍ തന്റെ മേഖലയില്‍ നിന്നും ബലമായി മാറ്റിനിറുത്തപ്പെടുന്നതിനു പിന്നിലെ ജനാധിപത്യ വിരുദ്ധതയാണ് എന്റെ ഉന്നം. അത് ഒരിക്കലും അനുവദിച്ചുകൂടാത്ത ഫാസിസ്റ്റ് പ്രവണതയാണ്. തിലകനെപ്പോലെയുള്ള ഒരു നടന് ഇത്രയും ഭീകരമായ ഒറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ സ്ഥാപിത കുറ്റവാളി സംഘടനകളോട് പോരാടാന്‍ ശ്രമിക്കുന്ന പ്രായേണ പുതുമുഖമായിട്ടുള്ളവര്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിയുമോ ? സിനിമാ മേഖലകളിലെ സ്ത്രീവിരുദ്ധതകളോട് , ലൈംഗിക ചൂഷണങ്ങളോട് ഒക്കെ പ്രതികരിച്ചതിന്റെ പേരില്‍ നിരവധിയായ അവസരങ്ങള്‍ നഷ്ടപ്പെട്ട പാര്‍വ്വതി തിരുവോത്ത് അടക്കമുള്ള ധാരാളം നടിമാരെ നമുക്കറിയാം.

         

ഇത്രയും സൂചിപ്പിച്ചത് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് സാന്ദ്രാ തോമസ് എന്ന നിര്‍മ്മാതാവ് നേരിടുന്ന സംഘടിതമായ വെല്ലുവിളികളെക്കുറിച്ച് സൂചിപ്പിക്കുവാനാണ്. ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ നല്കിയ നോമിനേഷനാണ് പ്രതികാര നടപടികളുടെ ഭാഗമായി ഇപ്പോള്‍ തള്ളപ്പെട്ടത്. എന്നാല്‍ മമ്മൂട്ടിയുടെ ഇടപെടലുമായി ബന്ധപ്പെട്ട് സാന്ദ്രയുടെ ഒരു വെളിപ്പെടുത്തലാണ് നമ്മെ ഏറെ ആശങ്കപ്പെടുത്തേണ്ടത്. അസോസിയേഷനുമായി ബന്ധപ്പെട്ട് സാന്ദ്രയെ ഉപദേശിക്കാന്‍ മമ്മൂട്ടി വിളിച്ചിരുന്നുവത്രേ ! കേസുമായി മുന്നോട്ടു പോകരുതെന്നായിരുന്നു മമ്മൂട്ടിയുടെ ആവശ്യം ! അപ്പോള്‍ അങ്ങയുടെ മകള്‍ക്കാണ് ഇങ്ങനെയൊരു ഗതിയുണ്ടായതെങ്കില്‍ അങ്ങ് എങ്ങനെ പ്രതികരിക്കും എന്നായിരുന്നു സാന്ദ്രയുടെ തിരിച്ചുള്ള ചോദ്യം. ശരി എന്നാല്‍ സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടുചെയ്തുവത്രേ ! ഇവിടെ വരെ നമുക്ക് മമ്മൂട്ടിയുടെ ഇടപെടില്‍ അസ്വാഭാവികതയൊന്നും കാണാന്‍ കഴിയില്ല. എന്നാല്‍ അതിനുശേഷം അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്ന സാന്ദ്രയുടെ ഒരു പടത്തില്‍ നിന്നും പിന്‍മാറി എന്നറിയുമ്പോഴാണ് ആ ഇടപെടലിലെ നിഷ്കളങ്കതനമുക്ക് ബോധ്യമാകുക.

 

മമ്മൂട്ടിയെപ്പോലെയുള്ള ഒരു ഇതിഹാസ താരത്തിനും മുട്ടിലിഴയേണ്ടി വരുന്നതാണ് ഈ മേഖലയെങ്കില്‍ ഇനി എങ്ങനെയാണ് അവിടെ കാറ്റും വെളിച്ചവും കടക്കുന്ന തുറസ്സുകളുണ്ടാകുന്നത് ? കുറച്ചു പ്രമാണിമാര്‍ ചേര്‍ന്നാല്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യത്തിന് ഇനിയാരാണ് കൂച്ചുവിലങ്ങിടുക ? പ്രതീക്ഷ സര്‍ക്കാറിലാണ്. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ എല്ലാത്തരം വിലക്കുകളും ഇല്ലാതാകണം. തുറന്ന മനസ്സോടെ പറയാനും കേള്‍ക്കാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഹേമ റിപ്പോര്‍ട്ട് ഫലവത്തായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതിരുന്നതിന്റെ തിക്തഫലമാണ് സിനിമാ മേഖല

 

 

|| #ദിനസരികള് 122 - 2025 ആഗസ്റ്റ് 07 മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്