സാനുമാസ്റ്റര്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്താണ് അദ്ദേഹം എന്നില്‍ അവശേഷിപ്പിച്ചത് എന്ന് വെറുതെയൊന്ന് ആലോചിച്ചുനോക്കി. സത്യം പറയട്ടെ അദ്ദേഹത്തിന്റെ സാഹിത്യ പുസ്തകങ്ങളോ നിലപാടുകളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ എന്റെ മനസ്സിലേക്ക് വന്നില്ല. എന്റെ വായനയുടെ കുഴപ്പം എന്നല്ലാതെ എന്തു പറയാന്‍ ? സാഹിത്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയതൊന്നും വായിച്ചിട്ടില്ല എന്നല്ല, മറിച്ച് ഏറ്റവും കുറച്ചാണ് മനസ്സില്‍ തങ്ങി നില്ക്കുന്നത് എന്നതാണ് സൂചിപ്പിച്ചത്. സാഹിത്യവുമായി ബന്ധപ്പെട്ട് ആകെ മനസ്സിലേക്ക് വന്ന ഒരു പുസ്തകം ഏതോ കാലത്ത് വായിച്ചു വെച്ച കാവ്യതത്വപ്രവേശികയാണ്. ആഞ്ഞു തപ്പിയാല്‍ എന്റെ ലൈബ്രറിയില്‍ ആ പുസ്തകം കണ്ടേക്കാം. അപ്പോള്‍ സാഹിത്യവുമായി ബന്ധപ്പെട്ട എഴുത്തുകളിലൂടെയല്ല സാനുമാസ്റ്റര്‍ എന്നില്‍ ജീവിക്കുന്നത് എന്ന് ഞാനുറപ്പിച്ചു.

 

          അപ്പോള്‍പ്പിന്നെ എം കെ സാനു എനിക്കെന്താണ് ? ആ പേരു കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഒന്നാമതായി ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകമാണ്. അദ്ദേഹം എഴുതിയ ജീവചരിത്രങ്ങള്‍ വേറെയുമുണ്ട്. ശ്രീനാരായണ ഗുരു, എം ഗോവിന്ദന്‍ , കുമാരനാശാന്‍ , വൈലോപ്പിള്ളി മുതലായ മഹാരഥന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഏവരേയും ആകര്‍ഷിക്കുന്ന പാരായണക്ഷമതയുള്ളതാണ് , നമുക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ നിന്നെല്ലാം വേറിട്ടു നില്ക്കുന്ന ഒന്നായി എനിക്കു തോന്നിയിട്ടുള്ളത് ചങ്ങമ്പുഴയുടെ ജീവചരിത്രമാണ്.

 

          അതിന് ഒരു കാരണം , മലയാളികള്‍ക്ക് ചങ്ങമ്പുഴയോടുള്ള അത്ഭുതാതിരേകങ്ങളാണ് എന്നാണ് ഞാന്‍ കരുതുന്നത്. നാളതുവരെ നാം അനുഭവിക്കാത്ത ഒരു ഭാവലോകത്തേക്ക് നമ്മെ ആനയിക്കുകയും തന്റെ മണിവീണ മീട്ടി ഗന്ധര്‍വ്വ ഗാനത്തിന്റെ നാദമധുരിമ അനുഭവിപ്പിക്കുകയും ചെയ്ത ചങ്ങമ്പുഴ , ഒരു പക്ഷേ മലയാളത്തിലെ മറ്റേതൊരു കവിയെക്കാളും നമ്മുടെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അതൊരു പ്രധാന കാരണമായിരിക്കേത്തന്നെ അതിമനോഹരമായി ചങ്ങമ്പുഴയെ അവതരിപ്പിക്കുവാന്‍ ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകത്തിലൂടെ സാനു മാസ്റ്ററിന് കഴിഞ്ഞുവെന്നതും പുസ്കകത്തിന്റെ പ്രസക്തിയ്ക്കും പ്രശസ്തിക്കും കാരണമായി. എനിക്ക് ചങ്ങമ്പുഴയെക്കാള്‍ ഏറെ പ്രിയപ്പെട്ട കവി വൈലോപ്പിള്ളിയാണ്. എന്നിട്ടും അദ്ദേഹത്തെക്കുറിച്ച് സാനുമാസ്റ്റര്‍ എഴുതിയ പുസ്തകത്തെക്കാള്‍ പ്രിയതരമായത് ചങ്ങമ്പുഴയെക്കുറിച്ചുള്ളതാണ്. ചങ്ങമ്പുഴയ്ക്ക് നമ്മുടെ മനസ്സിലുള്ള സ്ഥാനം ഒരല്പം വൈകാരികമാണ് എന്നതാണ് കാരണമെന്ന് ഞാന്‍ കരുതുന്നു.

 

          നമ്മുടെ കവികളില്‍ ആദ്യമായി സ്വയം പിശാചെന്ന് വിശേഷിപ്പിച്ച ഒരാള്‍ ചങ്ങമ്പുഴയാണ്. ആ നിഷേധാത്മകത പുറപ്പെട്ടുപോരുന്നതാകട്ടെ ആഴമേറിയ നിരാശയില്‍ നിന്നുമാണ്. എത്ര പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ നിന്നും വേദനയുടെ ഒരു കനല്‍വഴി തന്നിലേക്ക് എത്തിച്ചേരുന്നുണ്ടെന്ന് ചങ്ങമ്പുഴ എപ്പോഴും കരുതിയിരുന്നു. വിടര്‍ന്നു പരിമളം പരത്തി നിറവെയില്‍ വിലസി നില്ക്കുന്ന പനിനീര്‍പ്പൂവിനെ കാണുമ്പോള്‍ അതില്‍ ആനന്ദിക്കാതെ അത് പൊഴിഞ്ഞു വീഴുന്നതിനെക്കുറിച്ചും മണ്ണിലടിഞ്ഞലിഞ്ഞി തീരുന്നതിനെക്കുറിച്ചുമൊക്കെ ചിന്തിച്ച് വേദനകളെ ആവാഹിക്കുന്ന ആ പ്രകൃതം നമുക്ക് , മലയാളികള്‍ക്ക് എക്കാലത്തേയും അത്ഭുതമാണ്.

          പാടും പിശാചിനെപ്പൂമാല ചാര്‍ത്തുന്നു

          മൂഝപ്രപഞ്ചമേ , സാദരം നീ എന്നും

കിന്നരനായി ജ്ജനിച്ചവനാണു ഞാ

നെന്നെപ്പിശാചാക്കി മാറ്റി ലോകം  - എന്നുമൊക്കെയുള്ള പരിദേവനങ്ങള്‍ നാം എത്രയോ കേട്ടിരിക്കുന്നു. അതേ സമയം തന്നെ ജീവിതത്തെ , അത് അനുവദിച്ചു നല്കിയ സൌകുമാര്യങ്ങളെ കൈകൂപ്പി സ്വീകരിക്കുന്ന ചങ്ങമ്പുഴയേയും നാം കണ്ടിട്ടുണ്ട്. അദ്ദേഹത്തിലെ ഈ വൈരുധ്യങ്ങളേയും ജീവിതദര്‍ശനങ്ങളേയും സമര്‍ത്ഥമായി സന്നിവേശിപ്പിക്കാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കണം ഈ പുസ്തകത്തോട് കൂടുതല്‍ മമത തോന്നിപ്പോകുന്നത്.

 

|| #ദിനസരികള് 121 - 2025 ആഗസ്റ്റ് 05 മനോജ് പട്ടേട്ട് ||

 

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്